ചാരപ്പാട്ടുകുന്ന് ഇടിച്ചുനിരത്തി തട്ടുകളാക്കുന്നു To advertise here, മൂവാറ്റുപുഴ : പായിപ്ര പഞ്ചായത്തിലെ ചാരപ്പാട്ടുകുന്ന് ഇടിച്ചുനിരത്തുന്നു. പരാതിയെത്തുടർന്ന് മുളവൂർ വില്ലേജ് ഓഫീസറും മൂവാറ്റുപുഴ പോലീസും സ്ഥലത്തെത്തി മണ്ണിളക്കുന്നത് തടഞ്ഞു. സ്വകാര്യ വ്യക്തിയുടെ ഒരേക്കർ വരുന്ന നല്ല ഉയരമുള്ള കുന്നാണ് ഇടിച്ചുനിരത്തി പല തട്ടുകളാക്കുന്നത്. ഇളകിയ മണ്ണുള്ള ഇവിടെ മഴക്കാലമെത്തിയാൽ ഇടിയാനുള്ള സാധ്യത വളരെയേറെയാണ്. പരിസ്ഥിതിലോല പ്രദേശത്തിന്റെ സവിശേഷതകളുള്ള പ്രദേശത്ത് അനുമതിയൊന്നുമില്ലാതെയാണ് യന്ത്രങ്ങളുപയോഗിച്ച് രൂപമാറ്റം വരുത്തുന്നത്. പഞ്ചായത്തിൽ നിന്നോ, റവന്യൂ വകുപ്പിൽ നിന്നോ അനുമതിയില്ല. മണ്ണിളക്കുന്നത് നിർത്തിവെക്കുന്നത് അറിയിക്കാനും അപകടകരമാണെന്നും കാണിച്ച് ആർഡിഒയ്ക്ക് റിപ്പോർട്ട് നൽകാനുമാണ് വില്ലേജ് തല തീരുമാനം. ഇവിടെനിന്ന് മണ്ണ് പുറത്തേക്ക് കൊണ്ടുപോയിട്ടില്ല. പായിപ്ര പഞ്ചായത്ത് 24-ാം വാർഡിൽ തൃക്കളത്തൂർ ചാരപ്പാട്ട് റോഡിൽനിന്ന് പായിപ്രയ്ക്ക് കയറുന്ന ഭാഗത്തുള്ള കുന്നിന്റെ ഇടതുവശത്താണ് മണ്ണിളക്കൽ നടക്കുന്നത്. ഇതിനു താഴെ വീടുകളുമുണ്ട്. എടക്കാട്ടുകുടി ജോണിയുടെ വീടാണ് ഏറ്റവും അടുത്തുള്ളത്. മണ്ണിടിഞ്ഞാൽ പ്രതിസന്ധിയാലാകാവുന്ന ദൂരത്തിൽ മന്നേക്കാട്ടുകുടി ജോസ്, കുഞ്ഞൗസേഫ് എന്നിവരുടെ വീടുകളുമുണ്ട്. മണ്ണുനിരത്തിയും കുഴിച്ചും നിരപ്പാക്കിയശേഷം വലിയ ഉയരത്തിൽ കരിങ്കല്ല് കെട്ടാനുള്ള നീക്കവും നടക്കുന്നുണ്ട്. 400 അടിയോളം ഉയരത്തിലാണ് കുന്ന് നിൽക്കുന്നത്. കുന്നിന്റെ മറുവശത്തുകൂടിയുള്ള വഴിയിലൂടെയാണ് മണ്ണുമാന്തിയന്ത്രമടക്കമുള്ള വാഹനങ്ങൾ എത്തുന്നത്. കരിങ്കല്ലുകളും മണ്ണിനെ പിടിച്ചുനിർത്തിയിരുന്ന കല്ലുകളും ആദ്യം നീക്കംചെയ്തെന്നും മഴക്കാലത്ത് വലിയ അപകടത്തിനിടയാക്കുന്നതാണ് നടപടിയെന്നും സ്ഥലവാസികൾ പരാതിപ്പെടുന്നു. പായിപ്ര ചാരപ്പാട്ടുകുന്നിൽ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണിളക്കുന്ന ദൃശ്യം Published: 04 Jan 2026, 03:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
