പന്നിവിഴയിലെ ദുരിതം മാറാൻ നടപടി വേണം To advertise here, അടൂർ : ശ്രീമൂലം-പന്നിവിഴ റോഡിൽ ഓൾ സെയ്ന്റ്സ് സ്കൂളിനുസമീപത്തെ റോഡിൽകൂടി മഴക്കാലത്ത് നടന്നുപോകാൻ കഴിയില്ല. കാരണം മഴക്കാലത്ത് റോഡിൽ നിറയെ വെള്ളക്കെട്ടാണ്. നാട്ടിൽ വികസം വന്നു എന്നുപറയുന്ന ജനപ്രതിനിധികളും അണികളും ഈ റോഡിന്റെ ദുരിതാവസ്ഥ കണ്ട മട്ടില്ല. എല്ലാ മഴക്കാലത്തും ശ്രീമൂലം-പന്നിവിഴ റോഡിൽ ഇതാണ് അവസ്ഥ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ റോഡിൽ വെള്ളം കെട്ടിക്കിടന്നു. ഇരുചക്രവാഹനങ്ങൾ പ്രയാസപ്പെട്ടാണ് കടന്നുപോയത്. റോഡിന്റെ ഒരുഭാഗത്ത് തോടാണ്. എന്നാൽ, റോഡിലെ വെള്ളം ഈ തോട്ടിലേക്ക് ഒഴുകാറില്ല. തോടിന്റെ എതിർഭാഗത്തേക്ക് താഴ്ന്നാണ് റോഡ് കിടക്കുന്നത്. ഇതാണ് വെള്ളം തോട്ടിലേക്ക് ഒഴുകാത്തതെന്നാണ് നാട്ടുകാർ പറയുന്നത്. ശക്തമായ മഴ സമയത്ത് തോട് കര കവിഞ്ഞ് റോഡിലേക്കും എത്താറുണ്ട്. ഇത്തരം സാഹചര്യത്തിൽ വെള്ളം സമീപത്തെ പുരയിടത്തിലേക്കും എത്തും. ഈ തോടിന്റെ കരയിൽ ഒരു സ്വകാര്യ സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് കാരണം സ്കൂളിലേക്ക് നടന്നുവരുന്ന കുട്ടികൾക്ക് ഏറെ പ്രയാസമാണ്. അടൂർ നഗത്തിൽനിന്ന് വലിയ തിരക്കിൽപ്പെടാതെ വാഹനങ്ങൾ അടൂർ-പത്തനംതിട്ട റോഡിലേക്ക് പ്രവേശിക്കുന്ന എളുപ്പവഴിയാണ് ശ്രീമൂലം-പന്നിവിഴ റോഡ്. ടൗണിൽ ഗതാഗതതടസ്സം ഉണ്ടാകുമ്പോൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ തിരിച്ചുവിടുന്ന റോഡുമാണിത്. വർഷങ്ങളായി തകർന്നുകിടന്ന റോഡിൽ ഒന്നര വർഷം മുൻപ് നഗരസഭ ചില ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നു. എന്നാൽ, ഇതിൽ പലയിടത്തും ഒട്ടേറെ പോരായ്മകൾ ഉണ്ടായി. കൂടാതെ റോഡ് പൂർണമായും ടാറിങ് നടത്താതെ കുഴിയുള്ള ഭാഗങ്ങൾ മാത്രം ഭാഗികമായി മാത്രം അടച്ചു പോകുകയായിരുന്നുചെയ്തത്. ഇത്തരം പ്രായോഗികമല്ലാത്ത അറ്റകുറ്റപ്പണികളാണ് റോഡിന്റെ താഴ്ച തോടിന് എതിർവശത്താകാൻ കാരണം. റോഡ് നന്നാക്കണം ശ്രീമൂലം-പന്നിവിഴ റോഡിലെ വെള്ളക്കെട്ട് മാറണമെങ്കിൽ അത്യാധുനിക രീതിയിൽ റോഡ് പുതുക്കി പണിയണമെന്ന നിർദേശമാണ് നാട്ടുകാർ മുന്നോട്ടുവയ്ക്കുന്നത്. റോഡിൽ വീഴുന്ന വെള്ളം ഓടയിലേക്ക് പോകുന്ന രീതിയിൽ ക്രമീകരണം ഉണ്ടാക്കണം. കൂടാതെ നിലവിൽ റോഡിന്റെ പല ഭാഗത്തും കുണ്ടും കുഴിയുമാണ്. ഇത് പരിഹരിക്കണം. നിലവിൽ ശ്രീമൂലം ചന്ത ജങ്ഷനിൽനിന്ന് ആരംഭിച്ച് ഓൾസെയ്ന്റ്സ് സ്കൂൾ ജങ്ഷൻ വരെ റോഡ് പൂർണമായും തകർന്നുകിടക്കുകയാണ്. തോട് നവീകരിക്കണം കനത്ത മഴ പെയ്താൽ തോട്ടിലെ വെള്ളം പുറത്തേക്ക് വരുന്നതിന് കാരണം തോട് നവീകരിക്കാത്തതാണ്. തോട്ടിൽ പലയിടത്തും മണ്ണും ചെളിയും അടിഞ്ഞുകൂടിയിട്ടുണ്ട്. റോഡിനൊപ്പം തോടും കൂടി നവീകരിക്കണം -എം. ഹരി, ഹരിചന്ദനം, പന്നിവിഴ
