മലപ്പുറം: സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലിംലീഗിലുണ്ടായ അതൃപ്തി മുതലെടുക്കാൻ സിപിഎമ്മും ഇടതുമുന്നണിയും. മുസ്ലിംലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ വിമർശനമുന്നയിച്ച ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണി ഉൾപ്പെടെയുള്ളവരെ ഇടതുസ്വതന്ത്രരാക്കി മത്സരിപ്പിക്കാനാണ് സിപിഎമ്മിന്റെയും മുന്നണിയുടെയും നീക്കം. ഇതിനായുള്ള ചർച്ചകളും മറ്റും അണിയറയിൽ പുരോഗമിക്കുകയാണെന്നാണ് സൂചന. To advertise here, അബ്ദുറഹിമാൻ രണ്ടത്താണിയെ സിപിഎം ഇതിനകം തന്നെ സമീപിച്ചതായി വിവരങ്ങളുണ്ട്. തിരൂരിലോ താനൂരിലോ അബ്ദുറഹിമാൻ രണ്ടത്താണിയെ മത്സരിപ്പിച്ചേക്കുമെന്നായിരുന്നു സൂചന. എന്നാൽ, തിരൂരങ്ങാടിയിൽ മത്സരിക്കാനാണ് താത്പര്യമെന്നാണ് രണ്ടത്താണി സിപിഎമ്മിനെ അറിയിച്ചതെന്നും സൂചനയുണ്ട്. തിരൂരങ്ങാടി നിലവിൽ സിപിഐയുടെ സീറ്റാണ്. നിലവിൽ മണ്ഡലത്തിൽ അജിത് കൊളാടിയെ സിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയുംചെയ്തിട്ടുണ്ട്. എന്നാൽ, പുതിയ സാഹചര്യത്തിൽ തിരൂരങ്ങാടി സീറ്റ് വിട്ടുനൽകാൻ സിപിഎം സിപിഐയോട് അഭ്യർഥിച്ചേക്കുമെന്നാണ് സൂചന. സിപിഐ വിട്ടുനൽകാൻ തയ്യാറായാൽ അബ്ദുറഹിമാൻ രണ്ടത്താണി ഇവിടെ ഇടതുസ്വതന്ത്രനായി മത്സരിച്ചേക്കുമെന്നും കരുതുന്നു. എൽഡിഎഫ് സ്ഥാനാർഥിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രണ്ടത്താണി നേരത്തെ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ഇതേക്കുറിച്ച് ഇനി പ്രതികരിക്കാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിപിഎം നേതാക്കളുമായി സംസാരിച്ചോ എന്ന ചോദ്യത്തിന് പല സിപിഎം നേതാക്കളുമായും തനിക്ക് സൗഹൃദമുണ്ടല്ലോ എന്നാണ് അദ്ദേഹം മറുപടി നൽകിയത്. അതിനിടെ, മുസ്ലിംലീഗിന്റെ മറ്റൊരു സംസ്ഥാന സെക്രട്ടറിയായ ഷാഫി ചാലിയത്തെയും ഇടതുമുന്നണി സമീപിച്ചതായും ചില റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ സ്ഥിരീകരണങ്ങളില്ല. വള്ളിക്കുന്നിൽ ഷാഫി ചാലിയത്തെ ഇടതുസ്വതന്ത്രനായി മത്സരിപ്പിക്കാനാണ് ഇടതിന്റെ നീക്കമെന്നാണ് ചില റിപ്പോർട്ടുകളുണ്ടായിരുന്നത്. എൽഡിഎഫ് ക്ഷണത്തോട് ഷാഫി ചാലിയം അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന. പക്ഷേ, കഴിഞ്ഞദിവസം ലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പുതിയ സ്ഥാനാർഥികളെ അഭിനന്ദിച്ചും മികവുറ്റ സ്ഥാനാർഥി പട്ടികയാണെന്നും ഷാഫി ചാലിയം ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. സ്ഥാനാർഥികൾക്ക് അദ്ദേഹം വിജയാശംസകൾ നേരുകയുംചെയ്തിരുന്നു. വള്ളിക്കുന്നിൽ ഐഎൻഎല്ലാണ് ഇടതുമുന്നണിയിൽ കഴിഞ്ഞതവണയെല്ലാം മത്സരിച്ചിരുന്നത്. താനൂരിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ച മന്ത്രി വി. അബ്ദുറഹിമാനെ തിരൂരിലേക്ക് മാറ്റിയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. താനൂരിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചിരുന്ന അദ്ദേഹം, മണ്ഡലത്തിൽ ഇതുവരെ പ്രചാരണം തുടങ്ങാതിരുന്നതും നേരത്തേ ചർച്ചയായിരുന്നു. വി. അബ്ദുറഹിമാൻ തന്റെ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് ഇദ്ദേഹത്തെ തിരൂരിലേക്ക് മാറ്റാൻ തീരുമാനമായതെന്നറിയുന്നു. അതേസമയം, താനൂരിൽ മുസ്തഫ വടശ്ശേരിയെ ഇടതുസ്ഥാനാർഥിയായി പരിഗണിക്കുന്നുണ്ടെന്നും സൂചനയുണ്ട്. പട്ടാമ്പിയിൽ സീറ്റ് നിഷേധിച്ച മലപ്പുറം ജില്ലയിലെ ഒരു യൂത്ത് കോൺഗ്രസ് നേതാവിനെയും ഇടതുമുന്നണി സമീപിച്ചതായും സൂചനകളുണ്ട്. മലപ്പുറം ജില്ലയിൽ നേരത്തേയും സിപിഎം നടത്തിയ സ്വതന്ത്രപരീക്ഷണങ്ങൾ പലതവണ വിജയിച്ചിട്ടുണ്ട്. 2006-ൽ മുസ്ലിംലീഗിൽനിന്നെത്തിയ കെ.ടി. ജലീലിനെ കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ മത്സരിപ്പിച്ചതാണ് ഇതിലെ സുപ്രധാനനീക്കം. 2006-ൽ കുറ്റിപ്പുറത്ത് ഇടതുസ്വതന്ത്രനായി മത്സരിച്ച കെ.ടി. ജലീൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ അട്ടിമറിജയം നേടി. പിന്നീട് അദ്ദേഹം തവനൂർ മണ്ഡലം രൂപവത്കരിച്ചപ്പോളും എൽഡിഎഫ് സ്ഥാനാർഥിയായി തുടർച്ചയായി മൂന്നുതവണ നിയമസഭയിലെത്തി. 2016-ൽ ലീഗിന്റെ ഉരുക്കുകോട്ടയായിരുന്ന താനൂരൂം എൽഡിഎഫ് പിടിച്ചെടുത്തത് സ്വതന്ത്ര പരീക്ഷണത്തിലൂടെയായിരുന്നു. മുൻ കോൺഗ്രസ് നേതാവായ വി. അബ്ദുറഹിമാനാണ് 2016-ൽ അബ്ദുറഹിമാൻ രണ്ടത്താണിയെ പരാജയപ്പെടുത്തി ആദ്യമായി താനൂരിൽ ചുവപ്പുകൊടി നാട്ടിയത്. ഇടതുസ്വതന്ത്രനായി മത്സരിച്ച വി. അബ്ദുറഹിമാൻ 2021-ലും താനൂരിൽ വിജയിച്ചു. നിലമ്പൂരിൽ കോൺഗ്രസിൽനിന്നെത്തിയ പി.വി. അൻവറിനെയും ഇടതുസ്വതന്ത്രനായി മത്സരിപ്പിച്ചിരുന്നു. നിലമ്പൂരിൽ പി.വി. അൻവറും ഇടതുസ്വതന്ത്രനായി വിജയിച്ച് നിയമസഭയിലെത്തി. Content Highlights: LDF is targeting disgruntled Muslim League leaders to contest as independent candidates., Abdurahiman Randathani is being approached for Tirurangadi or Tirur constituencies., Shafi Chaliyam is also rumored to be in talks for the Vallikunnu seat., Historical context of successful LDF independent experiments in Malappuram (KT Jaleel, PV Anvar)., Potential reshuffling of existing LDF candidates like V. Abdurahiman to strengthen winnability. Published: 18 Mar 2026, 05:19 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.