അടിപ്പാത നിർമാണം ഇഴഞ്ഞുതന്നെ To advertise here, കൊരട്ടി : കരാർ കാലാവധി കഴിഞ്ഞിട്ടും അടിപ്പാത നിർമാണം പാതിവഴിയിൽ തന്നെ. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് മുൻനിർത്തി സുപ്രീം കോടതിയുൾപ്പെടെ നടത്തിയ അന്ത്യശാസനവും ഫലം കണ്ടില്ല. ചിറങ്ങരയിൽ മാസങ്ങൾക്കുമുന്നേ അടിപ്പാതയുടെ പ്രധാന ബോക്സിന്റെ നിർമാണം പൂർത്തിയാക്കിയെങ്കിലും തുടർനിർമാണമാണ് എങ്ങും എത്താത്തത്. അടിപ്പാതയുടെ ഇരുവശത്തും പ്രധാന ബോക്സിന്റെ മുകൾത്തട്ട് വരെ മണ്ണിട്ട് നികത്തുന്നതും പാർശ്വഭിത്തി നിർമാണവുമാണ് നടക്കുന്നത്. പാർശ്വഭിത്തിയുടെ നിർമാണം പാതി പോലും എത്തിയിട്ടില്ല. ആദ്യ ഘട്ടത്തിൽ മുൻകൂട്ടി തയ്യാറാക്കിയ കോൺക്രീറ്റ് ഭിത്തികളെത്തിച്ച് ബന്ധിപ്പിച്ചാണ് പാർശ്വഭിത്തികളുടെ നിർമാണം. പിന്നീട് പല ഭാഗത്തെയും മുകൾത്തട്ട് നീക്കി അവിടെ കോൺക്രീറ്റ് ചെയ്യുന്ന രീതിയിലാണ് നിർമാണം. ഇത് ഉയരുന്ന നിലയിലാണ് മണ്ണ് എത്തിച്ച് റോഡ് നേരത്തേ നിർമിച്ച അടിപ്പാത ബോക്സിന്റെ ഉയരത്തിലേക്ക് എത്തിക്കേണ്ടത്. അതേസമയം നിർമാണത്തിനാവശ്യമായ മണ്ണ് എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മണ്ണിന്റെ ഗുണമേന്മയും ബലപരിശോധനയും ഉൾപ്പെടെ നടത്തിയാണ് ഒാരോ ഘട്ടവും ഉയർത്തേണ്ടത്. എന്നാൽ ഇവിടെ അത്തരം സാങ്കേതിക പരിശോധനകളൊന്നും നടക്കുന്നില്ലെന്നാണ് പരാതി. പല സ്ഥലങ്ങളിലും നിർമാണത്തിനു പിന്നാലെ പാലങ്ങൾ തകരുന്ന സ്ഥിതിയിലാണ് സമയബന്ധിതമായ പരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നത്. ചിറങ്ങരയിലാകട്ടെ അത്തരം പരിശോധനകൾ നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നിർമാണ കമ്പനിയിലെ ജീവനക്കാർക്ക് പുറമേ സാങ്കേതിക വിദഗ്ധരുടെ പരിശോധനകളും അടിപ്പാത നിർമാണങ്ങളുടെ ഭാഗമായി നടക്കുന്നില്ലെന്ന പരാതി നേരത്തേ തന്നെയുണ്ട്. മണ്ണിട്ട് അടിപ്പാത ബോക്സിനൊപ്പം ഉയർത്തുന്നതോടെ പാർശ്വഭിത്തിയുടെ ഗുണമേന്മയും ശാസ്ത്രീയവശവും പരിശോധിക്കേണ്ടതുണ്ട്. മണ്ണ് ലഭിക്കാനുള്ള പരിമിതിയും ചിറങ്ങരയിലെ അടിപ്പാത നിർമാണത്തെ ബാധിച്ചേക്കാം. ഇങ്ങനെ വന്നാൽ ചാലക്കുടി അടിപ്പാതയുടെ പണി പോലെ അനിശ്ചിതമായി നീളുമോയെന്ന ആശങ്കയും ഉണ്ട്. മേൽപ്പാലം കൊരട്ടിയിലും ഇഴയുന്നു കൊരട്ടി : കൊരട്ടിയിലെ അടിപ്പാത മൂന്ന് സ്പാനോടുകൂടിയ മേൽപ്പാലം ആയി മാറിയതോടെ പണി ആരംഭിക്കാൻ വൈകിയിരുന്നു. ജങ്ഷനിലെ തിരക്കിന് അനുസരിച്ച് ഗതാഗതം ക്രമീകരിക്കാൻ ബദൽ റോഡുകളും സജ്ജമാക്കിയിട്ടുണ്ട്. സ്പാനുകളുടെ ആവശ്യത്തിനുള്ള പൈലിങ് ആണ് ഇവിടെ നടക്കുന്നത്. ഇതാകട്ടെ പ്രാദേശിക കരാറുകാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.തുടർനിർമാണങ്ങളാണ് ഇപ്പോഴും അനിശ്ചിതത്തിൽ. മേൽപ്പാല നിർമാണത്തിനാവശ്യമായ ജോലിക്കാരോ യന്ത്രങ്ങളോ സാങ്കേതിക വിദഗ്ധരോ ഇവിടെയും ഇല്ലെന്ന പരാതിയും ശക്തമാണ്.
