തിരുവനന്തപുരം : നാടിന്റെ വളർച്ചയ്ക്കൊപ്പം സുരക്ഷിതത്വവും വേണമെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. പി.എം.ജി. ലൂർദ് ഫൊറോനാ പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലൂർദ് സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയസംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, വിദേശത്തു പോകുന്ന വിദ്യാർഥികൾ തിരിച്ചുവരുന്നില്ല. അവർക്ക് അവിടെ സുരക്ഷിതത്വം അനുഭവപ്പെടുന്നു. എന്നാൽ കേരളത്തിൽ യുവാക്കൾക്ക് സുരക്ഷിതത്വവും പ്രതീക്ഷയും ലഭിക്കുന്നില്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. രാഹുൽഗാന്ധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അഞ്ചു ഉറപ്പുകളാണ് യു.ഡി.എഫ്. സർക്കാർ വന്നാൽ നടപ്പാക്കുകയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിദേശത്തേക്കു പോകുന്ന വിദ്യാർഥികൾക്ക് സംസ്ഥാനത്തുതന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസവും ജോലിയും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയ വിരുദ്ധതയും മൈത്രിയും ജനാധിപത്യപരമായ വികസന രാഷ്ട്രീയവുമാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഏറ്റവും ഭീകരമായ രൂപം കാണിക്കുന്നത് ഭൂരിപക്ഷ വർഗീയതയാണെന്നും കോൺഗ്രസ് ഇതിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയം മാറ്റിനിർത്തേണ്ട സമയമായെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു. സർക്കാരുകളുടെ കൈയിൽ പണം ഉണ്ടെങ്കിലും പാവപ്പെട്ടവർക്ക് വീടുവെച്ചു നൽകാനുള്ള പദ്ധതികൾപോലും ഇടതുപക്ഷത്തിന്റെ മുട്ടാപ്പോക്കു നയംമൂലം ജനങ്ങൾക്ക് കിട്ടാത്ത സ്ഥിതിയാണെന്നും രാജേഷ് കുറ്റപ്പെടുത്തി. കഴിഞ്ഞ പത്തുവർഷത്തിൽ പ്രകോപനപരമായ നിരവധി സംഭവങ്ങളുണ്ടായെങ്കിലും ഒരു ഹർത്താൽപോലും പ്രഖ്യാപിക്കാത്ത പ്രതിപക്ഷമാണുണ്ടായിരുന്നതെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു. സൗഹൃദവേദി പ്രസിഡന്റ് ജയിംസ് ജോസഫ് അധ്യക്ഷനായി. ലൂർദ്പള്ളി വികാരി ജനറൽ ജോൺ തെക്കേക്കര, മാർക്കോസ് എബ്രഹാം എന്നിവർ സംസാരിച്ചു. Published: 10 Mar 2026, 01:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
