വാഗമൺ : തവളപ്പാറ വടക്കേപുരട്ടിൽ കാട്ടുതീ പടരുന്നു. ജനവാസമേഖലയിൽ മനഃപൂർവം തീയിട്ടതാണെന്ന ആരോപണവുമായി പ്രദേശവാസികൾ. മണിക്കൂറുകളോളം ആളിപ്പടർന്ന തീ, നാട്ടുകാർ ചേർന്ന് 'മറുതീ' ഇട്ടും കഠിനപ്രയത്നം നടത്തിയുമാണ് നിയന്ത്രണവിധേയമാക്കിയത്. To advertise here, നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഈ മേഖലയിൽ കാട്ടുതീ പതിവ് സംഭവമായിട്ടും അധികൃതർ കാട്ടുതീ തടയുന്നതിന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാേക്ഷപമുണ്ട്. കഴിഞ്ഞവർഷം രാത്രിയിൽ ജനങ്ങൾ ഉറങ്ങിക്കിടന്ന സമയത്തും സമാനമായ രീതിയിൽ തീവെപ്പ് ഉണ്ടായിരുന്നു. അന്ന് ഭാഗ്യംകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും, തീയിട്ടവരെ കണ്ടെത്താനോ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായുള്ള കർശന നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കൃഷിയിടങ്ങൾ നശിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി തുടരുന്ന ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് ഇവരുടെ ആവശ്യം. വേനൽ കടുത്തതോടെ വാഗമണ്ണിലെ മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളും കരിഞ്ഞുണങ്ങിയ അവസ്ഥയാണ്. കാട്ടുതീ പടരാനുള്ള സാധ്യത കൂടുതലായതിനാൽ വിനോദസഞ്ചാരികളും ആശങ്കയിലാണ്. പശുപ്പാറ അർജുനൻ മലയിലും കാട്ടുതീ അർജുനൻ മലമുകളിൽനിന്ന് പുക ഉയരുന്നതുകണ്ട് വിനോദസഞ്ചാരികൾ കൗതുകത്തോടെ നോക്കിനിന്നെങ്കിലും, ഈ മേഖലയിൽ ഒരു അഗ്നിരക്ഷാസേന യൂണിറ്റ് പോലുമില്ലാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുകയാണ്. നിലവിൽ തീപ്പിടിത്തം ഉണ്ടായാൽ കിലോമീറ്ററുകൾ അകലെയുള്ള പീരുമേട്ടിൽ നിന്ന് അഗ്നിരക്ഷാസേന എത്തണം. കിലോമീറ്ററുകളോളം തീ പടർന്നിരുന്നു. ജനവാസമേഖലയല്ലെന്നതാണ് ഏക ആശ്വാസമായത്.
