തൃശ്ശൂർ: അതിദാരുണ സംഭവത്തിനാണ് കഴിഞ്ഞ ദിവസം കേരളം സാക്ഷ്യം വഹിച്ചത്. ഒരുരാത്രികൊണ്ട് പതിമൂന്നുപേരുടെ ജീവനാണ് തൃശ്ശൂരിൽ പൊലിഞ്ഞത്. തൃശ്ശൂർ പൂരത്തിനായുള്ള പടക്കനിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ചായിരുന്നു അന്ത്യം. നിമിഷനേരം കൊണ്ട് അന്തരീക്ഷം പുകപടലത്തിൽ മൂടിയപ്പോൾ പലർക്കും എന്താണ് സംഭവിക്കുന്നതെന്ന് പോലും തിരിച്ചറിയുന്ന സാഹചര്യമായിരുന്നില്ല. പിന്നീട് രണ്ട് മണിക്കൂറോളം നിർത്താതെയുള്ള പൊട്ടിത്തെറി. ഒടുവിൽ എല്ലാം അവസാനിച്ചപ്പോൾ ഒമ്പതുപേരുടെ മൃതദേഹങ്ങൾ. 26 ഓളം മൃതദേഹാവശിഷ്ടങ്ങൾ. പത്തോളം പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ. To advertise here, പടക്കനിർമ്മാണത്തിനിടെയുള്ള പൊട്ടിത്തെറി ആയതിനാൽ മനുഷ്യ ശരീരങ്ങൾ ചിന്നിച്ചിതറുകയാണുണ്ടായത്. കിലോമീറ്ററുകൾ അകലെ വരെ സ്ഫോടനാഘാതം ഉണ്ടായി എന്ന് മാത്രമല്ല, പല കോണുകളിലേക്കും ശരീരഭാഗങ്ങൾ തെറിക്കുകയും ചെയ്തു. 26-ഓളം ശരീരാവശിഷ്ടങ്ങളാണ് ഇതുവരെ ആയി കണ്ടെത്തിയത്. ഇനി എവിടെയെങ്കിലും ഏതെങ്കിലും തരത്തിൽ ബാക്കിയുണ്ടോ എന്ന പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. ഇതിനായി, ശവശരീരങ്ങൾ കണ്ടെത്താൻ പരിശീലനം ലഭിച്ച, കെഡാവർ ഡോഗുകളേയും ആശ്രയിക്കുന്നുണ്ട്. എന്നാൽ പടക്കനിർമ്മാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറി ആയതിനാൽ, രൂക്ഷഗന്ധത്തിനിടെ കെഡാവർ ഡോഗുകൾ എത്രത്തോളം ഫലപ്രദമാണ് എന്ന സംശയം വിദഗ്ധർ ഉയർത്തുന്നുണ്ട്. മരിച്ച മനുഷ്യശരീരം, ശരീര ഭാഗങ്ങൾ, അസ്ഥികൾ തുടങ്ങിയവ മണത്തറിഞ്ഞ് കണ്ടെത്തുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച നായകളാണ് കെഡാവർ ഡോഗുകൾ. പ്രത്യേക ഇനത്തിൽപ്പെട്ട നായകളല്ല ഇവ. മറിച്ച്, ഇതിന് വേണ്ടി പരിശീലിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. കൊലപാതകക്കേസുകളിൽ ഒളിപ്പിച്ചുവെച്ച മൃതദേഹങ്ങൾ, അപകടങ്ങളിൽ കാണാതായവർ, പ്രകൃതിദുരന്തങ്ങളിൽ മണ്ണിനടിയിലോ വെള്ളത്തിനടിയിലോ അകപ്പെട്ട മൃതദേഹങ്ങൾ തുടങ്ങിയവ കണ്ടെത്തലാണ് ഇവയുടെ പ്രധാനലക്ഷ്യം. ജീർണിച്ച മാംസത്തിന്റെ മണം ഉപയോഗിച്ചാണ് ഇവയെ പരിശീലിപ്പിക്കുന്നത്. ജീവനുള്ള മനുഷ്യനെ ട്രാക്ക് ചെയ്യുന്ന നായകളിൽ നിന്ന് വ്യത്യസ്തമായി മൃതദേഹത്തിന്റെ ഗന്ധത്തിനുവേണ്ടിയുള്ള പ്രത്യേക പരിശീലമാണ് ഇവയ്ക്ക് നൽകുന്നത്. അതുകൊണ്ട് തന്നെ ജീവിച്ചിരിക്കുന്നവയെ ട്രാക്ക് ചെയ്യുക എന്നത് ഏറെ പ്രയാസകരമാണ് ഇത്തരം നായകൾക്ക്. കൊക്കയാർ, കവളപ്പാറ, പെട്ടിമുടി, മുണ്ടക്കൈ-ചൂരൽമല ദുരന്തങ്ങളിൽ ഇവയെ ഉപയോഗിച്ചിരുന്നു. ഇവയുടെ മേൽനോട്ടത്തിലായിരുന്നു അന്ന് പരിശോധന നടത്തിയത്. നൂറിലേറെ ശരീരാവശിഷ്ടങ്ങളാണ് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കെഡാവറുകൾ കണ്ടെത്തിയത്. ഇപ്പോൾ തൃശ്ശൂരിൽ പൊട്ടിത്തെറിയുടെ സാഹചര്യത്തിൽ ദൂരത്തേക്ക് തെറിച്ചുവീണ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനാണ് കൊണ്ടുവന്നിരിക്കുന്നത്. പൊതുവേ അഴുകിയ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്ന കെഡാവർ ഡോഗുകൾ തൃശ്ശൂരിലെ ദുരന്ത സാഹചര്യത്തിൽ, രൂക്ഷമായ വെടിമരുന്ന് ഗന്ധത്തിനിടെയിൽ എത്രത്തോളം ഫലപ്രദമാണ് എന്ന ചോദ്യം ഇത്തരം മേഖലയിൽ പ്രവത്തിക്കുന്നവർ ഉന്നയിക്കുന്നുണ്ട്. എന്നാൽ, സാധ്യമാകുന്നത് ദുരന്തമുഖത്ത് ചെയ്യുക എന്നതാണ് തൃശ്ശൂരിന്റെ സാഹചര്യത്തിൽ ഇപ്പോൾ കാണുന്നത്. "പ്രകൃതിദുരന്തത്തിൽപ്പെട്ടവരുടെയും മണ്ണിനടിയിൽ അഴുകിയ മൃതദേഹത്തെയും ഒക്കെ കണ്ടെത്താനാണ് കെഡാവർ ഡോഗിനെ പരിശീലിപ്പിച്ചിരിക്കുന്നത്. മരിച്ച ഉടനെ തന്നെയുള്ള ശരീരം കണ്ടെത്താനുള്ള സാധ്യത കുറവാണ്. അഴുകിയ മനുഷ്യാവശിഷ്ടങ്ങളുടെ ഗന്ധം കണ്ടെത്താനാണ് ഇവയെ പരിശീലിപ്പിക്കുന്നത്. തൃശ്ശൂർ സ്ഫോടനത്തിൽ കെഡാവർ ഡോഗിനെ ഉപയോഗിക്കുന്നത് എത്രത്തോളം ഫലപ്രദമാകും എന്നത് സംശയമുണ്ട്. ഇതിന്റെ ശാസ്ത്രീയവശം നോക്കിയ ശേഷം മാത്രമേ ബാക്കി കാര്യങ്ങൾ ചെയ്യാൻ പറ്റൂ. മൃതദേഹം അഴുകിത്തുടങ്ങിയാൽ മാത്രമേ അവയ്ക്ക് മണംപിടിച്ച് കണ്ടെത്താൻ സാധിക്കുകയുള്ളൂ. എറണാകുളത്ത് നിന്നുള്ള കെഡാവർ നായയെയാണ് ഇപ്പോൾ തൃശ്ശൂരിൽ എത്തിച്ചിരിക്കുന്നത്. ഒരാൾ കൊല്ലപ്പെട്ടു അല്ലെങ്കിൽ ആരെയെങ്കിലും ഒരാളെ കുഴിച്ചിട്ട് കുറച്ചു നാളുകൾക്ക് ശേഷം, എവിടെയാണ് കുഴിച്ചിട്ടത് എന്ന് പരിശോധിക്കാൻ ഇവയെ ഉപയോഗിക്കും. എന്നാൽ, മരിച്ചു കഴിഞ്ഞ് ഉടനെ തന്നെ മൃതദേഹത്തെ തിരിച്ചറിയുക പ്രയാസമാണ്. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണപ്പോൾ കെഡാവർ ഡോഗിനെ ഉപയാേഗിച്ചിരുന്നു. മരിച്ച ഉടനെ തന്നെ ഇവയ്ക്ക് ജഡങ്ങൾ കിട്ടിക്കൊള്ളണമെന്നില്ല. മരിച്ചു കഴിഞ്ഞ് ജീർണ്ണിച്ച് തുടങ്ങുമ്പോൾ മുതലാണ് ഇവ പ്രവർത്തനം തുടങ്ങുന്നത്. അതിന്റെ മണമാണ് അവയെ പരിശീലിപ്പിച്ചിരിക്കുന്നത്. എന്താണോ ആവശ്യം അതാണ് ആ ഡോഗിനെ പരിശീലിപ്പിച്ചിരിക്കുന്നത്. ഓരോ കണ്ടന്റിന്റേയും പഠിപ്പിക്കും. മനുഷ്യന്റെ ഗന്ധം പഠിപ്പിച്ച് കൊടുക്കുന്ന വസ്തുവിനെ ട്രാക്ക് ചെയ്താണ് പരിശീലിപ്പിക്കുന്നത്. അഴുകിയ ശരീരഭാഗങ്ങൾ സൂക്ഷിച്ച് അവയിൽ നിന്നുള്ള മണമാണ് പരിശീലന സമയത്ത് ഇവയ്ക്ക് നൽകുക. അത് പിന്തുടർന്നാണ് ജഡങ്ങൾ കണ്ടെത്തുക. തൃശ്ശൂരിലെ വെടിക്കെട്ടപകടത്തിന്റെ സാഹചര്യത്തിൽ കെഡാവർ നായകളെ ഉപയോഗിച്ച് ഇത്ര പെട്ടെന്ന് മൃതദേഹങ്ങൾ കണ്ടെത്തുക എന്നത് സാധ്യത വളരെ കുറവാണ്. മരിച്ചവരും മരിക്കാത്തവരും കാണും. സമയവും കുറവാണ്. സ്ഫോടനം നടന്നത് കഴിഞ്ഞ ദിവസം രാത്രിയാണ്. ജീവന്റെ തുടിപ്പ് ഏതെങ്കിലും ശരീരഭാഗങ്ങളിൽ ഉണ്ടോ? അഴുകിത്തുടങ്ങിയോ എന്നതിനെ ആശ്രയിച്ചിരിക്കും കെഡാവർ ഡോഗിന്റെ വിജയം. രൂക്ഷമായ മറ്റുഗന്ധങ്ങളാണ് വെടിക്കെട്ടപകടത്തിന് പിന്നാലെ അന്തരീക്ഷത്തിൽ ഉള്ളത്. അതിനകത്ത് നിന്ന് ജഡത്തിന്റെ മണം വേർതിരിച്ചെടുക്കുക പ്രയാസമാണ്. നമുക്ക് സാധ്യമായത് ചെയ്യാം എന്നേ ഉള്ളൂ. മൃതദേഹം കണ്ടെത്താനുള്ള സാധ്യത കുറവാണ്"-കെഡാവർ ഡോഗുമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ പറയുന്നു. Content Highlights: Analysis of cadaver dog efficiency amidst strong chemical/explosive odors., Scientific explanation of how cadaver dogs are trained to detect decomposition scents., Challenges of using canine units in immediate post-disaster scenarios., Insights from experts regarding the limitations of scent tracking in the Thrissur explosion site. Published: 22 Apr 2026, 01:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വെടിക്കോപ്പുകളുടെ ഗന്ധം വഴിതെറ്റിക്കുമോ കെഡാവർ നായ്ക്കളെ; അഴുകാത്ത മൃതദേഹങ്ങൾ എങ്ങനെ കണ്ടെത്തും?
M
MathrubhumiSource Link
18 days ago