വാഷിങ്ടൺ/ടെഹ്റാൻ: ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന അമേരിക്ക-ഇറാൻ നയതന്ത്ര ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നു. തങ്ങളുടെ ഭാഗത്തുനിന്ന് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇറാൻ ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. ഇറാന്റെ ഒരു പ്രതിനിധി സംഘവും ഇതുവരെ ഇസ്ലാമാബാദിലേക്ക് യാത്ര തിരിച്ചിട്ടില്ലെന്ന് അവരുടെ ഔദ്യോഗിക മാധ്യമമായ To advertise here, ഐആർഐബി അറിയിച്ചു. നാവിക ഉപരോധത്തിലൂടെ ഇറാൻ കപ്പൽ യുഎസ് പിടിച്ചെടുത്തതിന് പിന്നാലെ ഇറാനിലെ തീവ്ര നിലപാടുള്ള നേതാക്കൾ ചർച്ചകൾ പുനരാരംഭിക്കുന്നതിനെതിരെ കടുത്ത സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് വിവരം. കഴിഞ്ഞ തവണ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫാണ് ഇറാനിയൻ സംഘത്തെ നയിച്ചിരുന്നത്. എന്നാൽ ഇത്തവണ ആരായിരിക്കും നേതൃത്വം നൽകുക എന്ന കാര്യത്തിൽ ഇറാന്റെ ഭാഗത്തുനിന്ന് യാതൊരു സൂചനയുമില്ല. ഇസ്ലാമാബാദിലെ നയതന്ത്ര ഉദ്യോഗസ്ഥർ ഏത് നിമിഷവും ചർച്ചകൾ ആരംഭിക്കാനായി കാത്തിരിക്കുകയാണെങ്കിലും ഇറാനിൽ നിന്നുള്ള മറുപടി വൈകുകയാണ്. എന്നാൽ, ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി ചർച്ചകൾക്കായി പ്രതിനിധി സംഘത്തിന് പച്ചക്കൊടി കാട്ടിയതായി യുഎസ് മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. ഇത് ചർച്ചകളുടെ സാധ്യത ഇപ്പോഴും നിലനിർത്തുന്നു. നിലവിൽ ഇറാന്റെ ഭരണസംവിധാനത്തിന്റെ നിയന്ത്രണം റെവല്യൂഷണറി ഗാർഡിന്റെ കൈകളിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.റെവല്യൂഷണറി ഗാർഡ്ഭരണകൂടത്തിന്റെ നേരിട്ടുള്ള മേൽനോട്ടമില്ലാതെയാണ് പലപ്പോഴും ആക്രമണ ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. സൈനിക നടപടികളിൽ ഗാർഡിന് ലഭിച്ചിട്ടുള്ള അമിത സ്വാധീനം നയതന്ത്ര നീക്കങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നുവെന്നും വിവരമുണ്ട്. നയതന്ത്ര നീക്കങ്ങൾ ഒരു വശത്ത് നടക്കുമ്പോഴും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനകൾ ചർച്ചകളുടെ അന്തരീക്ഷം കടുപ്പിക്കുകയാണ്. ഇറാൻ ഒരു കരാറിന് തയ്യാറാകുന്നില്ലെങ്കിൽ അവരുടെ ഊർജ്ജ നിലയങ്ങൾ ലക്ഷ്യം വെക്കുമെന്ന് ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്ഫോമിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ട്രംപിന്റെ ഭീഷണികളെ ഇറാൻ പാർലമെന്റ് സ്പീക്കർശക്തമായി അപലപിച്ചു. ചർച്ചാ മേശയെ 'കീഴടങ്ങൽ മേശ'യാക്കി മാറ്റാനാണ് അമേരിക്കൻ പ്രസിഡന്റ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭീഷണിയുടെ നിഴലിൽ ചർച്ചകൾക്ക് തയ്യാറല്ലെന്നും യുദ്ധക്കളത്തിൽ ഇറക്കാൻ തങ്ങളുടെ കൈവശം പുതിയ കരുനീക്കങ്ങൾ ഉണ്ടെന്നും അദ്ദേഹം എക്സിലൂടെ മുന്നറിയിപ്പ് നൽകി. നിലവിലെ വെടിനിർത്തൽ കരാർ നീട്ടിക്കൊണ്ടുപോകാൻ സാധ്യതയില്ലെന്ന് ട്രംപ് സൂചന നൽകിയതോടെ ഇസ്ലാമാബാദ് ഉച്ചകോടി അതീവ നിർണ്ണായകമായിരിക്കുകയാണ്. വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇരുരാജ്യങ്ങളും പരസ്പരം ഭീഷണികൾ മുഴക്കുന്നത് ചർച്ചകളുടെ വിജയത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നു. Content Highlights: Iranian state TV denies delegation visit to Islamabad amid 2026 tensions. Published: 21 Apr 2026, 02:48 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
