മാന്നാർ : അസഹനീയമായ ചൂടിൽ നാടു വെന്തുരുകുമ്പോൾ മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതിമുടക്കം മാന്നാറിലെ ജനജീവിതം ദുരിതത്തിലാക്കുന്നു. രാപകൽ ഭേദമില്ലാതെ വൈദ്യുതി വന്നും പോയുമിരിക്കുന്നത് പതിവായതോടെ കെ.എസ്.ഇ.ബി.ക്കെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്. To advertise here, ചൊവ്വാഴ്ച പകൽ പലവട്ടം തടസ്സപ്പെട്ട വൈദ്യുതിവിതരണം ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെ പൂർണമായും നിലച്ചു. പിന്നീട് മണിക്കൂറുകൾക്കുശേഷം രാവിലെ ഏഴുമണിയോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ഇതിനുശേഷവും പകൽസമയങ്ങളിൽ ഒട്ടേറെത്തവണ വൈദ്യുതി മുടങ്ങി. കടുത്ത ചൂടിൽ വീടിനുള്ളിൽപ്പോലും ഇരിക്കാൻ കഴിയാതെ കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. വൈദ്യുതി തടസ്സപ്പെടുന്ന സമയങ്ങളിൽ വിവരമറിയാൻ കെ.എസ്.ഇ.ബി. ഓഫീസിലേക്കു വിളിച്ചാൽ ഫോൺ നിരന്തരം തിരക്കിലാണെന്നും ഉപഭോക്താക്കൾ പരാതിപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചയായി എൽ.ടി. ലൈനുകളിലെ ടച്ചിങ് വെട്ടിമാറ്റുന്നതിന്റെ പേരിൽ വിവിധ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ മുന്നറിയിപ്പോടെ വൈദ്യുതി മുടക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഒരറിയിപ്പുമില്ലാതെയുള്ള ഈ ദുരിതം. അതേസമയം, 33 കെ.വി. സബ്സ്റ്റേഷനിൽനിന്നുള്ള വൈദ്യുതിവിതരണം തടസ്സപ്പെട്ടതാണ് ഇപ്പോഴത്തെ നിരന്തരമായ പവർകട്ടിനു കാരണമെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു. ചെങ്ങന്നൂർ സബ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന മാന്നാറിലും പരിസരപ്രദേശങ്ങളിലും മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി. മാന്നാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി. ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്തംഗം കെ.എം. ശിവകുമാറിന്റെ നേതൃത്വത്തിൽ ബി.ജെ.പി. മാന്നാർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ആര്യദേവ് മാന്നാർ, സജീഷ് തെക്കേടം, രമേശ് എം.എം. എന്നിവരാണ് കെ.എസ്.ഇ.ബി. ഓഫീസിലെത്തി പ്രതിഷേധിച്ചത്. Published: 26 Mar 2026, 02:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
