തിരുപ്പൂർ : വെള്ളക്കോവിലിനടുത്ത് കുറുക്കാത്തി ചെക്പോസ്റ്റിൽ കാറിടിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനുൾപ്പെടെ ആറുപേർ മരിച്ചു. അതിവേഗംവന്ന ടാക്സി കാർ ചെക്പോസ്റ്റിലെ ബാരിക്കേഡിൽ ഇടിച്ചശേഷം അവിടെ നിന്ന പോലീസ് കോൺസ്റ്റബിളിനെയും ലോറി ഡ്രൈവറെയും ഇടിച്ചുവീഴ്ത്തി നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിലിടിക്കയായിരുന്നു. To advertise here, ടാക്സി കാറിൽ യാത്രചെയ്തിരുന്ന മയിലാടുംതുറൈ സ്വദേശി നരസിംഹൻ (65), ഭാര്യ എൻ. ശാന്തലക്ഷ്മി (65), മകൻ എൻ. ബാലാജി (29), ടാക്സി കാർ ഡ്രൈവർ വിരുദുനഗർ സ്വദേശി ആർ. റാം (22), പോലീസ് കോൺസ്റ്റബിൾ ധാരാപുരം സ്വദേശി പി. രവിചന്ദ്രൻ (36), ലോറി ഡ്രൈവർ കടലൂർ ജില്ലയിലെ പൻട്രുട്ടി സ്വദേശി ആർ. സെന്തിൽ (48) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ-ചിദംബരം ദേശീയപാത 81-ൽ ബുധനാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് അപകടം നടന്നത്. വിറകുമായി കരൂരിൽ നിന്നും കാങ്കയത്തിലേക്ക് പോവുകയായിരുന്ന ലോറി കുറുക്കാത്തി ചെക്പോസ്റ്റിലുള്ള ബാരിക്കേഡിൽ ഇടിക്കുകയായിരുന്നു. തുടർന്ന്, ഡ്യൂട്ടിയിലുണ്ടായിരുന്ന വെള്ളക്കോവിൽ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ രവിചന്ദ്രനും ലോറി ഡ്രൈവർ സെന്തിലും ചേർന്ന് താഴെവീണ ബാരിക്കേഡ് തിരികെ സ്ഥാപിച്ചു. അപ്പോഴാണ് അതിവേഗം കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടാക്സി കാർ ബാരിക്കേഡിൽ വീണ്ടും ഇടിച്ചതെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ആദ്യം ലോറിഡ്രൈവർ സെന്തിലിനെയും തുടർന്ന്, കോൺസ്റ്റബിൾ രവിചന്ദ്രനെയും ഇടിച്ചുവീഴ്ത്തി. രവിചന്ദ്രനെ 50 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയ കാർ സെന്തിലിന്റെ ലോറിയുടെ പിൻഭാഗത്ത് ഇടിച്ച് തകരുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിപ്പെട്ട ആറു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടം നടക്കുമ്പോൾ സബ് ഇൻസ്പെക്ടർ മനോജ് കുമാറും ഏതാനും ഹോംഗാർഡുകളും ജോലിയിലുണ്ടായിരുന്നു. മൃതദേഹങ്ങൾ തിരുപ്പൂരിലെ സർക്കാർ മെഡിക്കൽ ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി. മരിച്ച കോൺസ്റ്റബിൾ രവിചന്ദ്രൻ 2013-ലാണ് പോലീസ് സേനയിൽ ചേർന്നത്. ഭാര്യ പ്രിയദർശിനി, നക്ഷത്രൻ (ഏഴ്), നളവെമ്പ (അഞ്ച്) എന്നിവരാണ് മക്കൾ. കാങ്കയം അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് അർപ്പിത രജപുതിന്റെ നേതൃത്വത്തിൽ അപകടത്തിൽ അന്വേഷണം ആരംഭിച്ചു. കോയമ്പത്തൂർ റേഞ്ച് ഡി.ഐ.ജി. പി. സാമിനാഥൻ, കോയമ്പത്തൂർ എസ്.പി. കാർത്തികേയൻ എന്നിവർ സംഭവസ്ഥലത്ത് പരിശോധന നടത്തി. സഹായധനം പ്രഖ്യാപിച്ചു അപകടത്തിൽ മരിച്ച പോലീസ് കോൺസ്റ്റബിൾ ധാരാപുരം സ്വദേശി പി. രവിചന്ദ്രന് 30 ലക്ഷവും മറ്റുള്ളവർക്ക് മൂന്നു ലക്ഷം വീതവും സർക്കാർ സഹായധനം പ്രഖ്യാപിച്ചു
