വൈക്കം : വൈക്കം സബ് ആർ.ടി. (റീജണൽ ട്രാൻസ്പോർട്ട് ഓഫീസ്) ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയുടെ കോൺക്രീറ്റുപാളി വീണ്ടും അടർന്നുവീണു. ബുധനാഴ്ച രാവിലെ ഓഫീസിന്റെ മുൻഭാഗത്ത് മുകളിലത്തെ നിലയുടെ ഷെയ്ഡിന്റെ ഒരു ഭാഗമാണ് അടർന്നുവീണത്. ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതിനു മുന്പായതിനാൽ വലിയ അപകടം ഒഴിവായി. To advertise here, തിങ്കളാഴ്ച രാവിലെ ഓഫീസിനുള്ളിലെ മുറിയുടെ മുകളിൽനിന്നും കോൺക്രീറ്റുപാളി അടർന്നുവീണിരുന്നു. വൈക്കം നഗരസഭയുടെ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. 2022-ൽ കെട്ടിടം ബലക്ഷയം സംഭവിച്ചതാണെന്നു നഗരസഭാ അധികൃതർ കണ്ടെത്തിയിരുന്നു. കെട്ടിടത്തിൽനിന്നും ഒഴിവാകണമെന്നുകാട്ടി ആർ.ടി.ഒ. അധികൃതർക്കു പലതവണ നഗരസഭ കത്തുനൽകിയിരുന്നു. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മറ്റ് ഓഫീസുകളും സ്ഥാപനങ്ങളും ഇതേത്തുടർന്ന് ഇവിടുന്ന് പ്രവർത്തനം മാറ്റി. എന്നാൽ നാളിതുവരെ ഇതിനുള്ളിൽ പ്രവർത്തിക്കുന്ന ആർ.ടി. ഓഫീസിന്റെ പ്രവർത്തനം മറ്റൊരു കെട്ടിടത്തിലേക്കു മാറ്റാൻ സാധിച്ചിട്ടില്ല. നഗരസഭയുടെ ടൗൺഹാൾ ആർ.ടി. ഓഫീസിന്റെ പ്രവർത്തനത്തിന് വിട്ടുനൽകാമെന്ന് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തീരുമാനം എടുത്തെങ്കിലും അതുവരെയുള്ള വാടക കുടിശ്ശിക തീർക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. ഇതിനുള്ള ഫണ്ട് കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പുതിയ കെട്ടിടത്തിലേക്കുള്ള മാറ്റം വൈകി. ഒപ്പം പുതിയ കെട്ടിടത്തിൽ മോടിപിടിക്കുന്നതിനും പണം അനുവദിച്ചുകിട്ടാതെ വന്നതോടെ ബലക്ഷയം കണക്കിലെടുക്കാതെ ഓഫീസിന്റെ പ്രവർത്തനം പഴയ കെട്ടിടത്തിൽ തന്നെ തുടരുകയായിരുന്നു. കെട്ടിടത്തിന്റെ ഉള്ളിൽ പലതവണ മേൽക്കൂരയുടെ കോൺക്രീറ്റുപാളി അടർന്നുവീണെങ്കിലും ജീവനക്കാർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പുതിയ സർക്കാർ അധികാരമേറ്റുകഴിഞ്ഞാൽ ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കുമെന്ന് സ്ഥലത്തെത്തിയ നിയുക്ത എം.എൽ.എ. കെ.ബിനിമോൻ പറഞ്ഞു. Published: 14 May 2026, 02:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
