കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയ്ക്ക് നാദാപുരത്ത് ഉജ്ജ്വല സ്വീകരണം To advertise here, നാദാപുരം : വൈരംവിതച്ച് നേട്ടംകൊയ്യാനാവില്ല. അങ്ങനെ ചിന്തിക്കുന്നത് മൗഢ്യമാണ്. അത് നാടിനെ തകർക്കുന്നവരുടെ അജൻഡയാണ്. അതിന് നാം മൗനംകൊണ്ടുപോലും കൂട്ടുനിൽക്കരുതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ പറഞ്ഞു. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരള യാത്രയ്ക്ക് കോഴിക്കോട് നോർത്തിൽ നൽകിയ സ്വീകരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവും സ്നേഹവും നാടിന് നിർലോഭമായി നൽകിയ പണ്ഡിതസമൂഹത്തിന്റെ നാടാണ് വടകര നാദാപുരം പ്രദേശങ്ങളെന്ന് കാന്തപുരം പറഞ്ഞു. കളങ്കമില്ലാത്ത ജീവിതംനയിച്ച ആ പണ്ഡിതസമൂഹം മനുഷ്യരെ മുഴുവൻ ചേർത്തുനിർത്തുകയും മതസൗഹാർദത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം അവർക്ക് നൽകുകയും ചെയ്തു. ‘‘മത-ജാതി ചിന്തകൾക്കതീതമായ നാടിന്റെ ഒന്നിച്ചുപോക്കിന്റെ മഹാ അധ്യായത്തിന് സാക്ഷ്യംവഹിച്ച മണ്ണുകൂടിയാണിത്. വൈദേശികശക്തികൾക്കെതിരേ സാമൂതിരിക്കൊപ്പംനിന്ന് നാവികപ്പടയെ നയിച്ച കുഞ്ഞാലി മരക്കാരെ ഓർക്കാതെ കേരളത്തിന്റെ ചരിത്രം പൂർണമാകില്ല. നമുക്ക് നാടിന്റെ പട്ടിണി മാറ്റണം, നല്ല വിദ്യാഭ്യാസം നൽകണം, സ്വസ്ഥവും ശാന്തവുമായ ജീവിതം ഉറപ്പാക്കണം, ഒരു സുസ്ഥിര സാമ്പത്തികശക്തിയായി ഇന്നാടിനെ പുതുക്കിപ്പണിയണം’’ -കാന്തപുരം പറഞ്ഞു. കേരളയാത്രയുടെ മൂന്നാംദിവസം കോഴിക്കോട് ജില്ലാഅതിർത്തിയായ പെരിങ്ങത്തൂരിൽ ജില്ലാ സുന്നിനേതാക്കൾ സ്വീകരിച്ചു. സെന്റിനറി ഗാർഡ് പരേഡും നടന്നു. നാദാപുരത്ത് പ്രത്യേകം സജ്ജമാക്കിയ മർഹും അഹ്മദ്കോയ ശാലിയാത്തി നഗരിയിൽ വൈകുന്നേരത്തോടെ ആയിരങ്ങൾ ഒഴുകിയെത്തി. സമ്മേളനം അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ചു. സമ്മേളന പരിപാടി ഷാഫി പറമ്പിൽ എംപി ഉദ്ഘാടനംചെയ്തു. വർത്തമാനലോകത്ത് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മുദ്രാവാക്യമാണ് മനുഷ്യർക്കൊപ്പം എന്ന മുദ്രാവാക്യമെന്നും അതിനുവേണ്ടി രംഗത്തിറങ്ങിയ മുസ്ലിം ജമാഅത്തിനെയും അതിന്റെ നേതാക്കളെയും എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും ഷാഫി പറഞ്ഞു. വി.പി.എം ഫൈസി വില്യാപ്പള്ളി അധ്യക്ഷനായി. യാത്ര ഉപനായകരായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ പ്രസംഗിച്ചു. സുലൈമാൻ സഖാഫി മാളിയേക്കൽ, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പ്രമേയപ്രഭാഷണം നടത്തി. ദാറുൽ ഖൈർ ലോഞ്ചിങ്, ജില്ലാകാര്യാലയം ഉദ്ഘാടനം, ആംബുലൻസ് സമർപ്പണം എന്നിവ നടന്നു. ഇ.കെ. വിജയൻ എംഎൽഎ, കെ.പി. കുഞ്ഞമ്മദ്കുട്ടി എംഎൽഎ, ത്വാഹാ തങ്ങൾ, മുനീർ സഖാഫി ഓർക്കാട്ടേരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ എന്നിവർ സംബന്ധിച്ചു. കേരളയാത്രയ്ക്ക് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് സ്വീകരണം നൽകും. സുന്നികൾ ഒന്നിക്കണമെന്നാണ് ആഗ്രഹവും പ്രാർഥനയുമെന്ന് സയ്യിദ് ഖലീൽ ബുഖാരി സുന്നികൾ ഒന്നിക്കണമെന്നും സമസ്ത ഒന്നാവണമെന്നുമാണ് ഞങ്ങളുടെ ആഗ്രഹവും പ്രാർഥനയുമെന്നും അതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും കേരളയാത്രയുടെ ഉപനായകൻ സയ്യിദ് ഇബ്രാഹീംമുൽ ഖലീൽ അൽബുഖാരി പറഞ്ഞു. കേരളയാത്രയുടെ ഭാഗമായി നാദാപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. മുൻപത്തെ അപേക്ഷിച്ച് അകൽച്ച വളരെ കുറഞ്ഞുകുറഞ്ഞ് വരുകയാണ്. വളരെ അടുത്തടുത്തു വരുകയാണ്. മുറിഞ്ഞ ഏതുകാര്യവും ഒന്നാകണമെങ്കിൽ അതിന് അല്പം താമസംപിടിക്കുമെന്നും ഖലീൽ അൽബുഖാരി പറഞ്ഞു. വാർത്താസമ്മേളനത്തിൽ പേരോട് അബ്ദുറഹിമാൻ സഖാഫി, മാരായ മംഗലം അബ്ദുറഹിമാൻ ഫൈസി, സി.പി. സൈദലവി, ടി.കെ. അബ്ദുറഹിമാൻ ബാഖവി, അഫ്സൽ കൊളാരി എന്നിവർ പങ്കെടുത്തു.
