തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഞായറാഴ്ച വൈകീട്ടുതന്നെ ജില്ലയിലെ നിലവിൽ വിജയിച്ച മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽ.ഡി.എഫ്. പ്രചാരണം ആരംഭിച്ചു. കഴിഞ്ഞതവണ ജില്ലയിലെ 13 സീറ്റുകളിലും വിജയിച്ച എൽ.ഡി.എഫ്. 11 ഇടത്തും നിലവിലെ എം.എൽ.എമാരെത്തന്നെ വീണ്ടും കളത്തിലിറക്കുകയാണ്. സി.പി.എം. 10 എം.എൽ.എ.മാരെയും നിലനിർത്തിയപ്പോൾ സി.പി.ഐ. മന്ത്രി ജി.ആർ. അനിലിന് നെടുമങ്ങാട്ട് ഒരവസരംകൂടിനൽകി. വി.ശശി വിജയിച്ച ചിറയിൻകീഴിൽ പുതുമുഖമായ മനോജ് ഇടമനയാണ് സി.പി.ഐ.യുടെ സ്ഥാനാർഥി. To advertise here, എൽ.ഡി.എഫിൽ ജനാധിപത്യ കേരള കോൺഗ്രസ് മത്സരിക്കുന്ന, മുൻ മന്ത്രി ആന്റണി രാജു വിജയിച്ച തിരുവനന്തപുരം, കഴിഞ്ഞതവണ എൽ.ഡി.എഫ്. പരാജയപ്പെട്ട ജനതാദൾ(എസ്) മത്സരിച്ച കോവളം എന്നിവിടങ്ങളിലാണ് ഇനി സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ളത്. ഇതിൽ തിരുവനന്തപുരം മണ്ഡലത്തിൽ ആന്റണി രാജു കോടതിവിധി കാരണം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത നേരിട്ടിരിക്കുകയാണ്. ഈ സീറ്റ് സി.പി.എം. ഏറ്റെടുക്കുമെന്നാണ് സൂചന. ഇതിൽ മുന്നണിയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. കോവളത്ത് ഇത്തവണ എൽ.ഡി.എഫ്. സീറ്റ് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിനാണ്. മുൻ ജില്ലാപ്പഞ്ചായത്തംഗം ഭഗത് റൂഫസായിരിക്കും ഇവിടെ സ്ഥാനാർഥിയെന്നാണ് സൂചന. കഴക്കൂട്ടം/ സി.പി.എം- കടകംപള്ളി സുരേന്ദ്രൻ (74) 2021-ൽ കഴക്കൂട്ടത്തുനിന്ന് എം.എൽ.എ.യായി. 2016ൽ ഇതേ മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തിയ കടകംപള്ളി 2021വരെ ദേവസ്വം-സഹകരണ മന്ത്രിയായിരുന്നു. 2008മുതൽ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമാണ്. സി.ഐ.ടി.യു. അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം. 2007മുതൽ 2016വരെ സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ.യുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. ഡി.വൈ.എഫ്.ഐ.യുടെ സംസ്ഥാന ട്രഷററും അഖിലേന്ത്യ വൈസ് പ്രസിഡന്റുമായിരുന്നു. 1977-ൽ കടകംപള്ളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 1990-ൽ പേട്ട ഡിവിഷനിൽനിന്നു ജില്ലാ കൗൺസിൽ അംഗമായി. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 1996-ൽ കഴക്കൂട്ടത്തുനിന്ന് ആദ്യമായി നിയമസഭാംഗമായി. രണ്ടുതവണ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗമായിരുന്നു. കടകംപള്ളി സി.കെ.കൃഷ്ണൻകുട്ടിയുടെയും ഭഗവതിക്കുട്ടിയുടെയും മകനാണ്. ഭാര്യ: എസ്. സുലേഖ(അധ്യാപിക). മക്കൾ: അരുൺ സുരേന്ദ്രൻ, അനൂപ് സുരേന്ദ്രൻ. മരുമക്കൾ: സ്മൃതി ശ്രീകുമാർ, ഗീതു. നേമം / സി.പി.എം- വി. ശിവൻകുട്ടി (72) നിലവിൽ വിദ്യാഭ്യാസ മന്ത്രി. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം, സി.ഐ.ടി.യു. മുൻ സംസ്ഥാന സെക്രട്ടറിയും ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്നു. 2006-ൽ തിരുവനന്തപുരം ഈസ്റ്റിൽനിന്നും 2011-ൽ നേമത്തുനിന്നും നിയമസഭാംഗമായി. ഉള്ളൂർ പഞ്ചായത്ത് പ്രസിഡന്റും 1995മുതൽ തിരുവനന്തപുരം കോർപ്പറേഷൻ മേയറുമായിരുന്നു. ട്രാവൻകൂർ ടൈറ്റാനിയം ഡയറക്ടറും കേരള സർവകലാശാലാ സെനറ്റ് അംഗവുമായിരുന്നു. എയർപോർട്ട് ടാക്സി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ്, ഗവ. പ്രസ് യൂണിയൻ സി.ഐ.ടി.യു. ജനറൽ സെക്രട്ടറി, ടൈറ്റാനിയം ലേബർ യൂണിയൻ പ്രസിഡന്റ്, ഭവനം ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. ഓൾ ഇന്ത്യ മേയേഴ്സ് കമ്മിറ്റി മുൻ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മികച്ച പൊതുപ്രവർത്തകനുള്ള വരദരാജൻ നായർ അവാർഡും പട്ടികവിഭാഗങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് അംബേദ്കർ അവാർഡും ലഭിച്ചിട്ടുണ്ട്. ഭാര്യ: ആർ. പാർവതിദേവി(പി.എസ്.സി. അംഗം). മകൻ: ഗോവിന്ദ് ശിവൻ. വട്ടിയൂർക്കാവ് / സി.പി.എം- വി.കെ. പ്രശാന്ത് (44) 2021-ൽ വൻ ഭൂരിപക്ഷത്തിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽനിന്നു ജയിച്ച് എം.എൽ.എ.യായി. 2019-ൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് ആദ്യം വട്ടിയൂർക്കാവിൽനിന്നുള്ള നിയമസഭാംഗമായത്. അതിനുമുൻപ് നാലുവർഷം തിരുവനന്തപുരം മേയറായിരുന്നു. പ്രളയകാലത്തെ പ്രവർത്തനങ്ങളെത്തുടർന്ന് ‘മേയർ ബ്രോ’ എന്നാണ് സാമൂഹികമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. സി.പി.എം. കഴക്കൂട്ടം ഏരിയാ കമ്മിറ്റി അംഗമായിരുന്നു. 2005-ൽ കഴക്കൂട്ടം ഗ്രാമപ്പഞ്ചായത്ത് അംഗമായി. 2015-ൽ കഴക്കൂട്ടം വാർഡിൽനിന്നാണ് കോർപ്പറേഷൻ കൗൺസിലറായത്. തുടർന്ന് മേയറുമായി. എസ്.എഫ്.ഐ.യിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. തുമ്പ സെയ്ന്റ് സേവ്യേഴ്സ് കോളേജിലെ എസ്.എഫ്.ഐ. നേതാവായിരുന്നു. മാഗസിൻ എഡിറ്റർ, യൂണിയൻ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റ് അംഗം, കഴക്കൂട്ടം ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. കഴക്കൂട്ടം കരിയിൽ എസ്.കൃഷ്ണന്റെയും ജെ.വസന്തയുടെയും മകനാണ്. ഭാര്യ: രാജി എം.ആർ. മക്കൾ: ആർ.പി. ആലിയ, ആർ.പി. ആര്യൻ. വർക്കല / സി.പി.എം- വി. ജോയ് (59) നിലവിൽ വർക്കല എം.എൽ.എ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുന്നോടിയായി സി.പി.എം. ജില്ലാ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞു. വിദ്യാർഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തി. എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. സി.പി.എം. ജില്ലാ കമ്മിറ്റിയംഗമാണ്. 1995-ൽ 29-ാം വയസ്സിൽ അഴൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി. 2000-ൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും 2010-ൽ വീണ്ടും അഴൂർ പഞ്ചായത്ത് പ്രസിഡന്റുമായി. 2015-ൽ കിഴുവിലം ഡിവിഷനിൽനിന്നു വിജയിച്ച് ജില്ലാപ്പഞ്ചായത്തംഗമായി. 2016-ൽ വർക്കലയിൽനിന്നു നിയമസഭാംഗമായി. പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും തോന്നയ്ക്കൽ ആശാൻ സ്മാരകത്തിന്റെ ഭരണസമിതിയംഗവുമാണ്. കേരള സർവകലാശാലാ സെനറ്റ് അംഗമായിരുന്നു. ചിറയിൻകീഴ് പെരുങ്ങുഴി സ്വദേശിയാണ്. ഭാര്യ: സുനിത. മക്കൾ: ആര്യ, ആർഷ. ആറ്റിങ്ങൽ / സി.പി.എം- ഒ.എസ്. അംബിക (59) നിലവിൽ ആറ്റിങ്ങൽ എം.എൽ.എ. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. 1995-2000, 2000-2005 കാലയളവുകളിൽ മുദാക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും 2010-2015 കാലയളവിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. സി.പി.എം. ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയംഗം വാരിജാക്ഷനാണ് ഭർത്താവ്. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായിരുന്ന വി.എ.വിനീഷ്, ഡി.വൈ.എഫ്.ഐ. ആറ്റിങ്ങൽ ഏരിയാ വൈസ് പ്രസിഡന്റായിരുന്ന പരേതനായ വിനീത് എന്നിവർ മക്കളാണ്. ആറ്റിങ്ങലിനു സമീപം കോരാണിയിലാണ് താമസം. ചെമ്പഴന്തി എസ്.എൻ. കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകയായിട്ടായിരുന്നു രാഷ്ട്രീയപ്രവേശനം. വിഴിഞ്ഞം കോട്ടുകാൽ പഞ്ചായത്തിലായിരുന്നു ജനനം. വിവാഹശേഷം മുദാക്കൽ പഞ്ചായത്തിലെത്തി. സി.പി.എം. ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയംഗം, കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യ സെൻട്രൽ വർക്കിങ് കമ്മിറ്റിയംഗം, കർഷകത്തൊഴിലാളി യൂണിയൻ വനിതാവിഭാഗം സംസ്ഥാന ജോയിന്റ് കൺവീനർ, മഹിളാ അസോസിയേഷൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അരുവിക്കര / സി.പി.എം- ജി. സ്റ്റീഫൻ (56) നിലവിൽ അരുവിക്കര എം.എൽ.എ. സി.പി.എം. കാട്ടാക്കട ഏരിയാ സെക്രട്ടറിയായിരുന്നു. ബാലസംഘം ഏരിയാ പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, എസ്.എഫ്.ഐ. കാട്ടാക്കട ഏരിയാ പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, സി.പി.എം. കാട്ടാക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ജോർജിന്റെയും ഭഗവതിയുടെയും മകനായി കിള്ളി പുതുവയ്ക്കലിൽ ജനിച്ചു. ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ട ജി.സ്റ്റീഫൻ പഠനകാലത്ത് താമസിച്ചിരുന്നത് സി.പി.എം. കാട്ടാക്കട ഏരിയാ കമ്മിറ്റി ഓഫീസിലായിരുന്നു. കേരള സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറിയായും സെനറ്റ് അംഗമായും അക്കാദമിക് കൗൺസിൽ അംഗമായും പ്രവർത്തിച്ചു. 1995-ൽ 22-ാം വയസ്സിൽ കാട്ടാക്കട പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനായി. തുടർന്ന് പഞ്ചായത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി. 2010-ൽ രണ്ടാംവട്ടം കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റായി. 2015-ൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനായി. കാട്ടാക്കട പി.ആർ.വില്യം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക പി.മിനിയാണ് ഭാര്യ. മക്കൾ: ആശിഷ്, അനീന. വാമനപുരം / സി.പി.എം- ഡി.കെ. മുരളി (65) നിലവിൽ വാമനപുരം എം.എൽ.എ., സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം. എസ്.എഫ്.ഐ. ചെമ്പഴന്തി കോളേജ് യൂണിറ്റ് സെക്രട്ടറിയായി പൊതുപ്രവർത്തനരംഗത്തു വന്നു. നെടുമങ്ങാട് താലൂക്ക് വൈസ് പ്രസിഡന്റും കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായിരുന്നു. ഡി.വൈ.എഫ്.ഐ., മോട്ടോർ തൊഴിലാളി യൂണിയൻ എന്നിവയുടെ ജില്ലാ കമ്മിറ്റിയംഗമായിരുന്നു. 2000-ൽ പുല്ലമ്പാറ ഗ്രാമപ്പഞ്ചായത്തംഗമായി. ഓൾ ഇന്ത്യ ലോയേഴ്സ് സംസ്ഥാന കൗൺസിൽ അംഗവും കർഷകസംഘം ജില്ലാ ട്രഷററും സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗവുമാണ്. സി.പി.എം. വെഞ്ഞാറമൂട്, പുല്ലമ്പാറ ലോക്കൽ കമ്മിറ്റികളിൽ അംഗമായിരുന്നു. 2008-ൽ വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറിയായി. 2011മുതൽ ജില്ലാ കമ്മിറ്റിയംഗമാണ് വെഞ്ഞാറമൂട് സാംസ്കാരിക സഹകരണ സംഘത്തിന്റെ സ്ഥാപകനേതാവും രക്ഷാധികാരിയുമാണ്. പുല്ലമ്പാറ പഞ്ചായത്തിലെ വട്ടയത്ത് ദാമോദരൻ പിള്ളയുടെയും ജഗദമ്മയുടെയും മകനായി കർഷക കുടുംബത്തിൽ ജനിച്ചു. വെഞ്ഞാറമൂട്ടിലാണ് താമസം. ഭാര്യ: മായ ആർ.(പ്രഥമാധ്യാപിക, വെള്ളുമണ്ണടി സർക്കാർ എൽ.പി.എസ്.) മക്കൾ: ബാലമുരളി, ഹരിമുരളി. കാട്ടാക്കട / സി.പി.എം- ഐ.ബി. സതീഷ് (56) നിലവിൽ കാട്ടാക്കട എം.എൽ.എ. സി.പി.എം. കാട്ടാക്കട ഏരിയാ സെക്രട്ടറിയായിരിക്കെയായിരുന്നു തിരഞ്ഞെടുപ്പിൽ കന്നിയങ്കം. മലയിൻകീഴ് മൂലയിൽ വീട്ടിൽ പി.ബാലകൃഷ്ണൻ നായരുടെയും മാറനല്ലൂർ കൊറ്റംപള്ളി അശ്വതിയിൽ കെ.ഇന്ദിരാദേവിയുടെയും മകനായി ജനനം. പ്ലാവൂർ സ്കൂൾ ലീഡറായിരുന്നു. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ ചെയർമാൻ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ നിലകളിലും പ്രവർത്തിച്ചു. 1999-ൽ കേരള സർവകലാശാലാ യൂണിയൻ ചെയർമാനായി. 2005മുതൽ 2010വരെ തിരുവനന്തപുരം ജില്ലാപ്പഞ്ചായത്തംഗം. ഡി.വൈ.എഫ്.ഐ. കാട്ടാക്കട ഏരിയാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, സി.പി.എം. കാട്ടാക്കട ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയൻ സുജ പി.എച്ച്. ആണ് ഭാര്യ. മക്കൾ: ഗൗതം സതീഷ്, ഗൗരി സതീഷ്. നെയ്യാറ്റിൻകര / സി.പി.എം- കെ. ആൻസലൻ (60) നിലവിൽ നെയ്യാറ്റിൻകര എം.എൽ.എ.യാണ്. ആദ്യ അങ്കത്തിൽ കോൺഗ്രസ് സ്ഥാനാർഥിയും മുൻ സി.പി.എം. നേതാവുകൂടിയായ ആർ.സെൽവരാജിനെയാണ് പരാജയപ്പെടുത്തിയത്. 2010-ൽ നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർമാനായി. ഹൈസ്കൂൾ വിദ്യാഭ്യാസ കാലയളവിൽ വിദ്യാർഥിരാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസ കാലഘട്ടത്തിൽ എസ്.എഫ്.ഐ. നേതാവായി നിരവധി സമരങ്ങൾക്കു നേതൃത്വം നൽകി. സി.പി.എം. ആശുപത്രി ജങ്ഷൻ ബ്രാഞ്ച് സെക്രട്ടറി, അമരവിള ലോക്കൽ കമ്മിറ്റി സെക്രട്ടറി, നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ദീർഘകാലം വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറിയായിരുന്നു. നെയ്യാറ്റിൻകര ആശുപത്രി ജങ്ഷനു സമീപം വട്ടവിള പുത്തൻവീട്ടിൽ വാട്ടർ അതോറിറ്റി ജീവനക്കാരനായിരുന്ന കരുണാകരന്റെയും തങ്കത്തിന്റെയും മകനാണ്. ഭാര്യ: പ്രിമില (അധ്യാപിക, വിശ്വഭാരതി സ്കൂൾ). മക്കൾ: കാവ്യ, കാർത്തിക്. പാറശ്ശാല / സി.പി.എം- സി.കെ. ഹരീന്ദ്രൻ (69) നിലവിൽ പാറശ്ശാലയിൽനിന്നുള്ള എം.എൽ.എ.യാണ്. സി.പി.എം. ജില്ലാകമ്മിറ്റിയംഗവും എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററുമായിരുന്നു. കെ.എസ്.വൈ.എഫ്. കുന്നത്തുകാൽ ലോക്കൽ സെക്രട്ടറിയും താലൂക്ക് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐ. നെയ്യാറ്റിൻകര താലൂക്ക് സെക്രട്ടറിയും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. കേരള കർഷകസംഘത്തിന്റെ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. 24-ാം വയസ്സിൽ സി.പി.എം. കുന്നത്തുകാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. 27-ാം വയസ്സിലാണ് സി.പി.എം. നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറിയായത്. തുടർന്ന് എട്ടുതവണയായി 24 വർഷം ഏരിയാ സെക്രട്ടറിയായി പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ആറുമാസം ജയിലിലായി. പോലീസിന്റെ മർദനവും ഏൽക്കേണ്ടിവന്നു. പാലിയോട് സ്വരാജ് തിയറ്റേഴ്സിന്റെയും കലാ ഗ്രന്ഥശാലയുടെയും സ്ഥാപകനാണ്. മഞ്ചവിളാകം മംഗലത്തുവിളാകത്ത് വീട്ടിൽ ജി.കൃഷ്ണൻനായരുടെയും നെയ്യാറ്റിൻകര പുത്തൻവീട്ടിൽ സുമതി അമ്മയുടെയും മകനാണ്. ഭാര്യ: സിന്ധു എസ്. നായർ. മകൾ: ഡോ. ശ്രീലക്ഷ്മി. മരുമകൻ: നവീൻ നെടുമങ്ങാട് / സി.പി.ഐ- ജി.ആർ. അനിൽ (62) നിലവിൽ നെടുമങ്ങാട് എം.എൽ.എ., ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി. 2021-ൽ കോൺഗ്രസ് സ്ഥാനാർഥി പി.എസ്.പ്രശാന്തിനെ 23,171 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. എ.ഐ.എസ്. എഫിലൂടെയാണ് ജി.ആർ.അനിൽ പൊതുരംഗത്തു പ്രവേശിച്ചത്. എ.ഐ.എസ്.എഫ്., എ.ഐ.വൈ.എഫ്. സംഘടനകളുടെ സംസ്ഥാന നേതൃനിരയിലുൾപ്പെടെ പ്രവർത്തിച്ചു. സാൽവേഷൻ ആർമി സ്കൂൾ, എസ്.എം.വി.സ്കൂൾ, എം.ജി.കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തിരുവനന്തപുരം നഗരസഭയിൽ നേമം വാർഡിൽനിന്ന് വിജയിച്ച് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിരുന്നു. സി.പി.ഐ. മുൻ ജില്ലാ സെക്രട്ടറിയായിരുന്നു. ഇപ്പോൾ സി.പി.ഐ. ദേശീയ കൗൺസിൽ അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. ഭാര്യ: ഡോ.ആർ.ലതാദേവി. മുൻ ചടയമംഗലം എം.എൽ.എ.യായിരുന്നു. നിലവിൽ കൊല്ലം ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റാണ്. മകൾ: ദേവികാ അനിൽ. ചിറയിൻകീഴ് / സി.പി.ഐ- മനോജ് ബി. ഇടമന (55) നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിമത്സരം. നിലവിൽ സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗവും, എ.ഐ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റുമാണ്. എ.ഐ.എസ്.എഫ്., എ.ഐ.വൈ.എഫ്. എന്നിവയിലൂടെയായിരുന്നു മനോജ് ബി.ഇടമനയുടെ രാഷ്ട്രീയ പ്രവേശനം. ആറ്റിങ്ങൽ ഐ.ടി.ഐ. യൂണിയൻ ജനറൽ സെക്രട്ടറിയായും എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു. ബി.കെ.എം.യു. സംസ്ഥാന സെക്രട്ടറിയായും ദേശീയ കൗൺസിൽ അംഗമായും പ്രവർത്തിക്കുന്നു. താലൂക്ക് കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ്, അണ്ടൂർ ക്ഷീരോത്പാദക സംഘം പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. കിഴുവിലം ഗ്രാമപ്പഞ്ചായത്തിലും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലും സ്ഥിരം സമിതി അധ്യക്ഷനായിരുന്നു. കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗമായും കയർ തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചുവരികയാണ്. ചിറയിൻകീഴ് ജലോത്സവ കമ്മിറ്റി, പ്രേംനസീർ അനുസ്മരണ കമ്മിറ്റി എന്നിവയിലും ചിത്തിരത്തോണി ഗ്രന്ഥശാലയുടെ പ്രസിഡന്റായും പ്രവർത്തിക്കുന്നു. ഭാര്യ: ഷീജ. മക്കൾ: അമജേഷ്, അമലേഷ്.
