ഷാർജ : എമിറേറ്റിലെ ലോക പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണത്തിനായി ഷാർജ പുരാവസ്തു അതോറിറ്റി (എസ്.എ.എ.) ഷാർജ വേൾഡ് ഹെറിറ്റേജ് ഓഫീസ് ആരംഭിച്ചു. യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ബിൻ അൽ ഖാസിമിയുടെ നിർദേശപ്രകാരമാണിത്. To advertise here, 2025-ൽ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഫയ പൈതൃകസംരക്ഷണകേന്ദ്രത്തെ ഉൾപ്പെടുത്തിയിരുന്നു. ഫയ ഉൾപ്പെടെ എമിറേറ്റിന്റെ സാംസ്കാരികവും പ്രകൃതിദത്തവുമായ കേന്ദ്രങ്ങൾ കൈകാര്യംചെയ്യാനാണ് ഓഫീസ് ആരംഭിച്ചത്. ലോക പൈതൃകപട്ടികയിലുള്ള കേന്ദ്രങ്ങൾക്ക് പുതിയ ഓഫീസ് മേൽനോട്ടം വഹിക്കും. ഡിജിറ്റൽ ഡേറ്റാബേസ്, പൈതൃക സ്ഥലങ്ങളുടെ രേഖകൾ, ഗവേഷണ പഠനങ്ങൾ തുടങ്ങിയവ തയ്യാറാക്കുന്നതും ഓഫീസിന്റെ ഉത്തരവാദിത്വ പരിധിയിൽവരും. അന്താരാഷ്ട്ര സഹകരണം കെട്ടിപ്പടുക്കുന്നതിനും പൈതൃക മൂല്യത്തെക്കുറിച്ചുള്ള ആഗോള അവബോധം വളർത്തുന്നതിലും സ്ഥാപനം നിർണായകമാകും. പൈതൃകകേന്ദ്രങ്ങൾ ഭാവി തലമുറകൾക്കായി സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി അവ കൈകാര്യം ചെയ്യുന്നതിനും ഓഫീസ് നിലകൊള്ളുമെന്ന് എസ്.എ.എ. ഡയറക്ടർ-ജനറൽ ഈസ യൂസിഫ് പറഞ്ഞു. ആഗോള പൈതൃകവേദികളിൽ ഷാർജയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ഓഫീസ് മികച്ച സംഭാവനകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. Published: 14 May 2026, 01:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
