ഉണ്ണായിവാര്യർ റോഡ് അപകടത്തിൽ To advertise here, രാമഞ്ചിറ തോടിന്റെ സംരക്ഷണഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞു ഇരിങ്ങാലക്കുട : നഗരത്തിലെ പ്രധാന തോടായ രാമഞ്ചിറ തോടിന്റെ സംരക്ഷണഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞു. തെക്കേനടയിൽ പേഷ്കാർ റോഡിൽനിന്ന് പടിഞ്ഞാറോട്ടുതിരിഞ്ഞ് രാമഞ്ചിറ തോടിന്റെ അരികിലൂടെ തെക്കേനട റോഡിലേക്ക് മുട്ടുന്ന ഉണ്ണായിവാര്യർ കലാനിലയം റോഡാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ഇടിഞ്ഞിരിക്കുന്നത്. മാത്രമല്ല, ഈ റോഡിന്റെ പല ഭാഗത്തും സംരക്ഷണഭിത്തിയുടെ അരിക് ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലാണ്. നഗരത്തിലെ പെയ്തുവെള്ളം ഒഴുകിപ്പൊകാനുള്ള പ്രധാന മാർഗമാണ് രാമഞ്ചിറ തോട്. മഴ ശക്തമാകുന്നതോടെ തോടു നിറഞ്ഞ് അരിക് പൂർണമായും ഇടിഞ്ഞുപോകാൻ സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴ പെയ്ത് തോട്ടിൽ വെള്ളം ഉയർന്ന് റോഡിലേക്ക് കയറിയാൽ റോഡിന്റെ അരിക് തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാകും. ക്ഷേത്രത്തിലേക്കും കലാനിലയത്തിലേക്കും മറ്റുമായി ഒട്ടേറെ വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. നിരവധി സ്കൂൾ ബസുകളും ഇതുവഴി കടന്നുപോകുന്നുണ്ട്. ഏതെങ്കിലും തരത്തിൽ അരികറിയാതെ വണ്ടി വന്നാൽ തോട്ടിലേക്കു മറിഞ്ഞ് വലിയ അപകടത്തിലേക്ക് വഴിവെക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷവും മഴക്കാല പൂർവ ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി രാമഞ്ചിറ തോട്ടിലെ മാലിന്യങ്ങളും മറ്റും വൃത്തിയാക്കാൻ എത്തിയ ജെ.സി.ബി.യുടെ ചക്രങ്ങൾ പതിഞ്ഞ് തോടിന്റെ അരികിടിഞ്ഞ് റോഡിന് കേടുപറ്റിയിരുന്നു. അതിനാൽ മഴ സജീവമാകുന്നതിനു മുൻപായി തോടിന്റെ അരികു കെട്ടി ഇപ്പോഴത്തെ അപകടാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാൻ നഗരസഭ നടപടിയെടുക്കണമെന്ന് തെക്കേനട കൂട്ടായ്മ ആവശ്യപ്പെട്ടു. Published: 14 May 2026, 03:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
