ദുബായ് : പുതുവത്സരാശംസകൾ നേർന്നും പുതുസ്വപ്നങ്ങൾ പങ്കുവെച്ചും സബീൽ കൊട്ടാരത്തിൽ ഈ വർഷത്തെ ആദ്യയോഗം ചേർന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. To advertise here, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ, ഫെഡറൽ നാഷണൽ കൗൺസിൽ അംഗങ്ങൾ, നിക്ഷേപകർ, മന്ത്രിമാർ, സർക്കാർ-അർധസർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അതിഥികളുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി. സമൂഹത്തിലെ വിവിധവിഭാഗങ്ങളുമായി മികച്ച ഇടപെടൽ വളർത്തിയെടുക്കുന്നതിനും പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായിരുന്നു കൂടിക്കാഴ്ച. ദുബായിയുടെ ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രസിഡന്റും ദുബായ് എയർപോർട്സ് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവരും സംബന്ധിച്ചു. അതിഥികൾക്കെല്ലാം ശൈഖ് മുഹമ്മദ് സമൃദ്ധമായ 2026 ആശംസിച്ചു. സാമൂഹികസ്ഥിരത വർധിപ്പിക്കുക, യുഎഇക്കും ജനതയ്ക്കും കൂടുതൽ അഭിവൃദ്ധി കൈവരിക്കുക, ശുഭാപ്തിവിശ്വാസത്തിന്റെയും പ്രത്യാശയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക, ദാനധർമത്തിന്റെയും കൂട്ടായ ഉത്തരവാദിത്വത്തിന്റെയും സംസ്കാരം ശക്തമാക്കുക എന്നിവയ്ക്കായി യോജിച്ച ശ്രമങ്ങളുടെ പ്രാധാന്യം അദ്ദേഹം ഓർമ്മിപ്പിച്ചു. വികസന പ്രവർത്തനങ്ങൾക്കായുള്ള വൈവിധ്യമാർന്ന സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പൊതുജനക്ഷേമം മെച്ചപ്പെടുത്താൻ സമൂഹത്തിലെ എല്ലാവിഭാഗങ്ങളും നടത്തിവരുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കൂടുതൽ ലക്ഷ്യബോധത്തോടെ പ്രവർത്തനങ്ങൾ തുടരാനും പ്രോത്സാഹിപ്പിച്ചു.
