അബുദാബി : അടിസ്ഥാനസൗകര്യങ്ങൾ, ഗതാഗതം, സാമൂഹികം എന്നീ മേഖലകളിലായി 5,500 കോടി ദിർഹത്തിന്റെ 24 പദ്ധതികൾ പ്രഖ്യാപിച്ചു. അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസും അബുദാബി പ്രോജക്ട് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ സെന്ററും സംയുക്തമായാണ് പുതിയ പൊതു-സ്വകാര്യപദ്ധതികൾ പുറത്തിറക്കിയത്. അബുദാബി അടിസ്ഥാന സൗകര്യ വികസന ഉച്ചകോടിയുടെ ഭാഗമായാണ് പ്രഖ്യാപനമുണ്ടായത്. To advertise here, 'നഗര പരിണാമം: നഗരങ്ങളെ പുനർവചിക്കുകയും ജീവിതരീതി പുനർനിർമിക്കുകയും ചെയ്യുക' എന്ന പ്രമേയത്തിൽ അബുദാബി അഡ്നെക് സെന്ററിലാണ് ഉച്ചകോടി നടക്കുന്നത്. ഈ വർഷം മുതൽ ടെൻഡറുകൾ പുറത്തിറക്കും. എമിറേറ്റിലെ സ്വകാര്യമേഖലയ്ക്ക് ഒട്ടേറെ നിക്ഷേപാവസരങ്ങൾ പദ്ധതികളിലൂടെ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ആഗോളസ്ഥാപനങ്ങളെ ആകർഷിക്കാനും വിതരണ ശൃംഖലയെയും വ്യാവസായിക അടിത്തറയും ശക്തിപ്പെടുത്താനും പദ്ധതി ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ഗതാഗതമേഖലയിൽ 3500 കോടി ദിർഹത്തിന്റെ 11 പദ്ധതികളാണ് ഉൾപ്പെടുന്നത്. ഇതിൽ നിലവിലെ റോഡ് ശൃംഖലകൾ, തുരങ്കങ്ങൾ, ഇന്റർസെക്ഷനുകൾ എന്നിവയുടെ നവീകരണവും 300 കിലോമീറ്ററിലേറെ പുതിയ റോഡുകളുടെ നിർമാണവും ഉൾപ്പെടുന്നു. അണക്കെട്ടുകൾ, ജലസംഭരണികൾ, മഴവെള്ള ഡ്രെയ്നേജ് ശൃംഖലകൾ, നഗര സൗന്ദര്യവത്കരണ പദ്ധതികൾ എന്നിവ ഉൾകൊള്ളുന്ന അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്കായി 1100 കോടി ദിർഹവും അനുവദിച്ചിട്ടുണ്ട്. സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ 900 കോടി ദിർഹമാണ് നീക്കിവച്ചിട്ടുള്ളത്. കായികസൗകര്യങ്ങൾ, സ്കൂൾ, സർവകലാശാലകൾ എന്നിങ്ങനെ എട്ട് മേഖലകളിലായാണ് വികസനപ്രവർത്തനങ്ങൾ നടപ്പാക്കുക. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സുസ്ഥിര സാമൂഹികസൗകര്യങ്ങൾ നൽകുന്നതിനും പദ്ധതി ശ്രദ്ധകേന്ദ്രീകരിക്കും. സുസ്ഥിര വികസനപ്രവർത്തനങ്ങളിലൂടെ എമിറേറ്റിലെ നിർമാണമേഖല അനുദിനം വളർച്ച കൈവരിക്കുകയാണ്. ഡെലിവറി-ഡ്രൈവ് ഇൻഫ്രാസ്ട്രക്ച്ചർ, സ്മാർട്ട് പരിഹാരങ്ങൾ, സുസ്ഥിരതയും പ്രതിരോധശേഷിയും, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, ഭവന നിർമാണം, അത്യാധുനിക നിർമാണ സാങ്കേതികവിദ്യകൾ എന്നിങ്ങനെ വിവിധവിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകുന്നുണ്ട്.
