ഇറ്റലിയിൽ താരമായി മലയാളി To advertise here, ദുബായ്: ഇറ്റലിയിൽ നടന്ന സാൻ റെമോ ജൂനിയർ സംഗീതമേളയിൽ പങ്കെടുത്ത ഏക ഇന്ത്യക്കാരിയായി 12 വയസ്സുകാരി വേദാ നായർ. സാൻ റെമോ ജൂനിയർ സംഗീതമേളയിൽ ആദ്യമായാണ് ഒരു ഇന്ത്യക്കാരി പങ്കെടുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരം വർക്കല സ്വദേശി അരുൺനായരുടെയും ആറ്റുകാൽ സ്വദേശിനി ഗംഗാ റാണിയുടെയും ഏകമകളാണ് വേദ. യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട സംഗീതമേളകളിൽ ഒന്നാണ് സാൻ റെമോ ജൂനിയർ സംഗീതമേള. ഒരു ഗായിക എന്ന നിലയിൽ വേദയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച വേദികളിലൊന്നായിരുന്നു അത്. ലോകമെമ്പാടുനിന്നും പങ്കെടുത്ത ഗായകർക്ക് മുന്നിൽ മികച്ച പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഈ കൊച്ചുഗായികയ്ക്ക് ലഭിക്കുകയും ചെയ്തു. ഏഴ് വയസ്സുമുതലാണ് വേദ പാശ്ചാത്യസംഗീതം പഠിക്കാൻ തുടങ്ങിയത്. യുഎസിൽ നടന്ന യങ് ടാലന്റ് മ്യൂസികിലാണ് (വൈടിഎംസി) വേദ ആദ്യമായി ഒരു മത്സരമെന്ന നിലയിൽ പങ്കെടുക്കുന്നത്. അന്ന് വിധികർത്താക്കൾക്ക് ഈ കുഞ്ഞുകലാകാരിയുടെ ശബ്ദമാധുര്യം ഇഷ്ടമായി. ജൂനിയർ വിഭാഗത്തിൽ രണ്ടാംസ്ഥാനവും ലഭിച്ചു. പിന്നീട് ലോസ് ആഞ്ജലിസിൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് പെർഫോമിങ് ആർട്സിൽ യുഎഇ ടീമിന്റെ ഭാഗമായി പങ്കെടുത്തു. വോക്കൽ വിഭാഗത്തിൽ ഒന്നിലേറെ മെഡലുകളും നേടി. സംഗീതം മാത്രമല്ല 10 വയസ്സുള്ളപ്പോൾ ദ ബീക്കൺ ഓഫ് ലൈഫ് എന്ന പേരിൽ പുസ്തകവും വേദയെഴുതിയിട്ടുണ്ട്. ജബൽ അലിയിലെ വിൻഞ്ചെസ്റ്റർ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ദുബായ് അൽ നഹ്ദയിലാണ് താമസം. Published: 06 Jan 2026, 01:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
