ധർമടം : കാടുമൂടിക്കിടന്നിരുന്ന സിന്തറ്റിക് ട്രാക്കും പരിസരവും വൃത്തിയാക്കി കൂട്ടായ്മ. നാളുകളായി കാടുമൂടിയ നിലയിലായിരുന്ന സിന്തറ്റിക് ട്രാക്കിനാണ് പുതുവെളിച്ചം വീണത്. പ്രഭാതസവാരിക്കാരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ‘വാക്മേറ്റ്സ്’ എന്ന കൂട്ടായ്മയാണ് കാട് വെട്ടിത്തെളിച്ചും മറ്റും ട്രാക്ക് വൃത്തിയാക്കിയത്. ഗവ. ബ്രണ്ണൻ കോളേജിന് സമീപത്തെ സിന്തറ്റിക് ട്രാക്ക്, ബ്രണ്ണൻ കോളേജ്, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കായികതാരങ്ങളുടെ പരിശീലന കേന്ദ്രമാണ്. To advertise here, എന്നാൽ ചുറ്റും കാടുകയറിയതും ഇഴജന്തുക്കളുടെയും മറ്റും സാന്നിധ്യവും വിവിധ മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന കായികതാരങ്ങൾക്ക് സുഗമമായ പരിശീലനത്തിന് വെല്ലുവിളിയായിരുന്നു. അതോടൊപ്പം ഈ പ്രദേശം തെരുവുനായ്ക്കളുടെ കേന്ദ്രവുമായതോടെ കായികതാരങ്ങളും പ്രദേശവാസികളും വലിയ ഭീതിയിലായിരുന്നു. പ്രഭാത വ്യായാമവും ഇവിടെ ദുഷ്കരമായിരുന്നു. എന്നാൽ കാടുമൂടിയ ട്രാക്ക് വെട്ടിത്തെളിച്ച് ശുചീകരിച്ചതോടെ കായികതാരങ്ങൾക്ക് ഭയപ്പെടാതെ ഇനി പരിശീലനം നടത്താനും പ്രഭാത സവാരിക്കാർക്ക് സധൈര്യം വ്യായാമം ചെയ്യാനും സാധിക്കും. ട്രാക്കിന് ഉൾവശം പൂർണമായും പിറകുവശം ഭാഗികമായുമാണ് നിലവിൽ വൃത്തിയാക്കിയിട്ടുള്ളത്. വരും ദിവസങ്ങളിൽ ബാക്കിയുള്ളവ കൂടി വൃത്തിയാക്കി ട്രാക്കിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വാക്മേറ്റ്സ് കൂട്ടായ്മ. വി.മുകുന്ദൻ, വി.പ്രഭാകരൻ, സി.സുരേഷ്, കെ.ശ്രീജേഷ് എന്നിവരുടെ സംഘമാണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്. സിന്തറ്റിക് ട്രാക്കിന് സമീപം കാടുകയറുന്നു: ഭീതിയോടെ കായികതാരങ്ങൾ എന്ന തലക്കെട്ടോടെ കഴിഞ്ഞ മാസം 22-ന് ട്രാക്കിന്റെ ശോച്യാവസ്ഥയെക്കുറിച്ച് 'മാതൃഭൂമി' നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് പ്രദേശത്തെ പ്രഭാതസവാരിക്കാർ വാക്മേറ്റ്സ് എന്നപേരിൽ കൂട്ടായ്മ രൂപവത്കരിച്ച് ശുചീകരണം ഏറ്റെടുത്തത്. രാത്രിയിലെ വെളിച്ചക്കുറവും നിരീക്ഷണ ക്യാമറകളുടെ അഭാവവും മാലിന്യങ്ങൾ തള്ളാൻ കാരണമാകുന്നുണ്ട്. അതിനാൽ കൃത്യമായ രീതിയിലുള്ള ക്യാമറ സംവിധാനങ്ങളും മാലിന്യസംസ്കരണ സംവിധാനങ്ങളും ഏർപ്പെടുത്തി സിന്തറ്റിക് ട്രാക്കിനെ സുഗമമായ പരിശീലനത്തിന് ഉതകുന്ന രീതിയിൽ പരിപാലിക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം. അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുണ്ടാകണമെന്നും മാലിന്യങ്ങൾ തള്ളാതെ ട്രാക്കിനെ സംരക്ഷിച്ച് നിലനിർത്തണമെന്നും ഗ്രൂപ്പ് അംഗങ്ങൾ 'മാതൃഭൂമി'യോട് പറഞ്ഞു. Published: 14 May 2026, 04:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
