പറവൂർ: കാസർകോടും മഞ്ചേശ്വരവും പാലക്കാടും റാന്നിയും കോന്നിയും ഉൾപ്പെടെ സി.പി.എം- ബി.ജെ.പി ഡീലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പറവൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം സിപിഎമ്മിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനമുയർത്തിയത്. പിടിമുറുക്കിയെന്നു പറഞ്ഞ ഇ.ഡി പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പിയെ ജയിപ്പിച്ച ശേഷം എവിടെയെങ്കിലും പിടി മുറുക്കിയോ? കോലിബിയെന്നു പറയുന്ന പിണറായി വിജയൻ ആർ.എസ്.എസ് പിന്തുണയിൽ നിയമസഭയിൽ എത്തിയതു മുതൽക്കുള്ള അദ്ദേഹത്തിന്റെ ചരിത്രം പറയിക്കരുത്. സി.പി.എം- ബി.ജെ.പി ഡീൽ യു.ഡി.എഫ് പൊളിക്കും. തിരഞ്ഞെടുപ്പിൽ പത്തു വർഷത്തെ ദുർഭരണത്തിന് അന്ത്യം കുറിച്ച് കേരളം മതേതരമാണെന്ന് ജനങ്ങൾ രാജ്യത്തോട് വിളിച്ചു പറയും. നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. To advertise here, സി.പി.എം- ബി.ജെ.പി ഡീൽ സംബന്ധിച്ച് തെളിവുകൾ സഹിതമാണ് യു.ഡി.എഫ് പറയുന്നത്. പത്തനംതിട്ട ജില്ലയിൽ കെ. സുരേന്ദ്രൻ കഴിഞ്ഞ തവണ മുപ്പത്തിരണ്ടായിരം വോട്ട് നേടിയ കോന്നി സീറ്റ് ബി.ഡി.ജെ.എസിന് നൽകി. ശബരിമല ഉൾപ്പെടുന്ന റാന്നി 20 ട്വന്റിക്ക് നൽകി. എറണാകുളത്തിന്റെ കിഴക്കൻ മേഖലയിൽ മാത്രമുള്ള 20 ട്വന്റി പത്തനംതിട്ടയിൽ എവിടെയാണുള്ളത്? ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കില്ലെന്നും സർക്കാരിന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നുമാണ് എൻ.ഡി.എ സ്ഥാനാർത്ഥി പറയുന്നത്. അതൊന്നും ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. കാസർകോടും പാലക്കാടും മഞ്ചേശ്വരത്തും റാന്നിയും കോന്നിയും ഉൾപ്പെടെ പല സ്ഥലങ്ങളിലും അങ്ങോട്ടും ഇങ്ങോട്ടും ജയിപ്പിക്കാനുള്ള ഏർപ്പാടാണ് സി.പി.എമ്മും ബി.ജെ.പിയും ചെയ്യുന്നത്. കരുവന്നൂർ ബാങ്കിലെ 300 കോടി കൊള്ളയടിച്ച കേസിൽ ഇ.ഡി പിടിമുറുക്കുന്നുവെന്ന് പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് വാർത്ത നൽകിയപ്പോൾ, ഇ.ഡി പിടി മുറുക്കുന്നത് തൃശൂർ സീറ്റിന് വേണ്ടിയാണെന്ന് അന്ന് ഞാൻ നിങ്ങളോട് പറഞ്ഞതാണ്. സി.പി.എം നേതാക്കളുടെ കഴുത്തിലാണ് ഇ.ഡി പിടിമുറുക്കിയത്. പൂരം അലങ്കോലമാക്കി ബി.ജെ.പിക്ക് ജയിക്കാനുള്ള സാഹചര്യം സർക്കാരും സി.പി.എമ്മും ഒരുക്കിക്കൊടുത്തു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇ.ഡി എവിടെയെങ്കിലും പിടിമുറുക്കിയോ? ആ കേസ് ഇപ്പോൾ എവിടെ പോയി? തൃശൂരിൽ ബി.ജെ.പിയെ ജയിപ്പിച്ച ശേഷം ഇ.ഡി എവിടെയെങ്കിലും പിടി മുറുക്കിയോ? അവിടെയും ഒരു ഡീൽ ആയിരുന്നു. തെളിവ് സഹിതം ഈ ഡീലിനെ കുറിച്ച് ഞങ്ങൾ പറഞ്ഞപ്പോൾ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് എല്ലാവരും സമ്മതിച്ചു. എം.ആർ അജിത്കുമാർ എന്ന എ.ഡി.ജി.പി മുഖ്യമന്ത്രിക്ക് വേണ്ടി ആർ.എസ്.എസ് നേതാവിനെ കണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യം ആർ.എസ്.എസും പിന്നീട് എല്ലാവരും നിഷേധിച്ചും. അവസാനം കണ്ടാൽ എന്താ കുഴപ്പമെന്നായി. ഈ ഡീലുകളൊക്കെ നേരത്തെയും നടന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയനല്ലേ ഒന്നാം നമ്പർ കാർ ഉപേക്ഷിച്ച് രഹസ്യമായി തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലിൽ എത്തി ശ്രീ എമ്മിന്റെ സാന്നിധ്യത്തിൽ ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയത്. മുൻകാല ചരിത്രമൊന്നും പിണറായി വിജയൻ പഠിപ്പിക്കേണ്ട. അദ്ദേഹം കോലിബി എന്നാണ് പറയുന്നത്. അതിലും പഴയൊരു ചരിത്രമുണ്ടല്ലോ. 77-ൽ പിണറായി വിജയൻ നിയമസഭയിലേക്ക് വിജയിച്ചത് ആർ.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം. ആ ചരിത്രമൊന്നും ഞങ്ങളെ ഓർമ്മിപ്പിക്കേണ്ട. ഈ ഡീൽ ഞങ്ങൾ പൊളിക്കും. തിരഞ്ഞെടുപ്പിലൂടെ രണ്ട് കാര്യങ്ങളാണ് കേരളം തെളിയിക്കാൻ പോകുന്നത്, ഒന്നാമത്തേത് പത്തു വർഷത്തെ ദുർഭരണത്തിന് അന്ത്യം കുറിക്കും. രണ്ടാമതായി മതേതര കേരളമാണെന്ന് കേരളത്തിലെ ജനങ്ങൾ രാജ്യത്തോട് വിളിച്ചു പറയും. ഇതു രണ്ടുമാണ് നടക്കാൻ പോകുന്നത്. അതുകൊണ്ട് നിങ്ങളുടെ ഒരു ഡീലും ഈ തിരഞ്ഞെടുപ്പിൽ നടക്കില്ല. നേമത്ത് യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ നേരിട്ടുള്ള മത്സരമുണ്ടാകും. മുഖ്യമന്ത്രി അഭിമുഖം നൽകുന്നതല്ലാതെ മാധ്യമങ്ങളെ കാണാൻ തയാറാകുന്നില്ല. എല്ലാ ചോദ്യങ്ങൾക്കും മറുപടിയുള്ള. അദ്ദേഹം റേഡിയോ പോലെയാണ്. ഇങ്ങോട്ട് മാത്രമെ പറയൂ. അങ്ങോട്ട് ചോദിക്കാൻ പറ്റില്ല. നൂറിൽ അധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിൽ എത്തും. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും നിലമ്പൂരും നടത്തിയ പ്രവചനങ്ങളെല്ലാം കൃത്യമായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 17 മുതൽ 19 വരെ സീറ്റ് കിട്ടാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു. 18 കിട്ടി. തദ്ദേശ തിരഞ്ഞെടുപ്പിൽ നാല് കോർപറേഷൻ കിട്ടുമെന്ന് പറഞ്ഞത് കിട്ടി. ഏഴ് ജില്ലാ പഞ്ചായത്തുകൾ ഉറപ്പാണെന്ന് പറഞ്ഞതും ശരിയായി. 55 ശതമാനത്തിലേറെ ഗ്രാമപഞ്ചായത്ത് കിട്ടുമെന്ന് പറഞ്ഞതിൽ 59 ശതമാനം പഞ്ചായത്തുകൾ കിട്ടി. അറുപതിലേറെ ശതമാനത്തിന് മുൻസിപ്പാലിറ്റി കിട്ടുമെന്ന് പറഞ്ഞത് 64 കിട്ടി. അതുപോലെ തന്നെ നിയമസഭ തിരഞ്ഞെടുപ്പിലും നൂറിലധികം സീറ്റുകൾ കിട്ടും. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് രാഷ്ട്രീയ പശ്ചാത്തലം ഇല്ലെന്ന് പറയുന്നവർ മുകേഷിനെ കൊല്ലത്ത് മത്സരിപ്പിക്കുമ്പോൾ അദ്ദേഹം എൽ.സി സെക്രട്ടറിയായിരുന്നല്ലോ. ഇങ്ങോട്ട് ചോദിക്കുമ്പോൾ അങ്ങോട്ടും കിട്ടുമെന്ന് സി.പി.എം ഓർക്കണമെന്നും സിപിഎമ്മിനെ പരിഹസിച്ച് വി.ഡി സതീശൻ പറഞ്ഞു. Content Highlights: Allegations of a secret pact between CPM and BJP in key constituencies., Claims regarding ED's selective investigation post-Thrissur election., UDF's projection to win over 100 seats in the upcoming election., Criticism of Pinarayi Vijayan's historical political associations. Published: 23 Mar 2026, 06:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സിപിഎം- ബിജെപി ഡീൽ പൊളിക്കും, 100 ൽ അധികം സീറ്റുകളുമായി UDF അധികാരത്തിലെത്തും- വി.ഡി സതീശൻ
M
MathrubhumiSource Link
about 2 months ago