കവലയിൽ ഗതാഗത-വേഗനിയന്ത്രണ സംവിധാനങ്ങൾ വേണം To advertise here, കറുകച്ചാൽ : ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ എൻഎസ്എസ്‌പടിയിൽ സുരക്ഷാ ക്രമീകരണങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മൂന്ന് സ്‌കൂളുകൾ, ആശുപത്രി, ഹോസ്റ്റൽ തുടങ്ങി വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കവലയിൽ എപ്പോഴും തിരക്കാണ്. നാല് വശങ്ങളിൽനിന്നുള്ള റോഡുകൾ സംഗമിക്കുന്ന കവലയിൽ ഗതാഗത നിയന്ത്രണത്തിനും വേഗ നിയന്ത്രണത്തിനും ക്രമീകരണങ്ങളില്ല. തിരക്കിനിടയിലൂടെ വേണം വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്ക് സഞ്ചരിക്കാൻ. ആകെയുള്ളത് ഒരു സീബ്രാവരമാത്രമാണ്. ഇതൊഴിച്ചാൽ ക്രമീകരണങ്ങളൊന്നുമില്ല. അപകട സാധ്യതയേറിയ ഭാഗത്ത് അധിക സുരക്ഷ ഒരുക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശ്രദ്ധതെറ്റിയാൽ അപകടം പാലമറ്റം റോഡിൽനിന്നു വാഴൂർ റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്താണ് കൂടുതലും അപകടസാധ്യതയുള്ളത്. കറുകച്ചാൽ ഭാഗത്തുനിന്നു വരന്ന വാഹനങ്ങൾ പാലമറ്റം റോഡിലേക്ക് തിരിയുമ്പോഴും ഇതേ പ്രശ്‌നമാണ്. ചങ്ങനാശ്ശേരി-കറുകച്ചാൽ ഭാഗങ്ങളിൽനിന്നുവരുന്ന വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ റംബിൾ സ്ട്രിപ്പുകളോ മറ്റ് സംവിധാനങ്ങളോ സ്ഥാപിക്കേണ്ടതുണ്ട്. ഈ ഭാഗത്ത് തന്നെയാണ് ബസ്‌സ്റ്റോപ്പുകളും പ്രവർത്തിക്കുന്നത്. ബസുകൾ കവലയുടെ നടുക്ക് നിർത്തുമ്പോൾ ഗതാഗത തടസ്സവും ഡ്രൈവർമാരുടെ കാഴ്ചയും തടസ്സപ്പെടും. വേഗനിയന്ത്രണം അനിവാര്യം വാഴൂർ റോഡിൽ ഇരുവശത്തും വേഗനിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കണം. അപകട സാധ്യതയേറിയ കവലയാണെന്ന് പരിചയമില്ലാത്തവർക്ക് അറിയില്ല. സുരക്ഷാ ക്രമീകരണങ്ങൾ അനിവാര്യം. സി.ടി.അനൂപ്‌മോൻ. ബസ് ഡ്രൈവർ. അധികൃതരുടെ അനാസ്ഥ നൂറുകണക്കിന് വിദ്യാർഥികൾ, ആശുപത്രിയിലേക്കുള്ള രോഗികൾ തുടങ്ങി ആളുകളെത്തുന്ന ഒരു കവലയിൽ സുരക്ഷ ഒരുക്കാത്തത് അധികൃതരുടെ അനാസ്ഥയാണ്. വളരെ ബുദ്ധിമുട്ടിയാണ് ആളുകൾ റോഡ് മുറിച്ചുകടക്കുന്നത് പോലും. പി.ടി.സുജിത്ത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ.
