തിരുവനന്തപുരം : സംസ്ഥാനത്തെ ഐടി പാർക്കുകളിലും ഷോപ്പിങ് മാളുകളിലും ഉൾപ്പെടെ രാത്രികാലത്ത് ജോലിചെയ്യുന്ന സ്ത്രീകളുടെ യാത്രയിലെ സുരക്ഷാപ്രശ്നങ്ങൾ വനിതാ കമ്മിഷൻ പഠിക്കും. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ആറു ജില്ലകളിലെ നഗരമേഖലകളിൽ സർവേവഴി വിവരശേഖരണം നടത്തും. സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ സുരക്ഷാപ്രശ്നങ്ങൾ പരിഹരിക്കാനാണ് കമ്മിഷന്റെ ശ്രമം. To advertise here, ഐടി പാർക്കുകൾ, മാളുകൾ, ആശുപത്രികൾ തുടങ്ങി സ്ത്രീകൾ രാത്രി ഷിഫ്റ്റിൽ ജോലിചെയ്യുന്ന 32 തൊഴിൽ മേഖലകളിൽ കമ്മിഷൻ പബ്ലിക് ഹിയറിങ് നടത്തിയിരുന്നു. രാത്രിയാത്രയ്ക്ക് സുരക്ഷാപ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു കമ്മിഷന് കിട്ടിയ മറുപടി. സ്ത്രീകളുടെ തുറന്നുപറച്ചിലാണ് കൂടുതൽ പഠനത്തിനുള്ള പ്രേരണ. പൊതുവാഹനങ്ങളുടെ കുറവ്, ഉണ്ടായാൽത്തന്നെ സുരക്ഷ ഉറപ്പാക്കാനാവുന്നില്ല തുടങ്ങിയ പ്രശ്നങ്ങളാണ് സ്ത്രീകൾ ചൂണ്ടിക്കാട്ടിയത്. കമ്മിഷൻ ചുമതലപ്പെടുത്തുന്ന ഏജൻസിയുടെ പഠന റിപ്പോർട്ടും പരിഹാരനിർദേശങ്ങളും സർക്കാരിനു കൈമാറും. സ്വകാര്യമേഖലയിലുൾപ്പെടെ തൊഴിലിടങ്ങളിലേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവരുന്നതിനാൽ തദ്ദേശസ്ഥാപനങ്ങൾ, പോലീസ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹായത്തോടെ സ്ത്രീകൾക്കു സുരക്ഷയൊരുക്കുകയാണ് ലക്ഷ്യം. എല്ലാ ജില്ലകളിലും തൊഴിലിടങ്ങളിൽ പോഷ് ആക്ട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സ്ത്രീകൾക്കു ബോധവത്കരണവും കമ്മിഷൻ പരിഗണിക്കുന്നുണ്ട്. പൊതുഇടങ്ങളിൽ ബോധവത്കരണത്തിന് രാത്രി ഏഴുമുതൽ ഒൻപതുവരെ നൈറ്റ് ഫെസ്റ്റ് നടത്തും. പൊതുജനങ്ങളെക്കൂടി ഉൾപ്പെടുത്തി രാത്രികാലത്ത് സ്ത്രീകളുടെ സുരക്ഷിതയാത്രയെപ്പറ്റി സന്ദേശം നൽകുകയാണ് ലക്ഷ്യം. തിരഞ്ഞെടുത്ത ജില്ലകളിൽ ശില്പശാലകൾ, സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തുടങ്ങിയവയും ഉണ്ടാകും. പഠനത്തിലെ കണ്ടെത്തലുകളും ശുപാർശകളും ഉൾപ്പെടുത്തിയാണ് സർക്കാരിന് റിപ്പോർട്ട് നൽകുക. സുരക്ഷാസംവിധാനങ്ങളുടെ നിലവിലെ സ്ഥിതി മനസ്സിലാക്കുക, സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുക, പ്രതിവിധി നിർദേശിക്കുക, പരിഹരിക്കുക- ഇതാണ് സുരക്ഷാ ഓഡിറ്റിന്റെ ലക്ഷ്യം. ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ സർവേ, വിശകലനം, ആഴത്തിലുള്ള അഭിമുഖം, ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ എന്നിവ നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കുക. തൊഴിൽമേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുന്നകാലത്ത് ഇത്തരം പഠനവും പരിഹാരവും അനിവാര്യമാണ്. പി. സതീദേവി, അധ്യക്ഷ, സംസ്ഥാന വനിതാ കമ്മിഷൻ Content Highlights: Kerala Women`s Commission to study safety concerns of women working night shifts in IT parks, malls & more. Survey & public hearings to find solutions. Ensuring safe travel for all. Published: 04 Jan 2026, 07:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
