ഇന്ന് നഗരസഭാഅധ്യക്ഷയുടെ നേതൃത്വത്തിൽ ചർച്ച To advertise here, നിലമ്പൂർ : വഴിക്കടവ്, എടക്കര, പോത്തുകല്ല് ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ മുന്നറിയിപ്പില്ലാതെ ഓട്ടംനിർത്തിയത് യാത്രക്കാെര വലച്ചു. നിലമ്പൂരിൽനിന്ന് വഴിക്കടവ്, എടക്കര, പോത്തുകല്ല് ഭാഗത്തേക്കുപോകുന്ന സ്വകാര്യ ബസുകളാണ് ബുധനാഴ്ച ഉച്ചയോടെ മുന്നറിയിപ്പൊന്നുമില്ലാതെ പൊടുന്നനെ ഓട്ടം നിർത്തിയത്. നിലമ്പൂർ ഗവ. ഐ.ടി.ഐ.യുടെ മുൻവശം, വെളിയംതോട് എന്നിവിടങ്ങളിലെ റോഡിൽ കലുങ്ക് നിർമാണപ്രവൃത്തി കാരണം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിനാൽ സമയത്ത് പോയിവരാൻ കഴിയുന്നില്ലെന്ന് ആരോപിച്ചാണ് ഉച്ചയോടെ ബസ് തൊഴിലാളികൾ ഓട്ടം നിർത്തിയത്. ഇതേത്തുടർന്ന് ഈ ഭാഗങ്ങളിലേക്കുപോകുന്ന യാത്രക്കാർ ഏറെനേരം ബസ്സില്ലാതെ വലഞ്ഞു. രാവിലെ പുറപ്പെട്ട ദീർഘദൂര ഓട്ടംകഴിഞ്ഞ് തിരിച്ചുവരുന്ന ബസുകളും കെ.എസ്.ആർ.ടി.സി. ബസുകളുമാണ് കാത്തുനിന്ന യാത്രക്കാർക്ക് തുണയായത്. പ്രശ്നപരിഹാരത്തിനായി വ്യാഴാഴ്ച നഗരസഭാധ്യക്ഷയുടെ അധ്യക്ഷതയിൽ ഡി.വൈ.എസ്.പി., ജോയിന്റ് ആർ.ടി.ഒ., തഹസിൽദാർ, വില്ലേജ് ഓഫിസർ, ബസ് തൊഴിലാളികൾ തുടങ്ങിയവരുമായി രാവിലെ 11-ന് നഗരസഭയിൽവെച്ച് ചർച്ചനടത്തും. നിലമ്പൂർ ഗവ. ഐ.ടി.ഐ.യുടെ മുൻഭാഗത്തും വെളിയംതോടും മാസങ്ങളായി നടക്കുന്ന നിർമാണപ്രവൃത്തി ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. എല്ലാ ദിവസങ്ങളിലും ഇവിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഉച്ചയ്ക്കുശേഷം കുരുക്ക് വലിയതോതിലാണ് ഉണ്ടാകാറുള്ളത്. വെളിയംതോടിലെ ഗതാഗതക്കുരുക്ക് കാരണം വാഹനങ്ങളുടെ വരി ചന്തക്കുന്ന് വരെ നീണ്ടുപോകാറുണ്ട്. ചന്തക്കുന്നുമുതൽ നിലമ്പൂർവരെയുണ്ടാകുന്ന സ്വഭാവിക ഗതാഗതക്കുരുക്ക് കൂടിയാകുമ്പോൾ വാഹനങ്ങൾക്ക് മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. കരിമ്പുഴയിൽനിന്ന് പാത്തിപ്പാറ വഴി ഒരു ഭാഗത്തേക്കുള്ള ഗതാഗതം തിരിച്ചുവിടണമെന്ന നിർദ്ദേശം നേരത്തേ വെച്ചിരുന്നെങ്കിലും ഇപ്പോൾ പാത്തിപ്പാറയിലും റോഡ് പ്രവൃത്തി നടക്കുന്നത് ആ വഴിയുള്ള ഗതാഗതം തിരിച്ചുവിടൽ പ്രായോഗികമല്ലാതാക്കിയിട്ടുണ്ട്. ബസുകൾ വ്യാഴാഴ്ചയും നിർത്തിയിടേണ്ടിവരുമെന്ന് തൊഴിലാളികൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബസുടമകളും മറ്റും ഇടപെട്ട് നഗരസഭാധ്യക്ഷയുമായി ചർച്ചയ്ക്ക് അവസരമൊരുക്കിയത്.
