പള്ളുരുത്തി : ലോട്ടറിക്കടയിൽ മറന്നുവെച്ച സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചുനൽകി കടയിലെ ജീവനക്കാരനും കടയുടമയും മാതൃകയായി. ലോട്ടറിക്കടയിലെ ജീവനക്കാരൻ ശിവനും കടയുടമ ഷാനവാസുമാണ് രണ്ടുലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചുനൽകിയത്. പെരുമ്പടപ്പ് ഫോർച്യൂൺ ലക്കി സെന്ററിൽ ടിക്കറ്റ് എടുക്കാൻ ചെന്ന പെരുമ്പടപ്പ് സ്വദേശി ബെന്നിയുടെ ഭാര്യയാണ് രണ്ടുപവൻ തൂക്കമുള്ള സ്വർണമാല ഇവിടെ മറന്നുവെച്ചത്. അത് കിട്ടിയത് ജീവനക്കാരനായ ശിവനാണ്. അദ്ദേഹം ഉടനെ കടയുടമയായ ഷാനവാസിനെ വിവരമറിയിച്ചു. ഉടനെ ഇവർ രണ്ടുപേരും ചേർന്ന് സ്വർണമാല പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. രണ്ടുദിവസത്തിനുശേഷം, മാലയുടെ ഉടമസ്ഥർ പോലീസ് സ്റ്റേഷനിലെത്തി. തുടർന്ന് ഇൻസ്പെക്ടർ കിരൺ സി. നായർ, ശിവനെയും ഷാനവാസിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് അവരുടെ സാന്നിധ്യത്തിൽ മാല, അതിന്റെ ഉടമസ്ഥർക്ക് കൈമാറി. സ്വർണത്തിന് വില ഉയരുന്ന കാലത്തും സത്യസന്ധത കാണിച്ച നല്ല മനസ്സുകളെ പോലീസ് അഭിനന്ദിച്ചു. To advertise here, Published: 04 Jan 2026, 03:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
