Last Updated: 13 May 2026, 12:35 AM IST മുഖ്യമന്ത്രിയാരെന്ന തീരുമാനം ഇനിയും നീട്ടിക്കൊണ്ടുപോകരുത്. ജനത്തിന് ഈ നാടകം മടുത്തുകഴിഞ്ഞു ഈ മാസം നാലാംതീയതി കേരളത്തിലെ നിയമസഭാതിരഞ്ഞെടുപ്പുഫലം പുറത്തുവരുകയും യു.ഡി.എഫിന് നൂറ്റിരണ്ടുസീറ്റിന്റെ വൻഭൂരിപക്ഷമുണ്ടെന്നു വ്യക്തമാകുകയുംചെയ്തു. പത്താണ്ടത്തെ ഭരണപ്രകാരത്തിൽനിന്നൊരു വഴിമാറ്റമുണ്ടാകണമെന്ന ജനകീയാഭിലാഷത്തിന്റെ ബഹിർസ്ഫുരണമായിരുന്നു തിരഞ്ഞെടുപ്പുഫലം. ജനം തളികയിൽവെച്ചുനീട്ടിയ മഹാവിധി. ആ വിധിയെഴുത്തിന്റെ മഹത്ത്വവും സാരവും തെല്ലും ഉൾക്കൊണ്ടിട്ടില്ലാത്തവിധത്തിലാണ് യു.ഡി.എഫിലെ പ്രധാനകക്ഷിയായ കോൺഗ്രസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പുഫലമറിഞ്ഞ് ഒൻപതുദിവസം പിന്നിട്ടിട്ടും ഭരണസാരഥിയാകേണ്ട മുഖ്യമന്ത്രിയാരാകണമെന്നു നിശ്ചയിക്കാൻ ആ പാർട്ടിക്ക് സാധിച്ചിട്ടില്ല. ഇത് ദൗർഭാഗ്യകരമാണ്. അല്ല, അങ്ങനെ പറഞ്ഞാൽ പോരാ; ഇത് നിന്ദാർഹമാണ്. കേരളത്തിനൊപ്പം നിയമസഭാതിരഞ്ഞെടുപ്പുനടന്ന മറ്റു നാലു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിസഭയും സ്ഥാനമേറ്റുകഴിഞ്ഞു. ഭരണത്തിന്റെ നവയന്ത്രം അവിടങ്ങളിൽ ചലിച്ചുതുടങ്ങി. നമ്മുടെ സംസ്ഥാനത്താകട്ടെ, ഭരണം സ്തംഭനാവസ്ഥയിലായിത്തുടങ്ങിയിരിക്കുകയാണ്. സർക്കാർരൂപവത്കരണം വൈകിയതോടെ ദൈനംദിനപ്രവർത്തനങ്ങൾക്കപ്പുറമുള്ള ഭരണനടപടികൾ അവതാളത്തിലാണ്. പുതിയമന്ത്രിമാർ വരാതെ വകുപ്പുസെക്രട്ടറിമാരടക്കമുള്ള ഉന്നതോദ്യോഗസ്ഥർക്ക് ഭരണപരമായ തീരുമാനങ്ങളെടുക്കാനാകില്ല. ഇക്കണക്കിന് മന്ത്രിസഭ നിലവിൽവരുമ്പോഴേക്ക് ഭരണസംവിധാനമാകെ അലങ്കോലമാകാനാണു സാധ്യത. അതൊന്നു നേരേയാക്കിയെടുക്കാൻ പുതിയ മന്ത്രിമാരും ഉദ്യോഗസ്ഥരും ഇരട്ടിപ്പണിയെടുക്കേണ്ടിവരും. കേരളത്തിനൊപ്പം നിയമസഭാതിരഞ്ഞെടുപ്പുനടന്ന മറ്റു സംസ്ഥാനങ്ങളിൽ ഭരണമാറ്റപ്രക്രിയ കാര്യക്ഷമമായി നടന്നു. ഇവിടെയാകട്ടെ, ഭൂരിപക്ഷംനേടിയ മുന്നണിയിലെ പ്രധാനകക്ഷിയിൽ മുഖ്യമന്ത്രിസ്ഥാനത്തിനായി വ്യത്യസ്ത അവകാശവാദങ്ങളുള്ളതാണ് കാര്യങ്ങൾ വഷളാക്കിയത്. അത് ആ പാർട്ടിയുടെ ആഭ്യന്തരകാര്യമെന്നുപറഞ്ഞുതള്ളാനാകില്ല. ഒരു ജനവിധിയെയാണ് ആ പാർട്ടി ഇങ്ങനെ തട്ടിത്തട്ടിക്കളിക്കുന്നത്. അത് ജനാധിപത്യത്തോടും അതിന്റെ സത്തയായ ജനത്തോടുമുള്ള അനാദരമാണ്, വെല്ലുവിളിയാണ്. തീരുമാനമെടുക്കാൻശേഷിയില്ലാത്തൊരു സംവിധാനമായി ആ പാർട്ടിയുടെ ദേശീയനേതൃത്വം ജനങ്ങൾക്കുമുൻപിൽ പരിഹാസ്യമായിനിൽക്കുന്നു. മുഖ്യമന്ത്രി ആരാകണമെന്ന് നിയുക്ത എം.എൽ.എ.മാരിൽനിന്നും യു.ഡി.എഫിലെ ഘടകകക്ഷികളിൽനിന്നും അഭിപ്രായമാരായാൻ കോൺഗ്രസിന്റെ കേന്ദ്രദൂതരായി മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ ആദ്യം കേരളത്തിൽ വന്നു. മുഖ്യമന്ത്രിപദമോഹികളായ നേതാക്കളുമായി പിന്നീട് പാർട്ടി ദേശീയനേതൃത്വം ഡൽഹിയിൽ ചർച്ചനടത്തി. അതുകഴിഞ്ഞ് ഇന്നലെ കെ.പി.സി.സി.യുടെ മുൻ പ്രസിഡന്റുമാർ, നിലവിലെ വർക്കിങ് പ്രസിഡന്റുമാർ, അച്ചടക്കസമിതി ചെയർമാൻ എന്നിവരെ ഡൽഹിയിൽ വിളിപ്പിച്ച് അഭിപ്രായംതേടി. കൂടിയാലോചനകൾ രാഷ്ട്രീയപ്രക്രിയയുടെഭാഗമാണെന്നു ന്യായീകരിച്ചാലും തീരുമാനമെടുക്കലിലെ കാലതാമസം അക്ഷന്തവ്യമാണ്. കേരളം നൽകിയ അസാധാരണമായ ജനവിധിയെയാണ് കോൺഗ്രസ് ദേശീയനേതൃത്വം അപമാനിക്കുന്നത്. ഇത് ജനം ആ പാർട്ടിയിലും നേതാക്കളിലും മുന്നണിയിലുമർപ്പിച്ച വിശ്വാസത്തിന്റെ ലംഘനമാണ്. മുഖ്യമന്ത്രിയാരെന്ന തീരുമാനം ഇനിയും നീട്ടിക്കൊണ്ടുപോകരുത്. ജനത്തിന് ഈ നാടകം മടുത്തുകഴിഞ്ഞു. അഞ്ചുവർഷം ഭരണവുമായി മുന്നോട്ടുപോകണമെന്നും അതുകഴിഞ്ഞ് വീണ്ടുമൊരു നിയമസഭാതിരഞ്ഞെടുപ്പിനെ നേരിടേണ്ടതാണെന്നുമുള്ള ബോധം പാർട്ടിക്കും അതിന്റെ നേതാക്കൾക്കും ഉണ്ടാകണം. മുഖ്യമന്ത്രിപദതീരുമാനം നീളുന്ന ഓരോ നിമിഷത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിനുമേൽ കരിനിഴൽ കനക്കുകയാണ്. To advertise here, Published: 13 May 2026, 12:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
