അടിമാലി : ഹൈറേഞ്ചിലെ വിശ്വാസികളും വൈദികരും പരിശുദ്ധസഭയ്ക്ക് അഭിമാനമാണെന്ന് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ഡോ. ബസേലിയോസ് ജോസഫ് ബാവ. യാക്കോബായസഭാ ഹൈറേഞ്ച് മേഖലാ ആസ്ഥാന അരമനദേവാലയമായ അടിമാലി സെയ്ന്റ് പീറ്റേഴ്സ് ആൻഡ് സെയ്ന്റ് പോൾസ് പള്ളിയുടെ മൂറോൻ അഭിഷേകക്കൂദാശ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയ്ക്കും മെത്രാപ്പൊലീത്താമാർക്കും അടിമാലി സെയ്ന്റ് ജോർജ് യാക്കോബായ സിറിയൻ കത്തീഡ്രൽ പള്ളിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. തുടർന്ന് മെത്രാപ്പൊലീത്താമാരെ അരമനയിലേക്ക് ആനയിച്ചു. സന്ധ്യാപ്രാർഥനയെത്തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ മൂറോൻ അഭിഷേകക്കൂദാശ നടന്നു. മാത്യൂസ് മോർ അപ്രേം, ഏലിയാസ് മോർ യൂലിയോസ്, ഏലിയാസ് മോർ അത്താനാസിയോസ് എന്നിവരും സഭയിലെ നൂറോളം വൈദികരും ശുശ്രൂഷകരും സഹകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ശ്രേഷ്ഠ കാതോലിക്ക ബാവ ഉദ്ഘാടനംചെയ്തു. മേഖലാ മെത്രാപ്പൊലീത്താ ഏലിയാസ് മോർ അത്താനാസിയോസ് അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപതാ ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തി. ഡീൻ കുര്യാക്കോസ് എം.പി., എം.എൽ.എ.മാരായ എഫ്. രാജ, റോയി കെ. പൗലോസ്, ഷിബു തെക്കുംപുറം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ദിഖ്, അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ്, ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സ്നേഹവിരുന്നും നടന്നു. To advertise here, Published: 14 May 2026, 02:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
