കുടിവെള്ളം മുടങ്ങിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് വിദ്യാർഥികൾ To advertise here, ബെംഗളൂരു : ഹോസ്റ്റലിൽ മതിയായ സൗകര്യങ്ങളില്ലെന്ന് ആരോപിച്ച് നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ (എൻ.എൽ.എസ്.ഐ.യു.) രാത്രിയിൽ വിദ്യാർഥികളുടെ സമരം. കാമ്പസിലെ ബാസ്ക്കറ്റ് ബോൾ കോർട്ടിലായിരുന്നു ചൊവ്വാഴ്ച രാത്രി 10 മുതൽ ബുധനാഴ്ച പുലർച്ചെവരെ വിദ്യാർഥികൾ സമരംനടത്തിയത്. പെൺകുട്ടികളുടെ ഹോസ്റ്റലിൽ കുടിവെള്ളവിതരണം മുടങ്ങിയിട്ടും നടപടിയെടുക്കാതിരുന്നതിനാലാണ് രാത്രിയിൽ തന്നെ സമരംനടത്തിയത്. ഹോസ്റ്റലിൽ കുത്തിനിറച്ചു വിദ്യാർഥിനികളെ താമസിപ്പിച്ചിരിക്കുകയാണെന്ന് വിദ്യാർഥികളുടെ സംഘടനയായ സ്റ്റുഡന്റ് ബാർ അസോസിയേഷൻ ആരോപിച്ചു. ഇവിടെ അടിസ്ഥാനസൗകര്യംപോലുമില്ലെന്ന് വിദ്യാർഥിനികൾ ആരോപിച്ചു. മുറികളിൽ സ്ഥലമില്ലാത്തതിനാൽ തട്ടുകളായിടുള്ള കട്ടിലുകൾ അടുത്തടുത്ത് ഇട്ടാണ് താമസിപ്പിച്ചിരിക്കുന്നത്. കുടുസുമുറികളിൽ ഇത്തരത്തിൽ കഴിയേണ്ടിവരുന്നത് പഠനത്തെ ബാധിക്കുന്നുവെന്നും ആരോപിച്ചു. താത്കാലികമായിട്ടാണ് ഈ സംവിധാനമെന്ന് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കൂടുതൽ വിദ്യാർഥിനികളെ ഇങ്ങനെയാണ് താമസിപ്പിച്ചിരിക്കുന്നതെന്നും ഇവർ ആരോപിച്ചു. ദേശീയതലത്തിൽ മുൻനിരയിലുള്ള നിയമവിദ്യാഭ്യാസ സ്ഥാപനമാണ് എൻ.എൽ.എസ്.ഐ.യു. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുകയും നിലവിലുള്ള കോഴ്സുകളിൽ സീറ്റ് വർധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനനുസരിച്ച ഹോസ്റ്റൽ സൗകര്യം ഒരുക്കിയില്ല. 2021-ൽ ബി.എ.എൽ.എൽ.ബി. സീറ്റുകളുടെ എണ്ണം 120-ൽ നിന്ന് 310 ആയി ഉയർത്തി. 2022-ൽ പുതിയ മൂന്ന് വർഷ എൽ.എൽ.ബി. കോഴ്സ് ആരംഭിച്ചു. 120 സീറ്റുകളാണ് ഈ കോഴ്സിലുള്ളത്. കഴിഞ്ഞവർഷം ആരംഭിച്ച ബിരുദകോഴ്സിലും 60 വിദ്യാർഥികളുണ്ട്. പുതിയ ഹോസ്റ്റൽ ആരംഭിക്കുമെന്ന് അറിയിച്ചുവെങ്കിലും ഇതുവരെ സാധ്യമായിട്ടില്ല. Published: 14 May 2026, 12:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
