ടെഹ്റാൻ: മധ്യപൂർവദേശത്ത് നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്കിടയിൽ, രേഖകൾ പ്രകാരം വർഷങ്ങൾക്കുമുമ്പ് പൊളിച്ചുനീക്കിയ കപ്പലുകൾ വീണ്ടും സമുദ്രപാതകളിൽ പ്രത്യക്ഷപ്പെടുന്നതായി വിവരം. അഞ്ച് വർഷംമുമ്പ് ബംഗ്ലാദേശിൽവെച്ച് പൊളിച്ചതായി രേഖപ്പെടുത്തിയ നബീൻ (Nabiin) എന്ന എണ്ണക്കപ്പൽ അടുത്തിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്നതായ റിപ്പോർട്ടാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്. To advertise here, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ ജലപാത മുറിച്ചുകടക്കുന്ന രണ്ടാമത്തെ 'സോംബി കപ്പൽ' (zombie ship) ആണിത്. യഥാർത്ഥത്തിൽ പൊളിച്ചുനീക്കിയ ഒരു കപ്പലിന്റെ ഐഡന്റിറ്റി ഉപയോഗിച്ച് സർവീസ് നടത്തുന്ന കപ്പലുകളെയാണ് 'സോംബി ടാങ്കറുകൾ' എന്ന് വിളിക്കുന്നത്. യുഎസും ഇസ്രയേലുമായി നിലനിൽക്കുന്ന യുദ്ധസാഹചര്യത്തിൽ ഇറാൻ ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങൾ മറികടക്കാൻ കപ്പൽ ഉടമകൾ ഇത്തരം 'സോംബി കപ്പലുകളുടെ' വ്യാജ ഐഡന്റിറ്റി ഉപയോഗിക്കുന്നു എന്ന സംശയത്തിലേക്കാണ് ഇത്തരം റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത്. ഷിപ്പ് ട്രാക്കിങ് വിവരങ്ങൾ പ്രകാരം നബീൻ എന്ന കപ്പൽ ഞായറാഴ്ച വൈകുന്നേരം പേർഷ്യൻ ഗൾഫിലുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയായപ്പോഴേക്കും അത് ഒമാൻ ഉൾക്കടലിലെത്തി. എന്നാൽ, 2002-ൽ നിർമ്മിച്ച ഈ അഫ്രാമാക്സ് (Aframax) വിഭാഗത്തിൽപ്പെട്ട കപ്പൽ അഞ്ച് വർഷം മുമ്പ് ബംഗ്ലാദേശിലെ കപ്പൽ പൊളിക്കൽ ശാലയിലേക്ക് അയച്ചതാണെന്ന് ബ്ലൂംബെർഗ് ന്യൂസ് ശേഖരിച്ച രേഖകൾ വ്യക്തമാക്കുന്നു. യുദ്ധം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പേർഷ്യൻ ഗൾഫിൽ പ്രവേശിച്ച നബീൻ, ഇറാഖിലെ ഖോർ അൽ സുബൈറിലേക്കാണ് (Khor Al Zubair) തങ്ങൾ പോകുന്നതെന്നാണ് അറിയിച്ചിരുന്നത്. സിഗ്നലുകളിലെ തടസ്സങ്ങൾ കാരണം ഇതിന്റെ കൃത്യമായ നീക്കങ്ങൾ വ്യക്തമല്ലെങ്കിലും, ഗൾഫിൽ നിന്ന് പുറത്തുകടക്കുമ്പോൾ കപ്പലിൽ പൂർണമായും ചരക്കുകൾ നിറച്ചിരിക്കുകയായിരുന്നു എന്ന് ട്രാക്കിങ് വിവരങ്ങൾ സൂചിപ്പിക്കുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുഹിത് മാരിടൈം എഫ്.ഇസഡ്.ഇ. (Muhit Maritime FZE), സഗിറ്റ മാരിടൈം കമ്പനി ലിമിറ്റഡ് (Sagitta Maritime Co Ltd) എന്നിവരാണ് ഈ കപ്പലിന്റെ ഉടമകളും മാനേജർമാരുമായി അന്താരാഷ്ട്ര ഡാറ്റാബേസായ ഇക്വാസിസിൽ (Equasis) രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ കമ്പനികളുമായി ബന്ധപ്പെടാൻ നടത്തിയ ഫോൺ കോളുകളും ഇമെയിലുകളും പരാജയപ്പെട്ടതായും വൃത്തങ്ങൾ അറിയിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യയിലെ ഒരു പൊളിക്കൽ ശാലയിൽ ഉണ്ടായിരുന്ന ജമാൽ (Jamal) എന്ന കപ്പലും ഇത്തരത്തിൽ ഹോർമുസ് കടന്നിരുന്നു. അതേസമയം, നബീൻ എന്ന പേരിൽ സഞ്ചരിക്കുന്നത് ഒരു എണ്ണക്കപ്പലാണോ എന്ന കാര്യം ബ്ലൂംബെർഗിന് സ്ഥിരീകരിക്കാനായിട്ടില്ല. അമേരിക്കയുടെയും ഇറാന്റെയും ഭീഷണികൾക്കിടയിൽ ഹോർമുസ് ജലപാതയിലൂടെയുള്ള ചരക്ക് നീക്കം അതീവ സങ്കീർണമായി തുടരുകയാണ്. ഫെബ്രുവരി അവസാനത്തോടെ മിഡിൽ ഈസ്റ്റിൽ യുദ്ധം ആരംഭിച്ചതു മുതൽ ഹോർമുസ് കടലിടുക്ക് ഫലത്തിൽ അടച്ചിട്ടിരിക്കുകയാണ്. നിലവിൽ, ഇറാനുമായി ബന്ധമുള്ളതോ അല്ലെങ്കിൽ ഇറാന്റെ അനുമതി ലഭിച്ചതോ ആയ ചുരുക്കം ചില കപ്പലുകൾ മാത്രമാണ് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്നത്. ട്രാക്കിങ് ഒഴിവാക്കാൻ പല കപ്പലുകളും തങ്ങളുടെ ജിയോലൊക്കേഷൻ സിഗ്നലുകൾ ഓഫ് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലും ചരക്കുകൾ കടത്തിക്കൊണ്ടുപോകാൻ കപ്പൽ ഉടമകൾ എത്രത്തോളം വലിയ ശ്രമങ്ങളാണ് നടത്തുന്നത് എന്നതിന്റെ തെളിവാണ് നബീനും ജമാലും. ഇത്തരത്തിൽ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് കപ്പലുകൾ സഞ്ചരിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ സുരക്ഷാ ആശങ്കകൾക്ക് വഴിവെക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. ശനിയാഴ്ച വൈകീട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാന് രണ്ട് ദിവസത്തെ സമയം നൽകിയിരുന്നു. അല്ലാത്തപക്ഷം ഇറാന്റെ ഊർജ്ജകേന്ദ്രങ്ങൾ ബോംബിട്ട് തകർക്കുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. അതേസമയം ആക്രമണം ഉണ്ടായാൽ കടലിടുക്ക് പൂർണമായും അടയ്ക്കുമെന്ന് ഇറാനും ഭീഷണി മുഴക്കിയിരുന്നു. പിന്നാലെ, തിങ്കളാഴ്ചയോടെ ട്രംപ് ഈ സമയപരിധി അഞ്ചുദിവസത്തേക്ക് കൂടി നീട്ടി. Content Highlights: Identified a 'zombie ship' (Nabiin) that was officially scrapped in 2019. Highlights the trend of vessels adopting identities of demolished ships to bypass sanctions. Reports on the geopolitical tension in the Strait of Hormuz amid Middle East conflict. Exposes potential fraudulent maritime practices by Dubai-based entities. Published: 23 Mar 2026, 06:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
