ന്യൂഡൽഹി: രണ്ട് ലോകകപ്പ് കിരീടങ്ങൾ നേടിയ ഇന്ത്യൻ ടീമുകളിൽ അംഗമാകാൻ കഴിഞ്ഞ അപൂർവം ക്രിക്കറ്റ് താരങ്ങളിലൊരാളാണ് മലയാളി താരം എസ്. ശ്രീശാന്ത്. 2007-ലെ പ്രഥമ ടി20 ലോകകപ്പും 2011-ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാൽ 2013-ൽ ഐ.പി.എലിനിടെയുണ്ടായ വാതുവെപ്പ് വിവാദം കരിയറിൽ കരിനഴൽവീഴ്ത്തി. കേസിൽ 2015-ൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും, 2013-ൽ ഒരു മാസത്തോളം ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയേണ്ടിവന്നിരുന്നു. To advertise here, രാജസ്ഥാൻ റോയൽസ് ടീമിലെ സഹതാരങ്ങളായ അജിത് ചാന്ദില, അങ്കീത് ചവാൻ എന്നിവർക്കൊപ്പമായിരുന്നു ശ്രീശാന്തിന്റെ ജയിൽവാസം. ഇന്ത്യയ്ക്കായി 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ശ്രീശാന്ത്, കഠിനമായ ആ ജയിൽവാസക്കാലം അതിജീവിച്ചത് ഭാര്യ ഭുവനേശ്വരി ദേവി കാരണമാണെന്ന് തുറന്നുപറയുന്നു. ജയ്പുരിലെ ശെഖാവത് രാജകുടുംബാംഗമാണ് ഭുവനേശ്വരി. ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് ശ്രീശാന്ത് തന്റെ പ്രണയത്തെക്കുറിച്ചും പ്രതിസന്ധിഘട്ടത്തിൽ ഭാര്യയും കുടുംബവും എങ്ങനെ കൂടെനിന്നു എന്നതിനെക്കുറിച്ചും വെളിപ്പെടുത്തിയത്. 2007-ൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിനിടെയാണ് ഇരുവരും ആദ്യമായി കാണുന്നത്. ഒരു സ്‌കൂൾ പരിപാടിയിൽ അതിഥിയായി പോയപ്പോഴായിരുന്നു അത്. തൊട്ടടുത്തദിവസം കളിക്കളത്തിൽവെച്ചും മൂന്നുവർഷങ്ങൾക്കുശേഷം ഒരു പൂൾസൈഡിൽവെച്ചും അവർ വീണ്ടും കണ്ടുമുട്ടി. ഇൻഡോറിൽ വെച്ചായിരുന്നു നാലാമത്തെ കൂടിക്കാഴ്ച. അഞ്ചാമത്തെ കൂടിക്കാഴ്ചയിൽ, അതായത് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം ഇവരുടെ നിശ്ചയം കഴിഞ്ഞു. ജയിലിൽ കിടന്ന നാളുകളിൽ ആത്മഹത്യ ചെയ്യാതിരുന്നതിന് പ്രധാന കാരണം ഭുവനേശ്വരിയായിരുന്നെന്ന് ശ്രീശാന്ത് പറയുന്നു. 2010-ൽതന്നെ അവൾക്ക് വാക്ക് നൽകിയിരുന്നു, 2011 ലോകകപ്പ് ജയിച്ചാൽ വിവാഹം കഴിക്കാമെന്ന്. 2007-ൽ പത്താം ഗ്രേഡിൽ പഠിക്കുമ്പോൾ തുടങ്ങിയ ആ ബന്ധം 2013 വരെ തുടർന്നു. ഒടുവിൽ തനിക്ക് ജാമ്യം ലഭിക്കാൻ പ്രധാന കാരണമായതും ഭുവനേശ്വരിയുടെ ഇടപെടലുകളായിരുന്നു. തനിക്കുവേണ്ടി അഭിഭാഷകരുമായി സംസാരിക്കുന്നതിലും കേസിന്റെ കാര്യങ്ങൾ നോക്കുന്നതിലും ഭുവനേശ്വരി സജീവമായി മുന്നിലുണ്ടായിരുന്നുവെന്ന് ശ്രീശാന്ത് ഓർക്കുന്നു. രാജ്യംമുഴുവൻ തന്നെ വില്ലനായി ചിത്രീകരിച്ചപ്പോഴും അവളുടെ കുടുംബം ഒരു പാറപോലെ നിന്ന് പിന്തുണച്ചു. ഡൽഹി പോലീസിന്റെ കസ്റ്റഡിയിലായിരുന്ന 12 ദിവസങ്ങളും തിഹാർ ജയിലിലെ 27 ദിവസങ്ങളും സാധാരണ ജീവിതത്തിലെ നമ്മുടെ പ്രശ്‌നങ്ങൾ എത്ര ചെറുതാണെന്ന് മനസ്സിലാക്കിത്തന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.
