കണ്ണൂർ: സുരക്ഷാഭീഷണിയുടെ പേരിൽ സംസ്ഥാനത്തെ നേതാക്കൾക്ക് അനുവദിച്ച ഗൺമാന്മാരുടെ വിവരം പോലീസ് ആസ്ഥാനത്ത് ശേഖരിക്കുന്നു. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഗൺമാൻമാരെ തിരിച്ചുവിളിക്കുന്ന നടപടികൾ ആരംഭിച്ചു. കാര്യമായ ഭീഷണിയൊന്നുമില്ലാത്ത നേതാക്കൾവരെ വർഷങ്ങളായി സഞ്ചരിക്കുന്നത് പ്രത്യേക സുരക്ഷയിലാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്. To advertise here, കലുഷിതമായ രാഷ്ട്രീയസംഘർഷം നിലനിൽക്കുന്ന സന്ദർഭങ്ങളിൽ എതിരാളികളുടെ ഭീഷണി കണക്കിലെടുത്ത് രഹസ്യാന്വേഷണവിഭാഗം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയനേതാക്കൾക്ക് സുരക്ഷയൊരുക്കിയത്. ജില്ലാ-സംസ്ഥാന നേതാക്കൾ മാത്രമല്ല പ്രാദേശിക നേതാക്കൾക്കുമുണ്ട് പോലീസ് സുരക്ഷയും ഗൺമാനും. സംഘർഷാവസ്ഥ നിലനിൽക്കുന്ന ജില്ലകളിലെ നേതാക്കളാണ് പോലീസിന്റെ സുരക്ഷാപട്ടികയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യമന്ത്രിയാകുന്നതിനുമുമ്പ് തന്നെ പോലീസ് സുരക്ഷയുണ്ട്. രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ടനുസരിച്ചാണ് പ്രത്യേക സുരക്ഷയൊരുക്കിയത്. നിലവിൽ ഗൺമാന്റെ സുരക്ഷയുള്ള നേതാവാണ് സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജൻ. അദ്ദേഹത്തോടൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം ഇടതുപക്ഷസർക്കാർ വർധിപ്പിച്ചിരുന്നു. ഗണപതിയെക്കുറിച്ചുള്ള പ്രസ്താവനയെത്തുടർന്ന് സ്പീക്കർ എ.എൻ.ഷംസീറിന്റെ സുരക്ഷ സർക്കാർ വർധിപ്പിച്ചിരുന്നു. മുൻ മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.പി.ജയരാജൻ എന്നിവർക്കും പോലീസ് സംരക്ഷണമുണ്ട്. ഹിന്ദു ഐക്യവേദി സംസ്ഥാന ആക്ടിങ് പ്രസിഡന്റും ആർ.എസ്.എസ്. സംസ്ഥാന നേതാവുമായ വത്സൻ തില്ലങ്കേരി, ബി.ജെ.പി.യുടെ അഖിലേന്ത്യാ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി, ബി.ജെ.പി. ദേശീയസമിതിയംഗം സി.കെ.പദ്മനാഭൻ, ബി.ജെ.പി. ദേശീയ നിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ്, മുൻ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ, മുസ്ലിം ലിഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി, ആർ.എസ്.എസ്. കണ്ണൂർ വിഭാഗ് കാര്യകാരി സദസ്യൻ ആറളം സജീവൻ എന്നിവർക്ക് പോലീസ് സുരക്ഷയുണ്ട്. ആർ.എസ്.എസ്. പ്രാന്തകാര്യ സദസ്യൻ വി.ശശിധരന് കേന്ദ്രസേനയായ സി.ഐ.എസ്.എഫിന്റെ സുരക്ഷയാണ്. ബി.ജെ.പി.യിൽനിന്ന് സി.പി.എമ്മിൽ ചേർന്ന മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ.വാസു, എ.അശോകൻ എന്നിവർക്കും സുരക്ഷയുണ്ട്. സി.പി.എമ്മിൽ കലാപമുയർത്തി പുറത്തിറങ്ങി മത്സരിച്ച് വിജയിച്ച പയ്യന്നൂരിലെ വി.കുഞ്ഞികൃഷ്ണൻ, തളിപ്പറന്പിലെ ടി.കെ.ഗോവിന്ദൻ, ആലപ്പുഴയിലെ ജി.സുധാകരൻ എന്നിവർക്ക് പോലീസ് നിരീക്ഷണവും സംരക്ഷണവുമുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു സി.പി.എം. കൗൺസിലർക്കും ഗൺമാനെ അനുവദിച്ചിരുന്നു. Content Highlights: State police headquarters is auditing the security and gunmen assigned to political leaders. Published: 14 May 2026, 07:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
