'കായ്ഫലം തരാൻ മടിക്കുന്ന പ്ലാവിനെ പാവാട ഉടുപ്പിച്ചാൽ പിറ്റേ വർഷം മുതൽ കായ്ച്ച് മറിയുമത്രേ !

'കായ്ഫലം തരാൻ മടിക്കുന്ന പ്ലാവിനെ പാവാട ഉടുപ്പിച്ചാൽ പിറ്റേ വർഷം മുതൽ കായ്ച്ച് മറിയുമത്രേ !

M
MathrubhumiSource Link
ക ഴിഞ്ഞ ആഴ്ചയാണ് എന്നോടൊപ്പം റാന്നി ഫ്‌ളൈയ്യിംഗ് സ്‌ക്വാഡിൽ ജോലി ചെയ്തിരുന്ന ഹരിപ്പാട് സ്വദേശിയായ പ്രകാശ് വിളിച്ചത്. അതിവിചിത്രമായ ഒരു കാര്യമാണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. ഒപ്പം അതിലുൾപ്പെട്ട ഒന്നുരണ്ട് ചിത്രങ്ങൾ അയച്ചുതരികയും ചെയ്തു. അദ്ദേഹം പറയുന്നത് മാതിരിയുള്ള എന്തെങ്കിലും ആചാരം ഞാൻ വനംവകുപ്പിൽ കയറുന്നതിന് മുമ്പ് ജോലി ചെയ്തിരുന്ന തമിഴ്‌നാട്ടിലെ ചെങ്കോട്ടയ്ക്ക് അടുത്തുള്ള കടയനല്ലൂരോ വർഷങ്ങൾക്ക് ശേഷം വാളയാറിൽ ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തപ്പോഴോ കേട്ടിട്ടുണ്ടോ എന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്. ചുരുക്കത്തിൽ പറഞ്ഞാൽ സംഗതി ഇതാണ്. To advertise here, വളർത്തി അനേക വർഷങ്ങളായിട്ടും കായ്ഫലം തരാൻ മടിക്കുന്ന ഫലവൃക്ഷങ്ങളെ മര്യാദ രാമന്മാരാക്കാനും നിറയെ വിളവ് നൽകാനുമായി അവയെ പഴയ പാവാട (സ്ത്രീകളുടെ അടിവസ്ത്രം) ഉടുപ്പിച്ചാൽ മതിയത്രേ! തീർത്തും പുതിയ അറിവാണ്. നാണിച്ച് വശംകെട്ടുപോകുന്ന വൃക്ഷങ്ങൾ പിറ്റേ വർഷം മുതൽ കായ്ച്ച് മറിയുമത്രേ! പ്ലാവിലും മാവിലും ആണ് ഇത് കൂടുതലായി ചെയ്ത് വരുന്നതെന്നും തമിഴ്‌നാട്ടിലെ ഉൾഗ്രാമത്തിൽ നിന്നും അദ്ദേഹത്തിന്റെ അയൽക്കാരായി എത്തിയ ഒരു കുടുംബം അത് വിജയകരമായി പരീക്ഷിച്ചുവെന്നുമാണ് അദ്ദേഹം പറയുന്നത്. അത് നേരിട്ട് കണ്ടപ്പോൾ അത് തീർത്തും അവിശ്വസനീയമായി തോന്നിയതിനാൽ പ്ലാവിനെ അത്തരത്തിൽ നാണം കെടുത്തി നിറുത്തിയിരിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം എനിക്കെടുത്ത് അയച്ചത്. എന്ത് പറയാനാണ്. എന്ത് പറയാനാണ്? ഓരോരോ വിശ്വാസങ്ങളേ...! ഞാനും അത് പറഞ്ഞ് കേട്ടിട്ടുണ്ട്. അതിൽ അടിസ്ഥാനമൊന്നുമില്ലെന്നും  എനിക്കറിയാം. എനിക്ക് മാത്രമല്ല പ്രകാശിനും അതറിയാം എന്നുറപ്പ്. വൃക്ഷങ്ങളുടെ ചെറിയ തോതിൽ ചുവട്ടിൽ തീയോ മറ്റോ ഇടുമ്പോൾ അതിജീവനത്തിനും പരമ്പരകളുടെ സൃഷ്ടിക്കുമായി അവ കായ്ച്ച് തുടങ്ങുമെന്ന് കേട്ടിട്ടുണ്ട്. ഇത് രണ്ടും ഞാൻ പരീക്ഷിച്ചിട്ടില്ല. പണ്ട് പ്ലാന്റേഷൻ കോർപ്പറേഷനിലെ റബ്ബർ എസ്റ്റേറ്റുകളിൽ പൈനാപ്പിൾ കൃഷിയിൽ ചെടികൾ ഒരേ സമയത്ത് പുഷ്പിക്കാനും ഒരുമിച്ച് വിളവെടുക്കാനുമായി 'എത്തിലിൻ' (Ethylene) വാതകം ഉത്പാദിപ്പിക്കുന്ന ഫ്‌ലവറിങ്ങ് ഹോർമോൺ ആയ 'എത്തഫോൺ' (Ethephon) സ്‌പ്രേ ചെയ്യുന്നതായി കണ്ടിട്ടുണ്ട്. അത്രമാത്രം! അതുപോലെ തന്നെ പ്രകാശ് റാന്നി റെയ്ഞ്ചിലെ ഒരു ഫോറസ്റ്റ് സ്റ്റേഷനിലെ ഒരു ഒ.പി.യിൽ (ഔട്ട് പോസ്റ്റ്) ഫോറസ്റ്റ് ഗാർഡായി (ഇന്ന് ആ തസ്തികയുടെ പേര് ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്നാക്കി) ജോലി ചെയ്യുന്ന സമയത്ത് കൂടെ ഉണ്ടായിരുന്ന വർഗീസ് എന്ന ഫോറസ്റ്റർ (പേര് സാങ്കൽപികം) അമാനുഷികമായ സാഹസിക പ്രകടനത്തോടെ പിടികിട്ടാപ്പുള്ളിയായ ഒരു പ്രതിയെപ്പിടിച്ച കഥയും പറയുകയുണ്ടായി. അതും കൂടി ഒന്ന് പറഞ്ഞ് പോകാം എന്ന് കരുതുന്നു. അത് പറയുന്നതിന് മുമ്പ് വനംവകുപ്പിലെ ജീവനക്കാരുടെ ഔട്ട് പോസ്റ്റ് ഡ്യൂട്ടിയെക്കുറിച്ച് ഒന്ന് സൂചിപ്പിക്കാം. ഓ പിയിൽ ജോലി ചെയ്യുമ്പോൾ സ്റ്റാഫുകൾക്ക് അറിയപ്പെടാത്ത അല്ലറച്ചില്ലറ സൗകര്യങ്ങൾ ഒക്കെയുണ്ട്. അതിൽ പ്രധാനം ഫോറസ്റ്റ് സ്റ്റേഷൻ മാതിരി എന്നും രാവിലെ ജനറൽ ഡയറിയിൽ ഒപ്പുവച്ച് ഡ്യൂട്ടിക്ക് ശാരീരികമായി ഹാജരാകേണ്ടതില്ല എന്നത് തന്നെ. പിന്നെ സാധാരണ ഗതിയിൽ ഫോറസ്റ്ററും ഗാർഡുമാരും മാത്രമുള്ള ഒ.പിയിലേയ്ക്ക് ഇൻസ്‌പെക്ഷനായി മുതിർന്ന ഓഫീസറന്മാരാരും ചെല്ലുകയുമില്ല. ഫോറസ്റ്റ് സ്റ്റേഷനിലാകട്ടെ അതിന്റെ ചുമതലയുള്ള ഡെപ്യൂട്ടി റെയ്ഞ്ചർ അന്നേദിവസം എട്ട് മണിക്ക് തന്നെ ജനറൽ ഡയറി ഒപ്പൺ ചെയ്ത് അതിൽ രേഖപ്പെടുത്തി സ്റ്റാഫുകളെ ഓരോ ഡ്യൂട്ടികൾക്കായി നിയോഗിക്കുകയാണ് പതിവ്. തങ്ങളെ ഏൽപ്പിക്കുന്ന ജോലി നിർവ്വഹിച്ചും പരിശോധിക്കാൻ ചുമതലപ്പെടുത്തിയ വനഭാഗങ്ങൾ പരിശോധിച്ചും തിരിച്ചെത്തുന്ന മുറയ്ക്ക് ജീവനക്കാർ ഡയറിയിൽ അത് രേഖപ്പെടുത്തുകയും ചെയ്യും. പിറ്റേന്ന് രാവിലെ തന്നെ അതിന്റെ കോപ്പി അതാത് റെയ്ഞ്ച് ഓഫീസിൽ എത്തിച്ചിരിക്കണം എന്നാണ് നിഷ്‌കർഷ. എന്നാൽ മുൻപൊക്കെ പെട്ടെന്ന് എത്തിപ്പെടാനാകാത്ത സ്ഥലങ്ങളിൽ ഉള്ള സ്റ്റേഷനുകളിലെ ചില വിരുതന്മാരെങ്കിലും ഒരാൾ വീട്ടിൽ പോയിട്ട് തിരികെ എത്താൻ വൈകുന്ന പക്ഷം സഹജീവനക്കാർ കക്ഷിക്ക് വേണ്ടി ഡയറിയിൽ തുല്യം ചാർത്തുന്നതും അല്ലെങ്കിൽ ഡയറി കോപ്പി അകലെയുള്ള റെയ്ഞ്ച് ഓഫീസുകളിലേയ്ക്ക് എത്തിക്കാൻ വൈകിപ്പിച്ച് അദ്ദേഹത്തിന് തിരിച്ചെത്തി ഒപ്പിടാനുള്ള അവസരം നൽകുകയും ചെയ്തിരുന്നതിനും ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ ഔട്ട് പോസ്റ്റുകളിലാകട്ടെ അത്തരം നൂലാമാലകളൊന്നുമില്ല. അവിടെ ഉള്ള 'മൂവ്‌മെന്റ് രജിസ്റ്റർ' (Movement Register) ജനറൽ ഡയറിയോളം അപകടകാരിയല്ല. അതുകൊണ്ട് തന്നെ തമ്മിൽ അഡ്ജസ്റ്റ് ചെയ്ത് വീട്ടിൽപ്പോകാനും മറ്റും അവിടെ സൗകര്യം കൂടുതലാണ്. പ്രത്യേകിച്ച് അനധികൃത മരം മുറിയോ മൃഗവേട്ടകളോ അനധികൃത കൈയ്യേറ്റമോ മണൽ കടത്തോ ഒന്നും ഇല്ലാത്ത സ്ഥലമാണെങ്കിൽ പറയാനുമില്ല. പ്രകാശ് ജോലി ചെയ്തിരുന്ന ഒ.പിയിലാകട്ടെ പൊതുജനങ്ങൾ മര്യാദക്കാരായതിനാൽ നിലവിലുള്ള പഴയ കുറച്ച് കേസ്സുകളല്ലാതെ പുതുതായി ആരും നിയമ ലംഘനത്തിൽ ഏർപ്പെടാറുമില്ല. ഇത് പറയുമ്പോൾ എനിക്ക് നേരിട്ട് പരിചയമുള്ളതും എന്നോടൊപ്പം ജോലി ചെയ്തിട്ടുള്ളതുമായ ഒരു ഫോറസ്റ്റ് ഗാർഡിന്റെ കാര്യം കൂടി പറഞ്ഞോട്ടെ. പണ്ടത്തെ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം വിവിധ കാര്യങ്ങളെക്കുറിച്ച് നല്ല അറിവുള്ളവനും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ അസ്സാരം നിപുണനുമായിരുന്നു. വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഒരു വന്യജീവി സങ്കേതത്തിലാണ് ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ കഴിവുകളിൽ അതിശയിച്ചുപോയ ഞാൻ അദ്ദേഹത്തിന്റെ അറിവും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള നൈപുണ്യവും കണക്കിലെടുത്തുതന്നെ അവിടെയെത്തുന്ന ഉത്തരേന്ത്യക്കാരും വിദേശികളും ഉൾപ്പെടുന്ന വിനോദയാത്രക്കാരോട് കാര്യങ്ങൾ വിശദീകരിക്കാനായി അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പക്ഷേ അദ്ദേഹത്തിന് ഒരു ചെറിയ കുഴപ്പം ഉണ്ടായിരുന്നു എന്നത് ഞാനറിഞ്ഞത് ലേശം വൈകിയാണ്. അദ്ദേഹത്തിന്റെ പെരുമാറ്റവും ജോലി ചെയ്യുന്നതിലുള്ള സന്നദ്ധതയും കാണുമ്പോൾ അതിലെന്നെ കുറ്റം പറയാനും ആകില്ലെന്ന് തോന്നുന്നു. അതായത് രണ്ടോ മൂന്നോ ആഴ്ച റെയ്ഞ്ചിലെ ക്വാർട്ടേഴ്‌സിൽ താമസിച്ച് ജോലി ചെയ്യുന്ന ഒരു ജീവനക്കാരൻ ഒന്ന് വീട്ടിൽ പോയിട്ട് വരട്ടെ സാർ എന്ന് അനുവാദം ചോദിക്കുമ്പോൾ ഏത് റെയ്ഞ്ച് ഓഫീസറും നിറഞ്ഞ മനസ്സോടെ അത് സമ്മതിക്കുമെന്നതിൽ സംശയമില്ലല്ലോ. പക്ഷേ പ്രശ്‌നവും അവിടെത്തന്നെയാണ്. അങ്ങനെ വീട്ടിൽപ്പോയാൽപ്പിന്നെ എത്രനാൾ കഴിഞ്ഞാലും അദ്ദേഹം തിരികെ എത്തുകയേയില്ല എന്നതാണത്! മൊബൈൽ ഫോണൊന്നും ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തെ ലാന്റ് ഫോണിൽ വിളിച്ച് വശം കെടുക എനിക്കും സ്റ്റാഫിനും പതിവായി. ഞാൻ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോഴാണ് ഒരു കാര്യം കൂടി വെളിവായത്. അപ്പോൾത്തന്നെ ഇരുപത്തഞ്ച് വർഷത്തോളം സർവ്വീസുണ്ടായിരുന്ന അദ്ദേഹം അതിനകംതന്നെ ഡെപ്യൂട്ടി റെയ്ഞ്ചർ ഗ്രേഡിലെങ്കിലും എത്തേണ്ടതായിരുന്നുവത്രേ. കൂടുതലും കേരളത്തിന്റെ വടക്കൻ മേഖലകളിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആ വിചിത്ര സ്വഭാവം കാരണം ഓരോയിടത്തും അടിക്കടി സസ്‌പെൻഷനുകൾ ഏറ്റുവാങ്ങുകയായിരുന്നു പതിവ്. അവസാനം സീനിയോറിറ്റിയേ വേണ്ടെന്ന് വച്ച് തെക്കോട്ട് സ്ഥലം മാറ്റം വാങ്ങി വരികയായിരുന്നു കക്ഷി എന്നതാണ് കഥയുടെ പശ്ചാത്തലം. എന്തായാലും സംഗതി വല്ലാത്ത പൊല്ലാപ്പായി എന്ന് പറഞ്ഞാൽ മതിയല്ലോ. ആൾക്കാരുമായി സംസാരിക്കാനും ടൂറിസം നടത്തിപ്പിനുമായി ഹെഡ് ക്വാർട്ടേഴ്‌സിലേയ്ക്ക് നിയമിച്ചിരുന്ന അദ്ദേഹത്തിന്റെ ആ വിചിത്ര സ്വഭാവം കാരണം ഞാനും അക്ഷരാർത്ഥത്തിൽ നട്ടം തിരിഞ്ഞു പോയി. പല പ്രാവശ്യവും വീട്ടിൽ നിന്ന് ആഴ്ചകൾക്കും മാസങ്ങൾക്കും ശേഷം തിരികെയെത്തിയപ്പോൾ ഞാനദ്ദേഹത്തെ എന്റെ ക്വാർട്ടേഴ്‌സിലേയ്ക്ക് വിളിച്ച് ഗുണദോഷിക്കുകയും ചെയ്തു. 'എന്താണെന്നറിയില്ല സാറേ... വീട്ടിലേയ്ക്ക് ചെന്ന് കഴിഞ്ഞാൽ സത്യത്തിൽ ജോലി ഉള്ളത് ഞാനങ്ങ് മറന്നേ പോകും.' എന്നായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ മറുപടി. വലിയ സാമ്പത്തിക ഭദ്രതയൊന്നും ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ വീട്ടുകാരോട് ഈ വിഷയം സംസാരിക്കാനും പരിഹാരമുണ്ടാക്കാനും ഞാൻ എന്റെ സുഹൃത്ത് കൂടിയായ ഫോറസ്റ്റർ വിവേകാനന്ദനെ ശട്ടം കെട്ടി. അപ്പോഴാണ് അതിവിചിത്രമായ മറ്റൊരു സംഗതി കൂടി വെളിവായത്. അദ്ദേഹം ജോലിയിൽ കയറി ഏഴെട്ട് കൊല്ലം കഴിഞ്ഞപ്പോഴുള്ള ഒരു സംഭവമാണ്. അതായത് പത്ത് മുപ്പത് വർഷം മുമ്പുള്ളത്. വടക്കൻ ജില്ലയിൽ അന്നദ്ദേഹം ജോലി ചെയ്തിരുന്ന ഒരു സെക്ഷൻ ഓഫീസിൽ നിന്നും (ഫീൽഡിലെ സെക്ഷൻ ഫോറസ്റ്ററുടെ ചാർജിലുള്ള ഓഫീസ്) വീട്ടിലേയ്ക്ക് പോന്നിട്ട് പതിവുപോലെ ജോലിയെപ്പറ്റിയോ മാസാമാസമുള്ള ശമ്പളത്തെപ്പറ്റിയോ ഒക്കെ മറന്ന് അദ്ദേഹം സ്വസ്ഥമായി കഴിയുകയായിരുന്നു. വീടിന് പുറത്ത് അധികം ഇറങ്ങാത്തതിനാലും നാട്ടിൽ അധികം സുഹൃത്തുക്കൾ ഇല്ലാത്തതിനാലും നാളുകൾ കടന്ന് പോകുന്നത് അദ്ദേഹം അറിഞ്ഞതേയില്ല. അവസാനം ദൈനംദിന ആവശ്യങ്ങൾക്ക് പോലും കാശില്ലാതെ വന്നതപ്പോഴാണ് ഭാര്യ വല്ലവിധേനയും അദ്ദേഹത്തെ കുത്തിപ്പൊക്കി തിരികെ ജോലിക്കായി അയച്ചത്. പക്ഷേ, അപ്പോഴേയ്ക്ക് മാസങ്ങൾ കുറെ കഴിഞ്ഞിരുന്നു. തിരികെ സെക്ഷനോഫീസിൽ എത്തിയപ്പോൾ അദ്ദേഹത്തെ തിരിച്ചറിയുന്ന ആരും ശേഷിച്ചിരുന്നില്ലത്രേ! മേലാഫീസറായിരുന്ന ഫോറസ്റ്റർ ഉൾപ്പടെ അവിടെ ഉണ്ടായിരുന്ന നാല് പേരും സ്ഥലം മാറിപ്പോകുകയും അവർക്ക് പകരം പുതിയ ആൾക്കാർ വരികയും ചെയ്തിരുന്നു. അവസാനം അവർക്ക് ആഹാരം പാചകം ചെയ്യാനായി സഹായിക്കുന്ന വാച്ചർ ഫീൽഡിൽ നിന്ന് എത്തിയപ്പോഴാണ് അദ്ദേഹം അവിടെ ജോലി ചെയ്തിരുന്ന ആളാണെന്നും ആൾ അപകടകാരിയല്ലെന്നും അവരൊക്കെ തിരിച്ചറിഞ്ഞത്! എന്തായാലും ആ വാച്ചർ സ്‌നേഹത്തോടെ അദ്ദേഹം കിടന്നിരുന്ന മുറിയിൽ ശേഷിച്ചിരുന്ന യൂണിഫോമും മറ്റ് അത്യാവശ്യം ജംഗമങ്ങളും വാരിക്കെട്ടി ഒരു മൂലയ്ക്ക് വച്ചിരുന്നു. പക്ഷെ ഭാണ്ഡക്കെട്ട് തുറന്നപ്പോഴാകട്ടെ അതിൽ പലതും അപ്പാടെ ചിതലരിച്ച നിലയിലും! വേതനരഹിത അവധിയായി കണക്കാക്കിയിരുന്നതിനാൽ ആരും അദ്ദേഹത്തെ അന്വേഷിക്കാനും മിനക്കെട്ടിരുന്നില്ല എന്നതായിരുന്നു സത്യം. അതിലും തമാശയായത് അപ്പോഴുള്ള പുതിയ ഫോറസ്റ്റർ 'നിങ്ങൾ എവിടെയായിരുന്നു ഇത്രനാളും', എന്ന് ചോദിച്ചപ്പോൾ അദ്ദേഹം കൊടുത്ത മറുപടിയാണ്. 'ഒന്ന് വീട്ടിൽപ്പോയിട്ട് വന്നതാണ് സാർ...!' എന്നാണത്രേ തികഞ്ഞ ഭവ്യതയിൽ അദ്ദേഹം മറുപടി പറഞ്ഞത്. ഒരു കാര്യം കൂടി പറഞ്ഞ് ഇത് അവസാനിപ്പിക്കാം. വേറെ നിവൃത്തിയില്ലാതെ മറ്റൊരു അവസരത്തിൽ അദ്ദേഹം വീട്ടിൽപ്പോയി തിരികെ വരാതായപ്പോൾ ഞാൻ മാസങ്ങൾക്ക് ശേഷം 'കക്ഷി അനധികൃതമായി ജോലിക്ക് ഹാജരാകുന്നില്ല' എന്ന് ഫോറസ്റ്ററുടെ കത്തിന്മേൽ മേലാവിലേയ്ക്ക് റിപ്പോർട്ട് ചെയ്യുകയും അദ്ദേഹത്തെ ജോലിയിൽ നിന്നും സസ്‌പെന്റ് ചെയ്യിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അതുകൊണ്ടും പ്രശ്‌നം അവസാനിച്ചിരുന്നില്ല.  സസ്‌പെൻഷന് ശേഷം നോട്ടീസുകൾക്കും ഓഫീസിൽ നിന്നയച്ച കത്തുകൾക്കും അദ്ദേഹത്തിൽ നിന്ന് യാതൊരു പ്രതികരണവും മറുപടിയും ലഭിച്ചില്ല. ഇങ്ങനെ ആഴ്ചകളും മാസങ്ങളും നീണ്ടപ്പോൾ വേറെ നിവൃത്തിയില്ലാതെ ഞാൻ തന്നെ വണ്ടി അയച്ച് വീട്ടിൽ നിന്നും കൂട്ടിക്കൊണ്ട് വന്ന് അദ്ദേഹത്തെ ജോലിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു എന്നതും പറഞ്ഞോട്ടെ. അദ്ദേഹത്തോട് ഇന്നും മനസ്സിൽ സ്‌നേഹം ഉള്ളത് കൊണ്ടാണ് സാങ്കൽപികമായി പോലും ഒരു പേരും ഞാനിവിടെ പരാമർശിക്കാത്തതും. ഇത് ഒരു ഒറ്റപ്പെട്ട കേസാണെന്ന് കരുതരുത്. കാരണം രണ്ട് ദശാബ്ദത്തിന് ശേഷം ഞാൻ ശെന്തുരുണിയിൽ ഡിഎഫ്ഓ ആയിരിക്കുമ്പോഴും അത്തരത്തിൽ വീട്ടിൽതന്നെ കഴിയുന്ന ഒരാളെക്കുറിച്ച് സുധീർ എന്ന റെയ്ഞ്ച് ഓഫീസർ പറഞ്ഞ് കേട്ടിരുന്നു. ഓഫീസിൽ നിന്ന് ആരെങ്കിലും വീട്ടിൽ അന്വേഷിച്ച് ചെന്നാൽ പിടികൊടുക്കാതെ അദ്ദേഹം മാറിക്കളയുകയും ചെയ്തിരുന്നത്രേ. എനിക്കദ്ദേഹത്തെ നേരിട്ട് പരിചയമില്ല. കാരണം ഞാൻ ജോലി ചെയ്തിരുന്ന രണ്ട് കൊല്ലവും അദ്ദേഹം ജോലിക്ക് വന്നിരുന്നില്ല എന്നത് തന്നെ. ആദ്യത്തെ വ്യക്തിയുടെ കഴിവുകൾ നേരിട്ടറിയാവുന്നതിനാൽ അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യിക്കേണ്ടി വന്നതിൽ എനിക്കിന്നും അതിയായ ദുഃഖമുണ്ട്. എന്റെ ജീവിതത്തിൽ ഞാൻ ഒരാളെ സസ്‌പെന്റ് ചെയ്യിക്കാനായി റിപ്പോർട്ട് ചെയ്യുന്നതും അത് മാത്രമാണ്. എന്റെ മുന്നിൽ മറ്റ് വഴികൾ ഇല്ലായിരുന്നുവെന്നതാണ് സത്യം. (അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. ആത്മാവിന് നിത്യശാന്തി നേരുന്നു.) പ്രകാശിന്റെ കഥയിൽ നിന്നും മാറി എന്റെ കഥയിലേയ്ക്ക് കുറെ വ്യാപരിച്ചുപോയി. അല്ലേ? നമുക്ക് തിരികെപ്പോകാം. പ്രകാശ് ജോലി ചെയ്തിരുന്ന ഒ.പി.യിൽ ഒരു ഫോറസ്റ്ററിന് പുറമേ രണ്ട് ഫോറസ്റ്റ് ഗാർഡുമാരുമാണ് ഉണ്ടായിരുന്നത്. അദ്ദേഹവും കൂട്ട് ഗാർഡും ദൂരെ സ്ഥലത്തുള്ളവരായതിനാൽ വീട്ടിൽ പോകാത്തപ്പോൾ സാധാരണയായി സ്ഥലത്ത് തന്നെ കാണും. എന്നാൽ വടശ്ശേരിക്കരക്കാരനായ ഫോറസ്റ്ററാകട്ടെ എന്നും കാലത്ത് ഇരുചക്രവാഹനത്തിൽ എത്തുകയും വൈകിട്ട് വീട്ടിൽ പോകുകയും ആയിരുന്നു പതിവ്. പോരാത്തതിന് അദ്ദേഹത്തിന് അല്ലറച്ചില്ലറ പണം വട്ടിപ്പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടും ഉണ്ടായിരുന്നത്രേ. അതിനായി ദിവസവും ഇത്തിരി നേരത്തെ സ്ഥലം കാലിയാക്കുകയും ചെയ്യും. അദ്ദേഹത്തിന് ഒരുഴപ്പനെന്ന പേരുണ്ടെങ്കിലും ആകെ മൊത്തം വലിയ അല്ലലില്ലാത കഴിഞ്ഞ് പോകുന്ന നാളുകൾ ആയിരുന്നു അത്. അങ്ങനെ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ സൊറ പറഞ്ഞിരുന്നിട്ട് ഫോറസ്റ്റർ പതിവുപോലെ വീട്ടിലേയ്ക്ക് പോകാനിറങ്ങിയ ഒരു ദിവസം. അപ്പോൾ അതാ വരുന്നു, ഇടയ്ക്ക് പ്രതികളുടെയൊക്കെ വിവരങ്ങളുമായി പ്രത്യക്ഷപ്പെടാറുള്ള ഒരു രഹസ്യവിവരദായകൻ! 'നിങ്ങൾ സംസാരിക്കൂ...' തടി കഴിച്ചിലാക്കാനുള്ള തിടുക്കത്തിൽ ഫോറസ്റ്റർ ബൈക്ക് സ്റ്റാർട്ടാക്കിക്കൊണ്ട് പറഞ്ഞു. 'അല്ല എനിക്ക് സാറിനോടാണ് പറയാനുള്ളത്' എന്നായി വന്നയാൾ. അക്ഷമയോടെ വാച്ചിൽ നോക്കി ഉള്ളിൽ പ്രാകിക്കൊണ്ടാവണം അദ്ദേഹം ബൈക്കിൽ നിന്നും തിരികെയിറങ്ങി. ആ രഹസ്യ വിവരദായകൻ പറഞ്ഞ കാര്യം ഇതാണ്. ദീർഘനാളായി സ്റ്റേഷനിൽ അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രതി 'ചെറുവെടിക്കാരൻ' ജെയിംസ് കോസ്​വേയ്ക്കപ്പുറത്തുള്ള (Causeway) ചാരായ ഷാപ്പിൽ അടിച്ച് ഫിറ്റായിരിക്കുകയാണ്. കൂടെ സഹായികളാരും ഇല്ല. (ചെറുവെടിയെന്ന് പറഞ്ഞാൽ ഇറച്ചിക്കായി മ്ലാവ്, പന്നി, പെരുമ്പാമ്പ്, കേഴ, കൂരൻ, മുള്ളൻ, ചെവിയൻ തുടങ്ങിയ ചെറിയ മൃഗങ്ങളെ വെടിവയ്ക്കുന്നയാൾ എന്നർത്ഥം. പിന്നെ വല്ലപ്പോഴും ഒരു ചെറിയ കാട്ടുപോത്തിനേയും തട്ടിയാലായി! എന്നാലും ആള് ആനയേയും കടുവയേയും പുലിയേയും ഒന്നും വീഴ്ത്തിയതായി വിവരമില്ലത്രേ!) ഫോറസ്റ്ററുടെ മനോഗതി ഏതാണ്ട് ഇപ്രകാരമായിരുന്നിരിക്കണം. എന്തായാലും ഇതിലും വലിയ ഒരു ചാൻസ് കിട്ടാനില്ല. കുറെ നാളായി അവനെ അന്വേഷിച്ച് നടക്കാൻ തുടങ്ങിയിട്ട്. വിചാരണ കോടതിയിൽ നിന്ന് വാറണ്ടുമായി രണ്ട് പ്രാവശ്യം വീട്ടിൽ ചെന്നപ്പോഴും അടുക്കളവാതിലിലൂടെ അവൻ ഓടിക്കളഞ്ഞിരുന്നു. അവനെ പിടിച്ചാൽ താൻ ജോലിക്കള്ളനാണെന്ന പേരും അതോടെ മാറിക്കിട്ടുകയും ചെയ്യും. തന്നെയുമല്ല കുറേക്കാലത്തേയ്ക്ക് ഒരുത്തനും തന്റെ ഏരിയയിലൊന്നും കേറി വിളയാടുകയുമില്ല. ഫീൽഡ് പരിശോധിച്ചെത്തിയ ഒരു താത്കാലിക വാച്ചറും രണ്ട് ഫോറസ്റ്റ് ഗാർഡുകളും താനും ഉൾപ്പടെ നാല് പേരുണ്ട്. (സാധാരണ ഗാർഡുമാർ തമ്മിൽ അഡ്‌ജെസ്റ്റ് ഒരാളേ കാണുക പതിവുള്ളൂ. എന്തോ ഭാഗ്യത്തിനാകാം അന്ന് രണ്ടുപേരും ഉണ്ടായിരുന്നതെന്ന് പ്രകാശ്.) നിരായുധനും ബോധം മറഞ്ഞവനുമായ ഒരുത്തന്നെ ഷാപ്പിൽ നിന്ന് പിടികൂടാൻ നാലുപേർ തന്നെ ധാരാളം! അവനിനി എങ്ങോട്ടാണ് ഓടുന്നതന്ന് കാണണമല്ലോ. ഗാർഡുമാർ ഇരുവരും അതിനിടയിൽ യൂണിഫോം എടുത്തിട്ടിരുന്നു. ഫോറസ്റ്റർ എന്തായാലും അത് വേണ്ടെന്ന് കരുതി. കാരണം റാന്നി റെയ്‌ഞ്ചോഫീസിൽ നിന്നും ജീപ്പ് വിളിച്ചുവരുത്തി അവനുമായി പോകുമ്പോഴും കോടതിയിൽ പോകുമ്പോഴും ഒക്കെ കളസം എടുത്തണിഞ്ഞാൽ മതിയല്ലോ. അലക്കി ഇസ്തിരിയിട്ട് വച്ചിരിക്കുന്നത് വെറുതെ അഴുക്കാക്കുകയും വേണ്ട. തലയും ചൊറിഞ്ഞ് നിന്ന രഹസ്യ വിവരദായകൻ ഫോറസ്റ്റർ കൊടുത്ത രണ്ട് മൂന്ന് ചെറിയ നോട്ടുകൾ എണ്ണിനോക്കാതെ കീശയിൽത്തിരുകി ഒരാൾക്ക് പണി കൊടുക്കാനായല്ലോ എന്ന ആത്മനിർവൃതിയിൽ അവിടെ നിന്നും പോയി. പോകുമ്പോഴും അയാൾ ഓർമ്മിപ്പിച്ചു. 'സാറന്മാര് സമയമെടുത്ത് പതിയെ ചെന്നാൽ മതി. അയാൾ പൂരെ ഫിറ്റാണ്. എങ്ങും പോവില്ല, അവിടെത്തന്നെ കാണും.' എന്നിരുന്നാലും പിന്നെ പ്രവർത്തനങ്ങളെല്ലാം എണ്ണയിട്ട യന്ത്രം മാതിരിയിരുന്നു. നാലുപേരും കോസ്] വേ കടന്ന് മറുവശത്തെത്തി. കവലയിൽ തിരക്കൊട്ടുമില്ല. സ്ഥിരമായി കാണുന്ന സാറന്മാരായതിനാൽ അധികമാരും ശ്രദ്ധിച്ചതുമില്ല.ഷാപ്പിനുള്ളിലേയ്ക്ക് കടന്നപ്പോൾ തൊള്ള നിറച്ച് മോന്തി തലയ്ക്ക് വെളിവില്ലാതെ ഇരുന്നിരുന്നിട്ടും ജെയിംസ് അവരെക്കണ്ട് ചാടിയെണിറ്റു അപ്പോൾ അയാൾ ബാലൻസ് തെറ്റി ഒരു വശത്തേയ്ക്ക് ചരിഞ്ഞ് വീണുപോയി എന്നാണ് പ്രകാശ് പറഞ്ഞത്. അതേ കിടപ്പിൽത്തന്നെ എടുത്തെറിയാനായി തന്നോടൊപ്പം വീണ ഒഴിഞ്ഞ ചാരായക്കുപ്പിയുടെ കഴുത്തിൽ കടന്ന് പിടിച്ചപ്പോഴേയ്ക്കും കക്ഷി വനംവകുപ്പുകാരുടെ പിടിയിൽ അമർന്ന് കഴിഞ്ഞിരുന്നു! എന്തായാലും അമിത ബലപ്രയോഗത്തിന് നിൽക്കാതെ അയാൾ കീഴടങ്ങിയെന്ന് പറഞ്ഞാൽ മതിയല്ലോ. വനംവകുപ്പ് ഏമാന്മാരുടെ വിളിയും അട്ടഹാസങ്ങളും ഒക്കെ കേട്ട് കാഴ്ചക്കാരായിരുന്ന സഹകുടിയന്മാർ അപ്പോഴേയ്ക്കും താന്താങ്ങാളുടെ ഗ്‌ളാസ്സുകളും കുപ്പികളും കുഞ്ഞുങ്ങളെ മാറോടണയ്ക്കുന്നത് മാതിരി എടുത്ത് വശങ്ങളിലേയ്ക്ക് മാറിനിൽക്കുകയായിരുന്നു. അന്നേരത്തെ ഉന്തിലും തള്ളിലും ജെയിംസിന് മുന്നിലെ മേശയിലെ പാത്രങ്ങളിൽ നിന്നും മത്തിയുടെ അസ്ഥികൂടങ്ങളും മീൻചാറും കപ്പയുടെ അവശിഷ്ടങ്ങളും ഉൾപ്പെടുന്ന 'ടച്ചിംഗ്‌സുകൾ' നിലത്ത് കൊളാഷ് ചിത്രങ്ങൾ വരഞ്ഞുകിടന്നു! രണ്ടുപേർ യൂണിഫോമിലായത് കൊണ്ടും അവരാരും ഷാപ്പിലെ പതിവുകാരല്ലാത്തതിനാലും കച്ചവടക്കാരനും ഒന്നും പറയാതെ നിന്നു. അപ്പോഴേയ്ക്കും ജെയിംസിനേയും കൊണ്ട് നാൽവർ സംഘം പുറത്തിറങ്ങി. പ്രതീക്ഷിച്ചത് പോലെ ആജാനുബാഹുവും ഭീകരനും ഒന്നും ആയിരുന്നില്ലത്രേ ജെയിംസ്. വിളിച്ചാൽ സ്റ്റേഷനിലേയ്ക്ക് വരുമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന അനുസരണയുള്ള ഒരു കൃശഗാത്രൻ എന്നാണ് പ്രകാശിന്റെ പക്ഷം. (പിന്നെന്തേ നിങ്ങൾ അതുവരെ അയാളെ ഒ.പി.യിലേയ്ക്ക് വിളിച്ചുവരുത്തിയില്ല എന്ന് കഥയ്ക്കിടയിൽ പ്രകാശിനോട് ചോദിച്ച് വെറുതെ അരസികനാകണ്ട എന്ന് ഞാൻ കരുതി.) എന്നിരുന്നാലും ജെയിംസിന്റെ ഷർട്ടിന്റെ കോളറിനകത്തുകൂടെ വലത് കൈ തരുകിക്കയറ്റിയാണ് ഫോറസ്റ്റർ വർഗ്ഗീസ് അയാളെ രക്ഷപ്പെട്ട് ഓടാനാകാതെ പിടിച്ചിരുന്നത്. പിടികിട്ടാപ്പുള്ളിയോടൊപ്പം നെഞ്ച് വിരിച്ച് ഗമയോടെ മുന്നിൽ നടന്നിരുന്നതും അദ്ദേഹം തന്നെ. ചെറിയ ബഹളമൊക്കെ കേട്ടാകണം അപ്പോഴേയ്ക്കും കുറച്ച് ആളുകളൊക്കെ അവിടെ കൂടിയിരുന്നുതാനും. അധികം ആഴത്തിലല്ലാതെ പമ്പയാറ് ഒഴുകുന്നതിന് മുകളിലുള്ള കോസ് വേയിലൂടെ നടന്ന് അയാളേയും കൊണ്ട് എഴുപത് മീറ്ററോളം ദൂരെയുള്ള ഔട്ട്‌പോസ്റ്റ് കെട്ടിടത്തിലേയ്ക്ക് എത്തുകയാണ് അടുത്ത പടി. പ്രതിയെ അണിയിക്കാനായി വിവരം അറിയിച്ച് സ്റ്റേഷനിൽ നിന്ന് വിലങ്ങ് എത്തിച്ചേ പറ്റൂ. ഔട്ട്‌പോസ്റ്റിൽ എത്തിച്ചാൽ തോർത്തോ ലുങ്കിയോ ഉപയോഗിച്ച് കൈകൾ കെട്ടി വിലങ്ങെത്തുന്നതുവരെ കാത്തിരിക്കാം. പ്രകാശ് മുന്നിലും തൊട്ടുപിറകിൽ പ്രതിയായ ജെയിംസും അയാളുടെ ഷർട്ടിന്റെ കോളറിൽ വലത് കൈപ്പത്തി തിരുകിക്കയറ്റിപ്പിടിച്ചിരിക്കുന്ന ഫോറസ്റ്ററർ വർഗ്ഗീസും അതിനും പിന്നിലായി കൂട്ട് ഗാർഡും വാച്ചറുമായി ആ സംഘം അക്കരയുള്ള വനംവകുപ്പിന്റെ കെട്ടിടത്തിലേയ്ക്ക് നടക്കുന്നത് അവിടത്തെ കരക്കാർക്ക് പതിവില്ലാത്ത ഒരു കാഴ്ചയായിരുന്നു! ആടുന്ന കാലുകളിൽ ഉഴറിനടന്ന പിടികിട്ടാപ്പുള്ളിയുമായി അവർ ഏതാണ്ട് അക്കരെ എത്തിയതാണ്. അപ്പോൾ തീരെ പ്രതീക്ഷിക്കാത്ത് സംഭവിച്ചു. നിരുപദ്രവകാരിയെന്ന് തോന്നിപ്പിച്ചിരുന്ന പ്രതി കൈതട്ടി കോസ് വേയിൽ നിന്ന് താഴെ പുഴയിലേയ്ക്ക് ഒരൊറ്റച്ചാട്ടം! കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് വലത് കൈപ്പത്തി പ്രതിയുടെ കോളറിനുള്ളിൽ കയറ്റിപ്പിടിച്ചിരുന്ന ഫോറസ്റ്റർ വർഗ്ഗീസും അടിതെറ്റി കോസ് വേയിൽ നിന്ന് നാലടിയോളം താഴെയുള്ള വെള്ളപ്പരപ്പിലേയ്ക്ക്! എല്ലാം വളരെ പെട്ടെന്നായിരുന്നു. പ്രകാശും സ്റ്റാഫുകളും മറുകരയിലേയ്ക്ക് ഓടിയെത്തി പുഴയിലേയ്ക്ക് ചാടിയപ്പോഴും കോളറിൽ കുരുങ്ങിപ്പോയ ''കൈപ്പത്തി'' വിടുവിച്ചെടുക്കാനായി അവരിരുവരും പഠിച്ച പണി പതിനെട്ടും നോക്കുകയായിരുന്നുവത്രേ! രക്ഷപ്പെടണം എന്ന് മാത്രമാണല്ലോ നിയമപാലകനും പ്രതിക്കും അപ്പോഴത്തെ ആഗ്രഹം! അഞ്ചുപേർ കൂട്ടത്തോടെ നടന്ന് പോകുന്നതും അതിനിടയിലുണ്ടായിരുന്ന പ്രതി രക്ഷപ്പെടാനായി പുഴയിലേയ്ക്ക് എടുത്ത് ചാടുന്നതും ജീവൻ പണയം വച്ച് കൂടെച്ചാടുന്ന ഫോറസ്റ്റർ അവനെ വിടാതെ പിടിക്കുന്നതും ഓടിയെത്തിയ ബാക്കിയുള്ളവർ അവരെ ഇരുവരേയും കരയ്ക്ക് കയറ്റുന്നതുമാണ് ഇരുകരകളിൽ നിന്നും ആൾക്കാർ കാണുന്നത്. തികച്ചും അതിസാഹസികവും അമാനുഷികവുമായ ഒരു പ്രകടനം!പെട്ടെന്നുണ്ടായ കെട്ടിമറിച്ചിലിൽ കലക്കവെള്ളം കുറച്ചകത്ത് പോയി ചെറുതായി വയറിളകിയെങ്കിലും അതോടെ ഉഴപ്പനാണെന്നുള്ള ഫോറസ്റ്ററുടെ പേര് മാറിക്കിട്ടിയത്രേ. പ്രതിയുടെ കോളറിനകത്ത് കുടുങ്ങിപ്പോയ അദ്ദേഹത്തിന്റെ വലത് കൈപ്പത്തിയിലെ നീരും വേദനയും രണ്ടുമൂന്നാഴ്ചക്കാലത്തെ ഉഴിച്ചിലും പിഴിച്ചിലും കൊണ്ട് മാറിക്കിട്ടി പൂർവ്വസ്ഥിതിയെ പ്രാപിക്കുകയും ചെയ്തു. അതെന്തായാലും സ്ഥലംമാറി അടുത്ത ലാവണത്തിലേയ്ക്ക് പോകുന്നത് വരെ 'എന്തിനും പോന്ന' ആ വനപാലകൻ ഒരു വീരനായകനായിത്തന്നെ തുടർന്നുവെന്നതാണ് കഥയുടെ പരിണാമഗുപ്തി! (തുടരും)

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'കായ്ഫലം തരാൻ മടിക്കുന്ന പ്ലാവിനെ പാവാട ഉടുപ്പിച്ചാൽ പിറ്റേ… | Boolokam