ന്യൂഡൽഹി: ഒരാൾ ഹിന്ദുവായി തുടരാൻ ക്ഷേത്രത്തിൽ പോകണമെന്നോ ആചാരം അനുഷ്ഠിക്കണമെന്നോ നിർബന്ധമില്ലെന്ന് സുപ്രീംകോടതി. സ്വന്തം വീട്ടിൽ വിളക്കുതെളിക്കുന്നതുപോലും ഒരാളുടെ വിശ്വാസം തെളിയിക്കാൻ മതിയായ കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒൻപതംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. To advertise here, ഹിന്ദുമതം ഒരു ജീവിതരീതിയാണെന്നും ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് പതിനഞ്ചാം ദിവസത്തെ വാദത്തിനിടെ കോടതി പറഞ്ഞു. മതസമുദായങ്ങൾക്ക് അകത്തുനിന്നുതന്നെ സാമൂഹികനീതിക്കായി ആവശ്യമുയരുന്നുണ്ടെന്ന് കേരളത്തിലെ ശ്രീനാരായണ മാനവധർമ ട്രസ്റ്റിനുവേണ്ടി പ്രൊഫ. ജി. മോഹൻ ഗോപാൽ കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദത്തോട് പ്രതികരിച്ചാണ് ഹിന്ദുമതം ഒരു ജീവിതരീതിയാണെന്ന് ബെഞ്ചിലെ ജസ്റ്റിസ് ബി.വി. നാഗരത്ന വാക്കാൽ പരാമർശിച്ചത്. ഭൂരിപക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യമാണെങ്കിലും ഭൂരിപക്ഷവാദത്തിന് ഭരണഘടനാവാദത്തെ മറികടക്കാനാവില്ലെന്ന് ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി നിരീക്ഷിച്ചു. ‘നമ്മുടെ ജനാധിപത്യത്തിൽ എണ്ണം പ്രധാനമാണ്. അത് ഭരണഘടനാ ജനാധിപത്യവുമാണ്. അതിനാൽ ഭൂരിപക്ഷം സ്വീകരിക്കുന്ന തീരുമാനങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കുന്നതിൽ കോടതികൾക്ക് പങ്കുവഹിക്കാനുണ്ട്’ എന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. മതപരമായ വിഷയങ്ങളിൽ ജുഡീഷ്യൽ പരിശോധനയ്ക്കുള്ള സാധ്യത പരിമിതമാണെന്നും കോടതികൾ അത് നിയമനിർമാണസഭകൾക്ക് വിടണമെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ (എസ്.ജി.) തുഷാർ മേത്ത പറഞ്ഞപ്പോഴാണ് കോടതിയുടെ പ്രതികരണം. അത് ഭൂരിപക്ഷവാദമാകുമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എ. അമാനുള്ള കേന്ദ്രവാദത്തോട് വിയോജിച്ചു. ജനാധിപത്യമെന്നാൽ ഭൂരിപക്ഷമെന്നാണ് അർഥമെന്ന് എസ്.ജി. പറഞ്ഞു. ഭൂരിപക്ഷ-ന്യൂനപക്ഷ തത്ത്വങ്ങൾക്ക് മതാചാരചോദ്യങ്ങളുമായി ബന്ധമൊന്നുമില്ലെന്ന് ചർച്ചയിലിടപെട്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് അവരുടെ മതവിശ്വാസവും ഭൂരിപക്ഷങ്ങൾക്ക് അവരുടെ വിശ്വാസവുമാകാം. ഭരണഘടനപ്രകാരം എല്ലാവർക്കും തുല്യ അവകാശങ്ങളാണുള്ളതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ആർത്തവത്തിലുള്ള സ്ത്രീകളോട് വിവേചനം കാണിച്ചിരുന്ന രീതി നേപ്പാൾ നീക്കംചെയ്തെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ് വാദത്തിൽ പറഞ്ഞു. ഒരു ആചാരം പിന്തിരിപ്പനാണോയെന്നത് ജുഡീഷ്യൽ കാഴ്ചപ്പാടിൽ കോടതികൾ തീരുമാനിക്കുന്നത് ശരിയല്ലെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വി വാദിച്ചു. വ്യാഴാഴ്ചയും വാദം തുടരും. അമിക്കസ് ക്യൂറിയുടെ ഭാഗം കേൾക്കും. തുടർന്ന് വിധിപറയാൻ മാറ്റാനാണ് സാധ്യത. Content Highlights: Supreme Court declares temple visits are not mandatory for being a Hindu. The bench defines Hinduism as a way of life rather than just ritualistic practice. Constitutional democracy prevails over majoritarianism in religious matters. Court emphasizes that rights are equal for both majority and minority religions under the Constitution. Published: 14 May 2026, 07:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
