ടെഹ്‌റാൻ: അമേരിക്കയ്ക്കെതിരെ ഇറാൻ ആക്രമണം കടുപ്പിച്ചതോടെ പശ്ചിമേഷ്യയിൽ അഞ്ച് ആഴ്ചയായി തുടരുന്ന സംഘർഷം പുതിയ ഘട്ടത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് യുഎസ് യുദ്ധവിമാനങ്ങളും തിരച്ചിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഇറാൻ വെടിവെച്ചിട്ടു. To advertise here, അത്യാധുനികമായ അമേരിക്കൻ മിസൈലുകളെയും ഡ്രോണുകളെയും ഇത്ര വേഗത്തിൽ തകർക്കാൻ ഇറാന് സാധിച്ചത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'മജീദ്' (Majid) മിസൈലുകളടങ്ങുന്ന വ്യോമ പ്രതിരോധ സംവിധാനത്തിന്റെ കരുത്താണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2021-ൽ ഇറാൻ സേനയുടെ ഭാഗമായ ഈ സംവിധാനം താഴ്ന്ന ഉയരത്തിൽ പറക്കുന്ന വിമാനങ്ങളെ ലക്ഷ്യംവെച്ചുള്ളതാണ്. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതുമുതൽ എംക്യു-9 (MQ-9), ഹെറോൺ (Heron) തുടങ്ങിയ അത്യാധുനിക ഡ്രോണുകളെയും ഹൈ-വാല്യൂ യുഎവികളെയും (UAVs) തകർക്കാൻ ഇറാന്റെ ഈ പ്രതിരോധ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്. റഡാർ സിഗ്നലുകൾ പുറപ്പെടുവിക്കാത്ത 'പാസീവ് ഇൻഫ്രാറെഡ് ഡിറ്റക്ഷൻ' സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ വിമാനങ്ങളിലെയും ഡ്രോണുകളിലെയും വാണിങ് റിസീവറുകൾക്ക് ഈ മിസൈലുകളെ മുൻകൂട്ടി തിരിച്ചറിയാൻ പ്രയാസമാണ്. താഴ്ന്ന ഉയരത്തിൽ പറക്കുന്ന ലക്ഷ്യങ്ങളെ എളുപ്പത്തിൽ വെടിവെച്ചിടാൻ സാധിക്കുന്ന മജീദ് സിസ്റ്റത്തിന് എട്ട് കിലോമീറ്റർ ദൂരപരിധിയും ആറ് കിലോമീറ്റർ ഉയരപരിധിയുമാണുള്ളത്. അപ്രതീക്ഷിതമായ ആക്രമണങ്ങളിലൂടെ അമേരിക്കയെ ഞെട്ടിക്കുന്ന 'അസിമ്മട്രിക് വാർഫെയർ' രീതിയാണ് ഇറാൻ പിന്തുടരുന്നത്. റഡാർ ഉപയോഗിക്കുന്നതിന് പകരം വിമാനങ്ങളിൽനിന്നും ഡ്രോണുകളിൽനിന്നുമുള്ള ചൂട് തിരിച്ചറിഞ്ഞാണ് (infrared guidance) ഈ മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. ഇത് എഫ്-35 പോലുള്ള അത്യാധുനിക സ്റ്റെൽത്ത് വിമാനങ്ങൾക്കുപോലും വലിയ ഭീഷണിയാണ്. കൂടാതെ, ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇപ്പോൾ 'മിസൈൽ നഗരങ്ങളിലും' ടണലുകളിലും ഒളിപ്പിച്ചിരിക്കുകയാണ്. ഒരു സ്ഥലത്തുനിന്ന് മിസൈൽ തൊടുത്തുവിട്ട ശേഷം ഉടൻതന്നെ സ്ഥലം മാറുന്ന 'ഷൂട്ട് ആൻഡ് സ്കൂട്ട്' രീതിയിലുള്ള മൊബൈൽ ലോഞ്ചറുകളാണ് ഇറാൻ പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് അമേരിക്കൻ സേനയ്ക്ക് വലിയ വെല്ലുവിളിയാണ്. പശ്ചിമേഷ്യയിൽ അമേരിക്കയ്ക്ക് പൂർണ വ്യോമ ആധിപത്യമുണ്ടെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പുറകെയാണ് ഇറാൻ പ്രത്യാക്രമണങ്ങൾ കടുപ്പിച്ചിരിക്കുന്നത്. ഇറാൻ അതിർത്തിക്കുള്ളിൽ തകർക്കപ്പെട്ട എഫ്-15ഇ വിമാനത്തിലെ ഒരു പൈലറ്റിനായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പൈലറ്റിനെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നവർക്ക് പ്രാദേശിക ഭരണകൂടം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ യുദ്ധം പുതിയൊരു ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പരസ്യമായി പ്രസ്താവിച്ചുകഴിഞ്ഞു. 'മജീദ്' മിസൈലുകൾക്കുപുറമെ റഷ്യൻ നിർമിത 'വെർബ' മിസൈലുകളും ചൈനീസ് 'എച്ച്ക്യു-9ബി' സംവിധാനങ്ങളും ഇറാൻ ഉപയോഗിക്കുന്നുണ്ടെന്നും മേഖലയിൽ കൂടുതൽ സൈനിക നീക്കങ്ങൾ ഉണ്ടായേക്കാമെന്നും പ്രതിരോധ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. Content Highlights: Majid system uses passive infrared detection to evade radar warning receivers., Effective against stealth aircraft like F-35 and advanced drones., Utilizes shoot-and-scoot tactics from underground missile cities., Shift in regional power dynamics challenging US aerial dominance in 2026. Published: 04 Apr 2026, 03:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

24 മണിക്കൂറിൽ ഇറാൻ വീഴ്ത്തിയത് 2 യുഎസ് ജെറ്റുകൾ; അമേരിക്കയ്ക്ക് വെല്ലുവിളിയുയർത്തി 'മജീദ്' മിസൈലുകൾ
M
MathrubhumiSource Link
about 1 month ago