ഒ രു സിനിമയിൽനിന്ന് സാധാരണപ്രേക്ഷകൻ എന്തൊക്കെ പ്രതീക്ഷിക്കും? പുതുമയുള്ള കഥ, പിടിച്ചിരുത്തുന്ന ആഖ്യാനം, ആഴമുള്ള ഇമോഷനുകൾ, അടി, പാട്ട്, കോമഡി. അത്തരത്തിൽ ഓരോ നിമിഷവും ആനന്ദിപ്പിക്കുന്ന, കഥയിൽ പിടിച്ചുനിർത്തുന്ന, സമ്പൂർണ്ണ തിയേറ്റർ അനുഭവമാണ് ബേസിൽ ജോസഫും ടൊവിനോ തോമസും പ്രധാന വേഷങ്ങളിലെത്തിയ അരുൺ അനിരുദ്ധൻ ചിത്രം അതിരടി. To advertise here, സിനിമ തുടങ്ങുന്നിടം മുതൽ തന്നെ പ്രേക്ഷനെ ഒപ്പം കൂട്ടുന്ന ചിത്രമാണ് അതിരടി. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ചിത്രം ആദ്യംതന്നെ വൈകാരികമായൊരു കൊളുത്ത് പ്രേക്ഷകന്റെ ഉള്ളിലേക്കിടുന്നുണ്ട്. അവിടെനിന്ന് തുടങ്ങി അന്ത്യംവരെ കയറ്റിറക്കങ്ങളിലൂടെ ചിത്രത്തിനൊപ്പം പ്രേക്ഷകർ സഞ്ചരിക്കുന്നു. മാസിന്റെ, കോമഡിയുടെ ഹൈ- മൊമന്റുകളിൽ പ്രേക്ഷകൻ തിയേറ്ററിൽ ആർപ്പുവിളിക്കുന്നു. വൈകാരികമായ രംഗങ്ങളിൽ തിയേറ്ററിനുള്ളിൽ നിശബ്ദതപടരുന്നു. ബേസിലിന്റെ പ്രഥമ നിർമാണസംരംഭമാണിത്. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോ. അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബേസിൽ സംവിധാനംചെയ്ത മിന്നൽ മുരളി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ സംവിധാന അരങ്ങേറ്റ ചിത്രമാണ് അതിരടി. കാതൽ- ദ കോർ, നെയ്മർ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് പോൾസൺ സ്കറിയയും സംവിധായകനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ബേസിൽ ജോസഫും ടൊവിനോ തോമസും ചിത്രത്തിലെത്തുന്നത്. സാം കുട്ടി അഥവാ സാം ബോയ് എന്ന കഥാപാത്രമായാണ് ബേസിൽ ജോസഫ് ചിത്രത്തിലെത്തുന്നത്. തോട്ട കുട്ടൻ എന്ന റിട്ടയേഡ് ഗുണ്ടയുടെ വേഷത്തിലാണ് ടൊവിനോ. വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ, റിയ ഷിബു, ദർശന രാജേന്ദ്രൻ, സരിൻ ഷിഹാബ്, വിഷ്ണു അഗസ്ത്യ തുടങ്ങി ഒരുകൂട്ടം താരങ്ങൾ ചിത്രത്തിലുണ്ട്. അടുത്തകാലത്ത് കൊച്ചിയിലെ പ്രശസ്തമായ ഒരു കാംപസിൽ നടന്ന സംഭവത്തെ ഓർമിപ്പിക്കുന്നതാണ് സിനിമയുടെ തുടക്കം. ചിത്രത്തെ മുന്നോട്ട് നയിക്കുന്നതും ഇതേ സംഭവം തന്നെയാണ്. ഒരു സ്വകാര്യ എൻജിനിയറിങ് കോളേജിലെ വിദ്യാർഥിയാണ് സാംകുട്ടി. തന്റെ സഹോദരൻ പഠിച്ച അതേ കോളേജിൽ സാംകുട്ടിയും പഠിക്കാനെത്തുന്നത് ചില ലക്ഷ്യങ്ങളോടെയാണ്. കോളേജിന്റെ അഭിമാനമായിരുന്ന ഫെസ്റ്റിവൽ പ്രത്യേക സാഹചര്യത്തിൽ എന്നേക്കുമായി ഒഴിവാക്കുകയും അത് തിരികെ കൊണ്ടുവരാൻ സാംകുട്ടി ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. അതിനിടെയുണ്ടാവുന്ന സംഘർഷങ്ങളാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. രണ്ടരമണിക്കൂറിലേറെ ദൈർഘ്യമുള്ള അതിരടി അടിമുടി എന്റർടെയ്നറാണ്. തിയേറ്ററിൽ തന്നെ കണ്ടിരിക്കേണ്ട ചിത്രം. നിറഞ്ഞ സദസ്സിലാണെങ്കിൽ, ആ അന്തരീക്ഷം ചിത്രത്തിന്റെ ആസ്വാദനത്തെ ഒരുപടികൂടെ മുകളിലേക്ക് കൊണ്ടുപോവും. അഭിനേതാക്കൾക്കൊപ്പം അണിയറപ്രവർത്തകർ കൂടെ ഒരേ വേവ്ലെങ്ത്തിൽ സഞ്ചരിച്ചതിന്റെ പൂർണ്ണത ചിത്രത്തിലുടനീളം കാണാം. ഒട്ടേറെ സാമൂഹികമാധ്യമ താരങ്ങളും ചിത്രത്തിൽ നിർണായക വേഷങ്ങൾ കൈകാര്യംചെയ്യുന്നുണ്ട്. അടുത്തകാലത്ത് സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞോടിയ പല ട്രെൻഡിങ് മീമുകളും ചിത്രത്തിൽ വരുന്നുണ്ട്. ശ്രദ്ധേയമായ ചില സിനിമകളുടെ റഫറൻസുകളും ചിത്രത്തിലുണ്ട്. ആ അർഥത്തിൽ റഫറൻസുകളുടെ അയ്യരുകളിയാണ് അതിരടിയിലുള്ളത്. അവയെല്ലാം തന്നെ തിയേറ്ററിൽ വർക്ക് ഔട്ടാവുന്നുമുണ്ട്. ബേസിലും ടൊവിനോയുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. രണ്ടാംപകുതിയിൽ വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും ചിലയിടങ്ങളിൽ സിനിമായാകെ ഏറ്റെടുക്കുന്നു. കുഞ്ഞുവേഷങ്ങളിൽ എത്തിയവർപ്പോലും പ്രകടനംകൊണ്ട് സിനിമ കൈയടക്കുന്നുണ്ട്. വിഷ്ണു അഗസ്ത്യയുടേതാണ് പ്രത്യേകപരാമർശം അർഹിക്കുന്ന ഒരു പ്രകടനം. സരിൻ ഷിഹാബ്, ശാന്തിവിള ദിനേശ്, പി. സുകുമാർ, ജിയോ ബേബി, ദർശന രാജേന്ദ്രൻ തുടങ്ങി എല്ലാവരും തന്നെ കൈയടി അർഹിക്കുന്നുണ്ട്. ചിത്രത്തിലെ ഒരു കാമിയോയ്ക്ക് തിയേറ്ററിൽ ലഭിച്ച ഓളം ചെറുതല്ല. പേരുകൊണ്ടുമാത്രം കൈയടി നിറച്ച മറ്റൊരു 'കാമിയോ'യും ചിത്രത്തിലുണ്ട്. കൈയറ്റിക്കങ്ങളുള്ള തിരക്കഥയാണ് ചിത്രത്തിന്റെ ശക്തി. ചിലയിടങ്ങളിലെ കോമഡി തിയേറ്ററിൽ നിറയ്ക്കുന്ന ആരവം സമാനതകളില്ലാത്തതാണ്. അതിവേഗം സഞ്ചരിക്കുന്ന ചിത്രത്തിന് ചമൻ ചാക്കോയുടെ എഡിറ്റിങ്ങും മുതൽകൂട്ടാണ്. വിഷ്ണു വിജയ്യുടെ പശ്ചാത്തലസംഗീതം സാമൂഹികമാധ്യമ ഭാഷയിൽ പറഞ്ഞാൽ, 'ഒരു രക്ഷയുമില്ല'. ടൊവിനോയുടെ കഥാപാത്രത്തിന് വേണ്ടി 'പടച്ചുവിട്ട' ബിജിഎമ്മിന് നൽകണം, പത്തിൽ പത്ത്. സാമുവൽ ഹെന്റിയുടെ ഫ്രെയിമുകൾ കളർഫുളും ചിത്രത്തിന്റെ മൂഡിന് അനുസരിച്ചുള്ളതുമായിരുന്നു. കംപ്ലീറ്റ് എന്റർടെയ്നറാണ് അതിരടി. തല്ലും കോമഡിയും ആഘോഷവുമായി ഒരു സമ്പൂർണ്ണ പാക്കേജ്. തിയേറ്ററിൽ തന്നെ അനുഭവിച്ചറിയേണ്ട വിസ്മയം. ഒന്നല്ല, ഒന്നിലേറെ തവണ തിയേറ്ററിൽ കണ്ടാൽ ഒരിക്കലും നഷ്ടമാവുകയില്ല. Content Highlights: A high-octane complete entertainer directed by debutant Arun Anirudhan. Features powerful performances by Tovino Thomas and Basil Joseph. Technically sound with exceptional background score by Vishnu Vijay. A perfect theatrical experience blending comedy, action, and emotion. Includes trending social media references and impactful cameo appearances Published: 13 May 2026, 11:31 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
