ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ സഹോദരങ്ങളായ രണ്ടുപേരും മഹാരാഷ്ട്രയിൽ ഒരുസ്ത്രീയും അറസ്റ്റിലായി. രാജസ്ഥാനിൽ ജാംവ രാംഘട്ട് സ്വദേശികളും സഹോദരങ്ങളുമായ മങ്കിലാൽ, ദിനേശ് ഭിവാൽ എന്നിവരാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ പുണെയിൽനിന്നാണ് ഒരുസ്ത്രീയെ പോലീസ് അറസ്റ്റ്ചെയ്തത്. ഇവരുടെ പേരുവിവരങ്ങളോ കേസിലെ പങ്ക് എന്താണെന്നവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. സ്ത്രീയെ സിബിഐക്ക് കൈമാറിയതായി പോലീസ് അറിയിച്ചു. To advertise here, രാജസ്ഥാനിൽ അറസ്റ്റിലായ സഹോദരങ്ങൾ ഗുരുഗ്രാമിലെ ഒരു ഡോക്ടറിൽനിന്നാണ് ചോദ്യപേപ്പർ വാങ്ങിയതെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട്. പരീക്ഷയ്ക്ക് ഒരാഴ്ചയ്ക്ക് മുൻപ് 30 ലക്ഷം രൂപ നൽകിയാണ് ഇവർ ചോദ്യപേപ്പർ സ്വന്തമാക്കിയത്. തുടർന്ന് സിക്കാറിൽ നീറ്റ് പരീക്ഷാപരിശീലനം നടത്തുന്ന പ്രതികളിലൊരാളുടെ മകന് ഈ ചോദ്യപേപ്പർ കൈമാറി. ഇതിനുപുറമേ നിരവധിപേർക്ക് പണം ഈടാക്കി ചോദ്യപേപ്പർ വിറ്റതായും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. അറസ്റ്റിലായ ദിനേശിന് ഒരു രാഷ്ട്രീയപാർട്ടിയുമായി അടുത്തബന്ധമുണ്ടെന്നാണ് വിവരം. മാത്രമല്ല, കഴിഞ്ഞവർഷം ഇവരുടെ കുടുംബത്തിലെ നാലുകുട്ടികൾ നീറ്റ് പരീക്ഷ പാസായെന്നും റിപ്പോർട്ടുകളിലുണ്ട്. സിക്കാാറിലെ എംബിബിഎസ് കൗൺസിലിങ് ഏജന്റായ രാകേഷ് കുമാറാണ് ചോദ്യപേപ്പർ വൻതോതിൽ വിൽപ്പന നടത്തിയതെന്നാണ് വിവരം. ഇയാളാണ് കേരളത്തിൽ എംബിബിഎസിന് പഠിക്കുന്ന രാജസ്ഥാൻ സ്വദേശിക്കും 30,000 രൂപയ്ക്ക് ചോദ്യപേപ്പർ വിറ്റത്. തുടർന്ന് വിദ്യാർഥി രാജസ്ഥാനിലുള്ള പി.ജി. ഹോസ്റ്റൽ ഉടമ കൂടിയായ പിതാവിന് ചോദ്യപേപ്പർ കൈമാറുകയായിരുന്നു. ഗുരുഗ്രാമിലെ ഒരു ഡോക്ടറാണ് ചോദ്യപേപ്പർ ചോർച്ചയിലെ മുഖ്യകണ്ണിയെന്നാണ് ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോർട്ട്ചെയ്യുന്നത്. അതേസമയം, ഇത്തരത്തിൽ ഒരു ഡോക്ടറെക്കുറിച്ച് പോലീസോ മറ്റു അന്വേഷണ ഏജൻസികളോ ഇതുവരെ വിവരങ്ങൾ ആരാഞ്ഞിട്ടില്ലെന്നായിരുന്നു ഗുരുഗ്രാമിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പ്രതികരണം. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ രാകേഷ് കുമാറിനെ കഴിഞ്ഞദിവസം ദെഹ്റാദൂണിൽനിന്നാണ് അറസ്റ്റ്ചെയ്തത്. പിഡിഎഫ് ഫോർമാറ്റിലും അച്ചടിച്ച രൂപത്തിലുമായി ഏകദേശം 700-ഓളം പേർക്ക് ഇയാൾ ചോദ്യപേപ്പർ വിറ്റതായാണ് സൂചന. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നിലവിൽ സിബിഐയാണ് അന്വേഷണം നടത്തുന്നത്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, മോഷണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സംഭവത്തിൽ സിബിഐ കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വിവിധ സിബിഐ സംഘങ്ങളെ രാജ്യത്തിന്റെ പലഭാഗങ്ങളിലേക്കായി അയച്ചിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയിൽ നേരത്തേ അന്വേഷണം നടത്തിയ രാജസ്ഥാൻ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽനിന്നും സിബിഐ വിവിധ തെളിവുകൾ ശേഖരിച്ചുവരികയാണ്. അതേസമയം, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ നാസിക്കിൽ കഴിഞ്ഞദിവസം അറസ്റ്റിലായ ശുഭം ഖൈർനാർ എന്ന 30-കാരൻ ബിഎഎംഎസ് വിദ്യാർഥിയാണെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നാസിക്കിലെ പ്രിന്റിങ് പ്രസ്സിൽനിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്നാണ് പ്രാഥമികവിവരങ്ങളെങ്കിലും അറസ്റ്റിലായ ശുഭം പുണെ സ്വദേശിയിൽനിന്നാണ് പ്രസ്തുത ചോദ്യപേപ്പർ വാങ്ങിയതെന്നാണ് വിവരം. 10 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പർ വാങ്ങിയ ഇയാൾ ഹരിയാണയിലെ ഒരാൾക്ക് 15 ലക്ഷം രൂപയ്ക്കാണ് ചോദ്യപേപ്പർ മറിച്ചുവിറ്റതെന്നും പിന്നീട് ഇതേ ചോദ്യപേപ്പർ മറ്റുപലർക്കുമിടയിൽ പ്രചരിച്ചെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞദിവസം ക്ഷേത്രദർശനത്തിനായുള്ള യാത്രയ്ക്കിടെയാണ് ശുഭം ഖൈർനാറെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്. അന്വേഷണ ഏജൻസികൾ തിരയുന്നതായി അറിഞ്ഞതോടെ രൂപമാറ്റം വരുത്തിയാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. എന്നാൽ, സൈബർ സെൽ സഹായത്തോടെയും പ്രതിയുടെ പഴയ ചിത്രങ്ങളും ഉപയോഗിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ഇയാളെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. അതേസമയം, മകന് ചോദ്യപേപ്പർ ചോർച്ചയുമായി യാതൊരു ബന്ധവുമില്ലെന്ന് ശുഭം ഖൈർനാറിന്റെ പിതാവ് മധുകാർ ഖൈർനാർ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷ റദ്ദാക്കിയതിലും രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമാണുയരുന്നത്. എൻഎസ്യു, എസ്എഫ്ഐ തുടങ്ങിയ പ്രതിപക്ഷ വിദ്യാർഥി സംഘടനകളും യുവജനസംഘടനകളും കഴിഞ്ഞദിവസം തന്നെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ബുധനാഴ്ച എബിവിപിയും നാഷണൽ ടെസ്റ്റിങ് ഏജൻസിക്കെതിരേ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. Content Highlights: CBI arrests key suspects in Rajasthan and Maharashtra linked to the NEET paper leak., Investigation reveals a widespread network involving doctors, coaching agents, and students., Over 700 individuals suspected to have accessed leaked papers in PDF and printed formats., Protests erupt nationwide by student organizations demanding accountability from the NTA., CBI is currently gathering evidence from the Rajasthan Police Special Operations Group. Published: 13 May 2026, 07:04 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
