

ന്യൂഡൽഹി : സൂപ്പർ താരം മഹേന്ദ്ര സിങ് ധോണി കളിക്കാത്ത സീസണിലും പ്രേക്ഷകപിന്തുണയിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് ചെന്നൈ സൂപ്പർ കിങ്സ്. സീസണിലെ ആദ്യ 43 മത്സരങ്ങൾ പൂർത്തിയായ ശേഷമുള്ള കണക്ക് പ്രകാരം ചെന്നൈയുടെ മത്സരങ്ങളുടെ ആവറേജ് വ്യൂവർമാരുടെ എണ്ണം 308 മില്യണാണ്. തൊട്ട് പിന്നാലെ 303 മില്യണുമായി ആർസിബിയും 293 മില്യൺ കാഴ്ചക്കാരുമായി മുംബൈ ഇന്ത്യൻസും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. സൺറൈസേഴ്സ് ഹൈദരബാദ് (290 മില്യൺ), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (280 മില്യൺ) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുടീമുകൾ. ഐപിഎൽ സംപ്രേക്ഷകരായ സ്റ്റാർ സ്പോർട്സ് ഇന്ത്യയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ സീസണിലൊക്കെയും ചെന്നൈ മത്സരങ്ങളിൽ ആളെ കൂട്ടിയിരുന്നത് മഹേന്ദ്ര സിങ് ധോണിയെന്ന ഘടകമായിരുന്നു. എന്നാൽ തുടർച്ചയായ പരിക്കുകൾ മൂലം താരം സീസണിൽ ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. ഒരു മോശം തുടക്കത്തിന് ശേഷം തിരിച്ചുവരവിന്റെ പാതയിൽ തിരിച്ചെത്തിയ ചെന്നൈയുടെ വ്യൂവർഷിപ്പ് നിലവിൽ പിടിച്ച് നിർത്തുന്നത് സഞ്ജു സാംസൺ എന്ന താരത്തിന്റെ സാന്നിധ്യമാണ്. സീസണിന് തൊട്ട് മുമ്പ് രവീന്ദ്ര ജഡേജ, സാം കറൻ എന്നിവർക്ക് പകരം ട്രേഡിലൂടെ ചെന്നൈ ടീമിലെത്തിയ സഞ്ജുവാണ് നിലവിൽ ചെന്നൈ നിരയിലെ ടോപ് സ്കോറർ.
10 ഇന്നിങ്സിൽ രണ്ട് സെഞ്ച്വറിയുൾപ്പടെ 402 റൺസാണ് സഞ്ജുവിന്റെ സീസണിലെ ആകെ സമ്പാദ്യം. 167.50 എന്ന മികച്ച പ്രഹരശേഷിയിലാണ് സഞ്ജു സീസണിൽ ബാറ്റേന്തുന്നത്.